Site iconSite icon Janayugom Online

റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം; ഇന്ത്യക്കെതിരെ വിമര്‍ശനവുമായി യുഎസും ഓസ്ട്രേലിയയും

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ എതിര്‍പ്പ് അറിയിച്ച് യുഎസും ഓസ്‍ട്രേലിയയും. റഷ്യയില്‍ നിന്ന് അധികമായി ഇന്ധനം വാങ്ങരുതെന്ന് യുഎസ് ഇന്ത്യക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അത്തരം നടപടികള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീഷണിയും യുഎ­സ്­ ഉയര്‍ത്തി. രണ്ടാം ലോക മഹായുദ്ധാനന്തര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനം നിലനിർത്താൻ ജനാധിപത്യ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് ഓസ്‌ട്രേലിയന്‍ വ്യാപാര മന്ത്രി ഡാൻ ടെഹാൻ പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധമേർപ്പെടുത്താനാണ് യുഎസ് നീക്കമെന്നും റിപ്പോര്‍ട്ടകളുണ്ട്.

അതേസമയം, യുറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനായി റൂബിള്‍ അക്കൗണ്ടുകള്‍ ആരംഭിക്കണമെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നിര്‍ദേശിച്ചു. റഷ്യന്‍ ബാങ്കുകളില്‍ റൂബിള്‍ അക്കൗണ്ടുകള്‍ തുറക്കണമെന്നും ഏപ്രില്‍ മുതല്‍ ഇന്ധനം വാങ്ങുന്നതിനായുള്ള പണമിടപാടുകള്‍ ഈ അക്കൗണ്ടുകള്‍ വഴി നടത്തണമെന്നും പുടിന്‍ പറഞ്ഞു. ഇതുസംബന്ധിച്ച വ്യക്തവും സുതാര്യവുമായ പ്രക്രിയയുടെ രൂപരേഖ ഉള്‍പ്പെടുന്ന ഉത്തരവിൽ ഒപ്പിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു.

ആരും റഷ്യക്ക് സൗജന്യമായി ഒന്നും വിൽക്കുന്നില്ല. പണമടച്ചില്ലെങ്കിൽ നിലവിലുള്ള കരാറുകൾ നിർത്തലാക്കുമെന്നു തന്നെയാണ് അര്‍ത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ഉത്തരവ് പ്രകാരം, എല്ലാ പണമിടപാടുകളും സ്റ്റേറ്റ് എനർജി ഏജന്‍സി ഗാസ്‌പ്രോമിന്റെ അനുബന്ധ സ്ഥാപനമായ ഗാസ്‌പ്രോം ബാങ്കാണ് കെെകാര്യം ചെയ്യുക.

Eng­lish sum­ma­ry; US and Aus­tralia crit­i­cize India

You may also like this video;

Exit mobile version