Site iconSite icon Janayugom Online

സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ യുഎസ്: ഷേഖ് ഹസീനയുടെ പ്രസംഗം പുറത്ത്

പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ധാക്കയിലെ വസതിയിൽ നിന്ന് പലായനം ചെയ്യുന്നതിനുമുമ്പ്, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ഷേഖ് ഹസീന തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങള്‍ പുറത്ത്. രാജ്യത്ത് നടന്ന സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ അമേരിക്കയാണെന്ന് ഹസീന കുറ്റപ്പെടുത്തി. രാജ്യം വിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ച​തോടെയാണ് അഭിസംബോധന ചെയ്യാനുള്ള പദ്ധതി മാറ്റിവയ്ക്കേണ്ടി വന്നത്. ഷേഖ് ഹസീനയുമായി അടുത്ത വൃത്തങ്ങളാണ് പ്രസംഗത്തിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങളുമായി പങ്കുവച്ചത്. ബംഗ്ലാദേശില്‍ ഭരണമാറ്റമുണ്ടാക്കാനായി യുഎസ് ആസൂത്രിതമായ നീക്കം നടത്തിയെന്നാണ് ഹ­സീനയുടെ ആരോപണം. 

മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാതിരിക്കാനാണ് രാജിവച്ചത്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് രാജ്യത്തിന്റെ അധികാര നിയന്ത്രണം കെെക്കലാക്കാന്‍ അവര്‍ ആഗ്രഹിച്ചു. വേണമെങ്കില്‍ അധികാരത്തില്‍ തുടരാമായിരുന്നു. സെന്റ് മാര്‍ട്ടിന്‍ ദ്വീപിന്റെ പരമാധികാരം അടിയറവയ്ക്കുകയും ബംഗാള്‍ ഉള്‍ക്കടലിനുമേല്‍ അധികാരം സ്ഥാപിക്കാന്‍ അമേരിക്കയെ അനുവദിക്കുകയും ചെയ്തിരുന്നെങ്കില്‍ എനിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയുമായിരുന്നു. തീവ്രവാദികളാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്ന് എന്റെ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. രാജ്യത്ത് തുടര്‍ന്നിരുന്നെങ്കില്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമായേനെ. ജനങ്ങള്‍ക്ക് തന്നെ വേണ്ടതായെന്നും അതിനാല്‍ പോകുന്നുവെന്നും പ്രസംഗത്തിലുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ റസാക്കര്‍ എന്ന് വിളിച്ചിട്ടില്ലെന്നും ഹസീന വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കാന്‍ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നും ഗൂഢാലോചനക്കാർ അവരെ മുതലെടുക്കുകയായിരുന്നുവെന്നും ഹ­സീന കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാദേശിന്റെ തെ­ക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സെന്റ് മാർട്ടിൻ ദ്വീപ് ലഭിക്കുന്നതോടെ, ബംഗാൾ ഉൾക്കടലില്‍ ആധിപത്യം സ്ഥാപിക്കാനായിരുന്നു അമേരിക്കയുടെ പദ്ധതി.
ബംഗ്ലാദേശിന്റെയും മ്യാൻമറിന്റെയും ഭാഗങ്ങൾ വിഭജിച്ച് കിഴക്കൻ തിമോറിന് സമാനമായി ക്രിസ്ത്യൻ രാഷ്ട്രം രൂപീകരിക്കാനുള്ള ഗൂഢാലോചന നടന്നതായി മേയ് മാസത്തിൽ ഹസീന ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് തങ്ങൾക്ക് അനുകൂലമാക്കാൻ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി(ബിഎൻപി) ദ്വീപ് യുഎസിന് വില്‍ക്കാൻ ശ്രമം നടത്തിയെന്നും ഹസീന പറഞ്ഞിരുന്നു. 

Eng­lish Sum­ma­ry: US behind ten­sions: Sheikh Hasi­na’s speech out

You may also like this video

Exit mobile version