Site iconSite icon Janayugom Online

യുപിഎസ്‌സി ക്രമക്കേട് സ്ഥിരമാകുന്നു; ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍

ചോദ്യപേപ്പര്‍ ചോര്‍ച്ച, വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതിരിക്കുക, പരീക്ഷാ സമ്പ്രദായത്തില്‍ അവ്യക്തത തുടങ്ങിയ വീഴ്ചകള്‍ സ്ഥിരമാക്കിയ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷനെതിരെ (യുപിഎസ്‌സി) ഉദ്യോഗാര്‍ത്ഥികള്‍. ജൂണ്‍ പതിനൊന്നിന് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഉദ്യോഗാര്‍ത്ഥികള്‍ യുപിഎസ്‌സി കെടുകാര്യസ്ഥതയെ പരസ്യമായി ചോദ്യം ചെയ്ത് മുന്നോട്ടുവന്നത്. മത്സര പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് പുസ്തകം, മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളുടെ മാതൃക എന്നിവയുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ വലച്ചിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ ക്രമക്കേടുകളും വിവരാവകാശത്തിന് മറുപടി നിഷേധിക്കലും യുപിഎസ്‌സിയെ പിടികൂടിയിരിക്കുന്ന ബാധകളാണെന്ന് ഉദ്യോഗാര്‍ത്ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടു. 2025ലെ പ്രിലിമിനറി പരീക്ഷാഫലത്തിന് തൊട്ടുപിന്നാലെ പുറത്തുവന്ന ‘ട്രിപ്പിൾ വിവാദം’ ഉദ്യോഗാർത്ഥികളുടെ വിശ്വാസത്തെ തകിടംമറിക്കുന്നുവെന്ന് ഉദ്യോഗാര്‍ത്ഥിയായ ശിവം സിങ് പറഞ്ഞു. ഒരേ പരീക്ഷാ ഹാളില്‍ മൂന്ന് റോൾ നമ്പറുകൾ ഉദ്യാേഗാര്‍ത്ഥികള്‍ക്ക് ലഭിച്ച പരീക്ഷാ ക്രമക്കേടാണെന്ന സംശയം വര്‍ധിപ്പിക്കുന്നതായും സിങ് പറഞ്ഞു.

2024 ജൂണ്‍ 16ന് രാജ്യവ്യാപകമായി 1,1095 ഓഴിവുകളിലേക്ക് 79 കേന്ദ്രങ്ങളില്‍ നടന്ന പ്രിലിമിനറി പരീക്ഷയില്‍ ഏകദേശം 13.4 ലക്ഷം പേര്‍ പങ്കെടുത്തു. 2023ല്‍ 13.3 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 0.2 ശതമാനം പേര്‍ മാത്രമാണ് പരീക്ഷയെഴുതിയത്. ഇതില്‍ അവ്യക്തതയുണ്ടെന്നും ശിവം സിങ് പറഞ്ഞു. 2025 മേയ് 24ന് നടന്ന പ്രാഥമിക പരീക്ഷയ്ക്ക് മുമ്പ് ഗുജറത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത് വന്‍ വിവാദമായിരുന്നു. രാജ്കോട്ടില്‍ ചോര്‍ന്ന ചോദ്യപേപ്പര്‍ 30,000 രൂപയ്ക്ക് ലഭ്യമാകുമെന്ന റിപ്പോര്‍ട്ടും യുപിഎസ്‌സിയുടെ മുഖം വികൃതമാക്കി. 25ന് നടന്ന പരീക്ഷയില്‍ യോഗ്യത നേടിയത് ഗുജറാത്തില്‍ നിന്നുള്ള ഉദ്യാഗാര്‍ത്ഥികളാണെന്ന വസ്തുതയും സംശയം ജനിപ്പിക്കുന്നതായിരുന്നു. 300 പേരാണ് സംസ്ഥാനത്ത് നിന്ന് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്. 

ഉത്തര സൂചികളിലെ തെറ്റ് ആവര്‍ത്തിക്കുന്നതും പതിവാകുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഉത്തരസൂചിക പുറത്തുവരാനുള്ള കാലതാമസം മറ്റൊരു പോരായ്മയാണെന്ന് കര്‍ണാടകയില്‍ നിന്നുള്ള അഭിഷേക് സുന്ദര്‍ ചൂണ്ടിക്കാട്ടി. തിരുത്തല്‍ നടപടി വൈകുന്നത് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും സുന്ദര്‍ പറഞ്ഞു. പരീക്ഷാ തട്ടിപ്പ്, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവ സംബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കുന്നതില്‍ യുപിഎസ്‌സി വീഴ്ച വരുത്തുന്നതായി ആരോപണമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രവര്‍ത്തനം കുത്തഴിഞ്ഞതായി ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. കേന്ദ്ര സര്‍വീസിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ഏജന്‍സി പ്രവര്‍ത്തനത്തെ രക്ഷിതാക്കളും സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. 

Exit mobile version