Site iconSite icon Janayugom Online

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു

നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.

നഗര പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ജനകീയ ആരോഗ്യ കേന്ദ്രം മാതൃകയില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ട് നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങള്‍ക്കു കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത്.

നിലവില്‍ പ്രവര്‍ത്തിക്കുന്ന നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ കീഴില്‍ മൂന്നു വീതവും മറ്റ് പ്രദേശങ്ങളില്‍ രണ്ട് എന്ന ക്രമത്തിലും സംസ്ഥാനത്തെ 93 നഗരങ്ങളിലാണ് ഇവ സ്ഥാപിച്ച് വരുന്നത്. ഇതുവരെ 194 കേന്ദ്രങ്ങളാണ് പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ബാക്കിയുള്ള കേന്ദ്രങ്ങള്‍ കൂടി സമയബന്ധിതമായി പ്രവര്‍ത്തനസജ്ജമാക്കും. ഈ സര്‍ക്കാര്‍ സ്ഥാപിച്ച 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമേ 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രാഥമികാരോഗ്യ പരിചരണ രംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ഫാര്‍മസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാര്‍ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ ആറു ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ സേവനങ്ങള്‍ ലഭ്യമാകും.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ മുഴുവന്‍ ജീവനക്കാരും അതത് പ്രദേശത്തെ ആരോഗ്യ അനുബന്ധ വിഷയങ്ങളില്‍ ഇടപെടുകയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഒരു ടീം ആയി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ആരോഗ്യ വകുപ്പില്‍ നിന്നും ബന്ധപ്പെട്ട നഗരസഭയുടെ അധികാരികളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ഇവയുടെ പ്രവര്‍ത്തനം. പകര്‍ച്ചവ്യാധി, പ്രകൃതി ദുരന്തം പോലുള്ള അടിയന്തര ആരോഗ്യ സാഹചര്യങ്ങളിലും ഈ കേന്ദ്രങ്ങളുടെ സേവനം ഉറപ്പാക്കും.

Eng­lish Summary:Urban Pub­lic Health Centres
You may also like this video

 

Exit mobile version