രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനികന്റെ വീട്ടിലെത്തി രാഷ്ട്രീയ പ്രചരണം നടത്താന്‍ ശ്രമിച്ച ബിജെപിക്ക് തിരിച്ചടി. നഷ്ടപരിഹാരം നല്‍കുന്നതിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍, ‘ഞങ്ങളെ പ്രദര്‍ശനവസ്തുക്കളാക്കരുത്’ എന്ന ക്യാപ്റ്റന്‍ ശുഭം ഗുപ്തയുടെ അമ്മയുടെ വിലാപം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയുടെ ദുഷ്ടലാക്കിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ രജൗരിയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ക്യാപ്റ്റന്‍ ഗുപ്തയുള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്. ശനിയാഴ്ചയാണ് യുപി ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായയും പരിവാരങ്ങളും സൈനികന്റെ വസതിയിലെത്തിയത്. സൈനികന്റെ മൃതദേഹം വസതിയിലെത്തിക്കുന്നതിനു മുമ്പായിരുന്നു ബിജെപി മന്ത്രിയുടെ സന്ദര്‍ശനം. 50 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ കൈമാറി ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
‘ഞങ്ങളെ ഇങ്ങനെ പ്രദര്‍ശന വസ്തുക്കളാക്കരുത്. എന്റെ മകനെ തിരിച്ചുതരൂ, മറ്റൊന്നും എനിക്ക് വേണ്ട’ എന്നായിരുന്നു അമ്മയുടെ വിലാപം. അതിനിടയിലും മന്ത്രി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ സ്വാഭാവിക ദുഃഖം മാത്രമാണിതെന്നും അതിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മന്ത്രി യോഗേന്ദ്ര ഉപാധ്യായി ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പ്രതികരിച്ചു. ശുഭം പാര്‍ട്ടിയുടെ മകനാണെന്നും ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നതെന്നും മന്ത്രി പറയുന്നുണ്ട്.
English Summary: UP minister clarifies cheque pic with soldier’s grieving mother
You may also like this video

