Site iconSite icon Janayugom Online

ജില്ലയിലെ പൊലീസ് സ്‌റ്റേഷനുകളുടെ നവീകരണം; ചെലവഴിച്ചത് 16.38 കോടി

ജില്ലയിൽ പോലീസ് സ്റ്റേഷനുകൾക്കു പുതിയ കെട്ടിടം നിർമിക്കുന്നതടക്കമുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾക്കു കഴിഞ്ഞ ഒൻപതു വർഷം കൊണ്ടു സംസ്ഥാന സർക്കാർ ചെലവഴിച്ചത് 16.38 കോടി രൂപ. കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷന് പുതിയ കെട്ടിടത്തിന് 1.41 കോടി രൂപയാണ് ചെലവിട്ടത്. തൃക്കൊടിത്താനം പോലീസ് സ്‌റ്റേഷനും 1.08 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിച്ചു.
4.84 കോടി രൂപ മുടക്കി ചങ്ങനാശേരി പോലീസ് സ്‌റ്റേഷന്റെയും 2.10 കോടി രൂപ മുടക്കി മുണ്ടക്കയം പോലീസ് സ്‌റ്റേഷന്റെയും പുതിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. 3.50 കോടി രൂപ മുടക്കിയാണ് കോട്ടയം മുട്ടമ്പലത്ത് പോലീസുദ്യോഗസ്ഥർക്കായുള്ള ക്വാർട്ടേഴ്‌സുകളുടെ നിർമാണം നടക്കുന്നത്.

രാമപുരം പോലീസ് സ്‌റ്റേഷന് 89.44 ലക്ഷം രൂപ ചെലവിലും ചങ്ങനാശേരി ഡിവൈഎസ്.പി. ഓഫീസിന് 63.60 ലക്ഷം രൂപ ചെലവിലും പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനു 44 ലക്ഷം രൂപ ചെലവിലും ഈ കാലയളവിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ചു. വൈക്കം സ്‌റ്റേഷനിൽ 37.5 ലക്ഷം രൂപ ചെലവിട്ടാണ് വിശ്രമമുറി സജ്ജമാക്കിയത്. മരങ്ങാട്ടുപിള്ളി സ്‌റ്റേഷൻ, പാലാ ഡിവൈഎസ്പി ഓഫീസ്, തിടനാട് സ്‌റ്റേഷൻ എന്നിവിടങ്ങളിലും സന്ദർശക മുറികൾ നിർമിച്ചു. പൊൻകുന്നം, പാലാ, കിടങ്ങൂർ, കോട്ടയം ഈസ്റ്റ് സ്‌റ്റേഷനുകളിൽ ശിശുസൗഹൃദ മുറികൾ നിർമിച്ചു. കുമരകം സ്‌റ്റേഷനിൽ 20 ലക്ഷം രൂപ ചെലവിട്ടു ടൂറിസം എക്‌സ്‌റ്റെഷൻ സെന്ററും മുണ്ടക്കയം പോലീസ് സ്‌റ്റേഷനിൽ ഒൻപതു ലക്ഷം രൂപ ചെലവിട്ടു ഹൈടെക്ക് കൺട്രോൾ റൂമും നിർമിച്ചു.

Exit mobile version