ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾക്കായി ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് യുപിഐയെന്ന് പുതിയ സര്‍വേ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 57% പേരും യുപിഐ തിരഞ്ഞെടുക്കുമ്പോൾ നേരിട്ട് പണം നൽകുന്നവരുടെ എണ്ണം 38 ശതമാനമായി കുറഞ്ഞു.
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഒരു സ്വതന്ത്ര ഏജൻസിയാണ് ഈ പഠനം നടത്തിയത്. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പേയ്‌മെന്റ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് വിലയിരുത്തുകയായിരുന്നു പഠനത്തിൻ്റെ ലക്ഷ്യം.
2021–22 സാമ്പത്തിക വർഷം തുടങ്ങിയ ഈ ഇൻസെൻ്റീവ് സ്കീം 2024–25 വരെ തുടരും. ഡിജിറ്റൽ പണമിടപാടുകൾ എല്ലാവർക്കും താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാക്കുന്നതും ലക്ഷ്യമിട്ടാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കിയത്. പണത്തെ ആശ്രയിക്കുന്നത് കുറച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനും ഇത് സഹായിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

