Site iconSite icon Janayugom Online

വെനസ്വേലയില്‍ യുഎസ് ആക്രമണം; ഭ്രാന്തന്‍ അധിനിവേശം

മാസങ്ങള്‍ നീണ്ട സെെനിക സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ വെനസ്വേലയിൽ യുഎസ് സൈന്യത്തിന്റെ കടന്നാക്രമണം. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തിയ രാത്രികാല സൈനിക നീക്കത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സേന തടവിലാക്കി. മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും നാടുകടത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ മഡുറോ എവിടെയാണെന്നോ അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ചോ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എലൈറ്റ് ആർമി യൂണിറ്റായ ഡെൽറ്റ ഫോഴ്‌സിലെ അംഗങ്ങൾ മഡുറോയെ പിടികൂടിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മഡുറോയേയും ഫ്ലോറസിനെയും പിടികൂടിയതായി വെനസ്വേലൻ വെെസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് സ്ഥിരീകരിച്ചു. ഇരുവരും എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടോയെന്ന് വെളിപ്പെടുത്തണമെന്നും റോഡ്രിഗസ് ആവശ്യപ്പെട്ടു. ഇരുവരെയും ന്യൂയോര്‍ക്കിലെത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മഡുറോയും ഭാര്യയും ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു.

ഇന്നലെ പുലർച്ചെ തലസ്ഥാനമായ കാരക്കാസിൽ ഏഴോളം ഉഗ്രസ്ഫോടനങ്ങളുണ്ടായി. അമേരിക്കൻ യുദ്ധവിമാനങ്ങൾ താഴ്ന്നുപറന്ന് നഗരത്തിലെ ലാ കാർലോട്ട, ഫ്യൂർട്ടെ ടിയുന സൈനിക കേന്ദ്രങ്ങൾക്കും ഔദ്യോഗിക കെട്ടിടങ്ങൾക്കും നേരെ മിസൈലുകൾ വർഷിച്ചു. മിറാൻഡ, ലാ ഗ്വൈറ, അരഗ്വ എന്നീ സംസ്ഥാനങ്ങളിലും ആക്രമണമുണ്ടായി, സൈനിക താവളങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിൽ നിന്നും കറുത്ത പുക ഉയരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. നാശ നഷ്ടങ്ങള്‍ ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആക്രമണത്തെത്തുടർന്ന് നഗരത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. ജനങ്ങൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. കാരക്കാസിന് കിഴക്കുള്ള മറ്റൊരു പ്രധാന വിമാനത്താവളമായ ഹിഗുറോട്ടും ആക്രമിക്കപ്പെട്ടു. ഹ്യൂഗോ ഷാവേസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന കാരക്കാസിലെ ക്വാർട്ടൽ ഡി ലാ മൊണ്ടാന ബാരക്കുകളിലും യുഎസ് വിമാനങ്ങളും ഹെലികോപ്ടറുകളും ബോംബ് വര്‍ഷിച്ചു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ വെനസ്വേലയുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് നേരെ അമേരിക്കൻ നാവികസേന കടലിൽ വെച്ച് ആക്രമണം നടത്തുന്നുണ്ടായിരുന്നു. ഇതിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. വെനസ്വേലയുടെ വിശാലമായ എണ്ണ നിക്ഷേപം കൈക്കലാക്കാനും തങ്ങൾക്ക് താല്പര്യമുള്ള ഭരണം കൊണ്ടുവരാനുമാണ് ട്രംപ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

അടിയന്തരാവസ്ഥ; സൈനിക പ്രതിരോധത്തിന് ഉത്തരവ്
അമേരിക്കൻ സൈന്യത്തിന്റെ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെനസ്വേലൻ പ്രതിരോധ മന്ത്രി വ്ലാഡിമിർ പാഡ്രിനോ ലോപസ് രാജ്യവ്യാപകമായി അടിയന്തര സൈനിക പ്രതിരോധത്തിന് ഉത്തരവിടുകയും ചെയ്തു. വിമോചനത്തിനായി തെരുവിലിറങ്ങാനും ജനങ്ങളോട് ആഹ്വാനം ചെയ്തു. കാരക്കാസിലെ ചില പ്രധാന ഇടങ്ങളിൽ സായുധരായ ജനകീയ സേനയും സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.
വിദേശ ശക്തികളുടെ ആക്രമണത്തെ ചെറുക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നഗരസഭകളിലും പ്രത്യേക പ്രതിരോധ സംവിധാനം ഏർപ്പെടുത്താൻ സൈനിക മേധാവികൾക്ക് ലോപസ് നിര്‍ദേശം നൽകി. വിദേശ സൈനികരുടെ സാന്നിധ്യത്തെ വെനസ്വേല ചെറുക്കും. എല്ലാ സായുധ സേനകളെയും വിന്യസിക്കാനുള്ള പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉത്തരവനുസരിച്ചാണ് രാജ്യം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയ്ക്കെതിരെ ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും ഭയാനകമായ ആക്രമണത്തെ നേരിടാന്‍ ഐക്യ പ്രതിരോധ മുന്നണി രൂപീകരിക്കുമെന്നും ലോപസ് വ്യക്തമാക്കി,

Exit mobile version