Site iconSite icon Janayugom Online

യുഎസിന്റെ ഇരട്ട തീരുവ മറ്റന്നാള്‍ പ്രാബല്യത്തില്‍

ഇന്ത്യക്കുമേല്‍ യു എസിന്റെ ഇരട്ട തീരുവ നാളെ മുതല്‍ പ്രാബല്യത്തിലേക്ക്. രാജ്യത്തിന്റെ വളര്‍ച്ചയെ താരിഫ് കാര്യമായി ബാധിക്കില്ലെങ്കിലും കയറ്റുമതി, എംഎസ്എംഇ മേഖലകള്‍ കാര്യമായ പ്രത്യാഘാതം നേരിടേണ്ടിവരും.
ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മൂല്യങ്ങള്‍ക്കനുസൃതമായി യുഎസ് 25% തീരുവ ചുമത്തിയിട്ടുണ്ട്. കൂടാതെ നാളെ മുതല്‍ 25% അധിക താരിഫ് നിലവില്‍വരും. ഇതോടെ ഇന്ത്യക്കുമേലുള്ള മൊത്തം താരിഫ് ബ്രസീലിനൊപ്പം 50% ആയി ഉയരും. എന്നാല്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാമെന്നും അവസാന നിമിഷം തീരുവ വര്‍ധന ഒഴിവാക്കാനാകുമെന്നും ഇന്ത്യക്ക് നേരിയ പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
തുണിത്തരങ്ങള്‍, രത്നങ്ങള്‍, തുകല്‍ തുടങ്ങിയ മേഖലകളില്‍ വ്യാപക തൊഴില്‍ നഷ്ടമുണ്ടാകും. താരിഫ് വിഷയത്തില്‍ വാണിജ്യ മന്ത്രാലയം കയറ്റുമതിക്കാരുമായും എക്സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്കീം ഏര്‍പ്പെടുത്തണമെന്നാണ് കയറ്റുമതി മേഖലയുടെ ആവശ്യം.
എംഎസ്എംഇകളെയായിരിക്കും യുഎസ് താരിഫ് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ടെക്സ്റ്റൈല്‍സ്, വജ്രം, കെമിക്കല്‍സ് എന്നിവയിലെ ചെറുകിട മേഖലകളിലായിരിക്കും ഏറ്റവും തിരിച്ചടി. ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 45% വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയെ സാരമായി ബാധിക്കും. ഇന്ത്യ യുഎസിലേക്കുള്ള കയറ്റുമതിയുടെ 25% വരുന്ന ടെക്സ്റ്റൈല്‍സ്, രത്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യത. ഈ മേഖലകളില്‍ 70% ത്തിലധികം വിഹിതമുള്ള എംഎസ്എംഇകള്‍ക്കാണ് ഇത് കൂടുതല്‍ തിരിച്ചടിയാകുക.
ചൈനയുമായി ഇന്ത്യ അടുക്കുന്നത് യുഎസിന്റെ മേഖലയിലെ താല്പര്യങ്ങള്‍ക്ക് ഹാനികരമാണ്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നിലുള്ളതിനാല്‍ ഇന്ത്യയെ അസ്വസ്ഥമാക്കുന്ന തീരുമാനങ്ങളില്‍ നിന്ന് ട്രംപ് പിന്നോട്ട് പോയേക്കുമെന്ന് കേന്ദ്ര സര്‍ക്കാരും പ്രതീക്ഷവയ്ക്കുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച നടക്കും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
അതേസമയം ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ ഇരട്ടനികുതി യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തന്ത്രമാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്നലെയും അവകാശപ്പെട്ടു. എണ്ണ വിറ്റ് കൂടുതല്‍ സമ്പത്ത് ഉണ്ടാക്കാനുള്ള റഷ്യന്‍ നീക്കം തടയുന്നതിനാണ് ഇന്ത്യക്ക് മേലുള്ള അധികനികുതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version