Site iconSite icon Janayugom Online

യുഎസ് ധനസഹായം വെട്ടിക്കുറച്ചു; നെെജീരിയയില്‍ പട്ടിണി പ്രതിസന്ധി

യുഎസ് ധനസഹായം വെട്ടിക്കുറച്ചതോടെ ആഫ്രിക്കന്‍ രാജ്യമായ നെെജീരിയയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. സഹായം തുടര്‍ന്നും ലഭിച്ചില്ലെങ്കില്‍ ആറ് ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കാനുള്ള സാധ്യതയുണ്ടെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നല്‍കി. രാജ്യത്തുടനീളം മാനുഷിക സഹായ ആവശ്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും വിതരണത്തിനുള്ള വിഭവങ്ങള്‍ അപര്യാപ്തമാണെന്ന് മാനുഷിക സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. പോഷകാഹാരക്കുറവുള്ള കുട്ടികളെയും നവജാത ശിശുക്കളെയും ചികിത്സിച്ചിരുന്ന 150ലധികം പോഷകാഹാര ക്ലിനിക്കുകൾ അടച്ചുപൂട്ടി.

ഈ വർഷം ആദ്യം വരെ നൈജീരിയയ്ക്ക് നൽകിയിരുന്ന മാനുഷിക സഹായത്തിന്റെ പകുതിയിലധികവും അമേരിക്കയില്‍ നിന്നായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചതോടെ സഹായം നിലച്ചു. ഇത് വിദേശ സഹായത്തിൽ പെട്ടെന്ന് ഇടിവുണ്ടാക്കി. നിരവധി യൂറോപ്യൻ സർക്കാരുകളും അവരുടെ വികസന ബജറ്റുകൾ കുറച്ചിട്ടുണ്ട്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഉണ്ടായ കുറവ് പരിഹരിക്കാൻ സഹായ സംഘടനകൾക്ക് കഴിഞ്ഞെങ്കിലും നിലവിലെ സ്ഥിതി അതല്ല. 

നൈജീരിയയിൽ മാത്രം വേള്‍ഡ് ഫുഡ് പോഗ്രാം 115 മില്യൺ ഡോളറിലധികം ഫണ്ടിങ് വിടവ് നേരിടുന്നു. കുടിയിറക്കത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ ബോർണോ സംസ്ഥാനത്തെ ബാമ പട്ടണത്തിൽ ഭക്ഷ്യ വിതരണം ഇതിനകം തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. ഭക്ഷ്യ ദുരിതാശ്വാസത്തിനപ്പുറത്തേക്ക് പ്രതിസന്ധി വ്യാപിക്കുന്നതായാണ് വിലയിരുത്തല്‍. യുഎസ്എഐഡി പ്രവർത്തനങ്ങൾ അവസാനിച്ചതിനെത്തുടർന്ന്, നൈജീരിയയ്ക്ക് ആരോഗ്യമേഖലയ്ക്കുള്ള പിന്തുണയിൽ 600 മില്യൺ ഡോളർ നഷ്ടപ്പെട്ടു. അതായത് ആരോഗ്യ ബജറ്റിന്റെ ഏകദേശം അഞ്ചിലൊന്ന്. മാനുഷിക ധനസഹായം കുറയുകയും കുടിയിറക്കം തുടരുകയും ചെയ്യുന്നതിനാൽ ആഫ്രിക്കയിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധികളിലൊന്ന് നൈജീരിയ നേരിടേണ്ടിവരുമെന്ന് സഹായ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. 

Exit mobile version