Site iconSite icon Janayugom Online

ട്രംപ് താരിഫില്‍ യുഎസ് കോടതി നിയമവിരുദ്ധം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് യുഎസ് കോടതിയില്‍ തിരിച്ചടി. അടിയന്തര സാമ്പത്തിക അധികാര നിയമ (ഐഇഇപിഎ) പ്രകാരം യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധിച്ചു.
വ്യാപാര യുദ്ധത്തിന്റെ ഭാഗമായി ഏപ്രിലില്‍ ചുമത്തിയ പരസ്പര തീരുവകളും ഫെബ്രുവരിയില്‍ ചെെന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയ തീരുവയുമാണ് കോടതി പരിഗണിച്ചത്. സ്റ്റീല്‍, അലൂമിനിയം ഇറക്കുമതികള്‍ ഉള്‍പ്പെടെ പ്രത്യേക നിയമങ്ങള്‍ പ്രകാരം ട്രംപ് ഏര്‍പ്പെടുത്തിയ മറ്റ് താരിഫുകള്‍ക്ക് വിധി ബാധകമല്ല. ഭരണഘടന പ്രകാരം നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും യുഎസ് പ്രസിഡന്റിനല്ലെന്നും ചൂണ്ടിക്കാട്ടി അഞ്ച് വ്യവസായ സ്ഥാപനങ്ങളും 12 ഡെമോക്രാറ്റിക് സംസ്ഥാനങ്ങളും നല്‍കിയ കേസിലാണ് ഉത്തരവ്.
യുഎസ് ദേശീയ സുരക്ഷയ്ക്ക് വ്യാപാര അസന്തുലിതാവസ്ഥ ഹാനികരമാണെന്ന വാദം ഉയര്‍ത്തി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ താരിഫ് പ്രഖ്യാപനം. എന്നാല്‍ പ്രഖ്യാപിത ദേശീയ അടിയന്തരാവസ്ഥയ്ക്ക് മറുപടിയായി നിരവധി നടപടികള്‍ സ്വീകരിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെങ്കിലും താരിഫുകളോ തീരുവകളോ ചുമത്താനുള്ള അധികാരം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്നും വിധി വ്യക്തമാക്കി. യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി 7–4 എന്ന ഭൂരിപക്ഷത്തിനാണ് വിധി പാസാക്കിയത്. കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ ഭരണകൂടത്തിന് സമയം നല്‍കുന്നതിനാല്‍ ഒക്ടോബര്‍ 14 വരെ വിധി പ്രാബല്യത്തില്‍ വരില്ല.
അതേസമയം ഇറക്കുമതി നിയന്ത്രിക്കാനുള്ള ഐഇഇപിഎ നിയമത്തിന്റെ പരിധി താരിഫുകള്‍ക്കും ബാധകമാണെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് പ്രതികരിച്ചു. അപ്പീല്‍ കോടതി വിധി പക്ഷപാതപരമാണ്. താരിഫുകള്‍ ഒഴിവാക്കുന്നത് രാജ്യത്തിന് ദുരന്തമായിരിക്കുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
മേയ് 28ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള യുഎസ് കോര്‍ട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡും ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു. ഇത്തരം താരിഫുകള്‍ യുഎസിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുമെന്ന് ജസ്റ്റിസ് വിഭാഗവും മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രംപിന്റെ താരിഫുകള്‍ പിന്‍വലിക്കേണ്ട സാഹചര്യമുണ്ടായാല്‍ നികുതിപണമായി അമേരിക്ക വാങ്ങിക്കൂട്ടിയതൊക്കെയും തിരികെ നല്‍കേണ്ടിവരും. ഇത് യുഎസ് ട്രഷറിയെ പ്രതിരോധത്തിലാക്കും. ജൂലൈ മാസത്തില്‍ താരിഫില്‍ നിന്നുള്ള വരുമാനം 159 ബില്യണ്‍ ഡോളറായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്.

Exit mobile version