Site iconSite icon Janayugom Online

ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് പകര ചുങ്കം മരവിപ്പിച്ചു യുഎസ്;ചൈനക്ക് 125 ശതമാനം അധിക തീരുവ

പകര ചുങ്കത്തിൽ പുതിയ നീക്കവുമായി യുഎസ്‌. ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്ക തീരുവ മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുകയും ചെയ്തു. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. അതേസമയം, ചൈന 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി. മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ ചൈനയും യൂറോപ്യൻ യൂണിയനും പകര തീരുവ അമേരിക്കയ്ക്കെതിരെ ചുമത്തിയിരുന്നു. യുഎസ് ഉല്പന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായാണ് ചൈന ഇന്ന് ഉയർത്തിയത്. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും. ഇതോടെയാണ് ട്രംപ് ചൈനയ്ക്ക് മേല്‍ 125 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയത്. പ്രതികാരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ രംഗത്ത് വന്നിരുന്നു. തന്നോട് ചർച്ച നടത്താൻ ശ്രമിക്കുന്ന രാജ്യങ്ങൾ, എന്തിനും തയ്യാറാണെന്ന് ട്രംപ് പ്രതികരിച്ചു. ഒത്തു തീ‍ർപ്പിലെത്താൻ രാജ്യങ്ങൾ വിളിച്ചു കെഞ്ചുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. 

Exit mobile version