Site iconSite icon Janayugom Online

ഫോട്ടോഫിനിഷില്‍ യുഎസ്; ഇന്ത്യ 71-ാം സ്ഥാനത്ത്

USUS

ഫോട്ടോഫിനിഷിനൊടുവില്‍ പാരിസ് ഒളിമ്പിക്സില്‍ യുഎസിന് ഓവറോള്‍ കിരീടം. 40 സ്വര്‍ണം, 44 വെള്ളി, 42 വെങ്കലം ഉള്‍പ്പെടെ അമേരിക്കയുടെ ആകെ നേട്ടം 126 മെഡലുകള്‍. രണ്ടാംസ്ഥാനത്തെത്തിയ ചൈന 40 സ്വര്‍ണം, 27 വെള്ളി, 24 വെങ്കലം ഉള്‍പ്പെടെ 91 മെഡലുകള്‍ നേടി.
2008ല്‍ ബെയ്ജിങില്‍ നടന്ന ഒളിമ്പിക്സില്‍ ചൈന സ്വര്‍ണ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇതിന് സമാനമായി അന്തിമ മത്സരം നടക്കുന്നതുവരെ ചൈന മെഡല്‍പ്പട്ടികയില്‍ മുന്നിലായിരുന്നു. വനിതാ ബാസ്കറ്റ് ബോളില്‍ ആതിഥേയരായ ഫ്രാന്‍സിനെ വീഴ്ത്തി സ്വര്‍ണം നേടിയതോടെ ഒരിക്കല്‍കൂടി യുഎസ് ആധിപത്യം ഉറപ്പിച്ചു. 

20 സ്വര്‍ണം, 12 വെള്ളി, 13 വെങ്കല മെഡലുകളുമായി ജപ്പാനാണ് മൂന്നാമത്. 18 സ്വര്‍ണം, 19 വെള്ളി, 16 വെങ്കലവുമായി ഓസ്‌ട്രേലിയയും 16 സ്വര്‍ണം, 25 വെള്ളി, 22 വെങ്കലവുമായി ആതിഥേയരായ ഫ്രാന്‍സും യഥാക്രമം നാലും അഞ്ചും സ്ഥാനത്തെത്തി. ഒരു വെള്ളി മെഡലും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളുമായി 71-ാം സ്ഥാനത്താണ് ഇന്ത്യ.
പാരിസിലെ സ്റ്റാഡെ ഡെ ഫ്രാന്‍സിലാണ് വര്‍ണാഭമായ സമാപന ചടങ്ങുകള്‍ നടന്നത്. രാജ്യങ്ങളുടെ പരേഡിന് ശേഷം 2028 ഒളിമ്പിക്സിന്റെ ആതിഥേയരായ ലോസ് ആഞ്ചലസിന് പതാക കൈമാറി. 

അതേസമയം ഗുസ്തിയിലെ അയോഗ്യതക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 9.30നാണ് അന്താരാഷ്ട്ര കായിക കോടതിയുടെ വിധി ഉണ്ടാകുക. വെള്ളി മെഡല്‍ പങ്കിടണമെന്നായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആവശ്യം.
കൂടുതല്‍ രേഖകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ഹാജരാക്കാന്‍ കക്ഷികളോട് ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റ് ആവശ്യപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: US in photofin­ish; India is at 71st position

You may also like this video

Exit mobile version