Site iconSite icon Janayugom Online

3000 രൂപക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കും; കേന്ദ്ര സർക്കാർ

3000 രൂപയ്ക്ക് മുകളിലുള്ള യു പി ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ഓൺലൈൻ ഇടപാടുകൾ വലിയ തോതിൽ വർധിച്ച സാഹചര്യത്തിൽ ബാങ്കുകൾക്കും സേവന ദാതാക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രവർത്തനച്ചെലവ് കണ്ടെത്തുന്നതിനും വേണ്ടിയാണ് എം ഡി ആർ നിരക്ക് എന്ന പേരിൽ ഈ ചാർജ് ഏർപ്പെടുത്തുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ്റെ റിപ്പോർട്ട് പ്രകാരം, 2025 മെയ് മാസത്തിൽ യു പി ഐ ഇടപാടുകളുടെ എണ്ണം 25.24 ലക്ഷം കോടിയിലെത്തി. ഇത് ബാങ്കുകൾക്ക് വലിയ സാമ്പത്തിക സമ്മർദം സൃഷ്ടിച്ചതായാണ് വിലയിരുത്തൽ. 2020‑ലെ സീറോ എം ഡി ആർ നയത്തിന് പകരമായാണ് പുതിയ തീരുമാനം. 3000 രൂപയ്ക്ക് താഴെയുള്ള യു പി ഐ പേമെന്റുകൾക്ക് ചാർജ് ഈടാക്കില്ല.

നിലവിൽ ഡിജിറ്റൽ ഇടപാടുകളിൽ 80 ശതമാനവും യു പി ഐ വഴിയാണ് നടക്കുന്നത്. ഇവയിൽ 90 ശതമാനവും പ്രതിവർഷം 20 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള ചെറുകിട വ്യാപാരികളാണ് നടത്തുന്നത്. ഇവർക്ക് പുതിയ തീരുമാനം സാമ്പത്തിക ഭാരം ഉണ്ടാക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. 0.3 ശതമാനം എം ഡി ആർ നിരക്കാണ് വലിയ യു പി ഐ ഇടപാടുകൾക്ക് പേമെന്റ് കൗൺസിൽ ആവശ്യപ്പെടുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങൾ തുടങ്ങിയവരുമായി ചർച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഈ നിരക്ക് നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.

Exit mobile version