ഇന്ത്യയിലെ മനുഷ്യാവകാശ ധ്വംസനത്തില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. വംശീയ കലാപം ഇപ്പോഴും ശമിച്ചിട്ടില്ലാത്ത മണിപ്പൂരിലും മറ്റിടങ്ങളിലും വ്യാപക മനുഷ്യാവകാശ ലംഘനം തുടരുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 48-ാമത് വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മോഡി ഭരണത്തിന്‍കീഴില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിക്കുന്നത്.
മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സന്നദ്ധ സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മോഡി സര്‍ക്കാര്‍ അനുവദിക്കാത്തത് ഗുരുതര വിഷയമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ ജനാധിപത്യം, മനുഷ്യാവകാശം, തൊഴില്‍ എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ഗില്‍ക്രിസ്റ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും ഇന്ത്യയും പരസ്പരം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. ജനാധിപത്യവും മനുഷ്യാവകാശ ലംഘനവും വര്‍ധിച്ചു വരുന്നതില്‍ യുഎസ് ആശങ്ക രേഖപ്പെടുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നദ്ധ സംഘടനകളുമായും പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തി മുന്നോട്ടുപോകേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തുന്നില്ല. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. 250ലേറെ പേര്‍ കൊല്ലപ്പെട്ട കലാപം ഇപ്പോഴും തുടരുന്നതില്‍ ആശങ്കയുണ്ട്. മനുഷ്യാവകാശ ലംഘനം നടത്തുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാത്തതും സര്‍ക്കാരിന്റെ വീഴ്ചയാണ്.
സര്‍ക്കാര്‍ തന്നെ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നതും കിരാത നിയമങ്ങള്‍ നടപ്പിലാക്കുന്നതും ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. ഹ്യുമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് അനുസരിച്ച് കസ്റ്റഡി മരണവും, മര്‍ദനവും സ്ഥിരം പ്രതിഭാസമായി. രാജ്യത്തെ ജയിലുകളുടെ സ്ഥിതി ശോച്യമാണ്. പല ജയിലുകളിലും പരിധിയില്‍ കൂടുതല്‍ പേരെ പാര്‍പ്പിച്ചിരിക്കുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും. രാഷ്ട്രീയ തടവുകാരെ അനാവശ്യമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ നിസംഗത പാലിക്കുന്നു.
കാനഡയില്‍ കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജര്‍ വധവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകരുടെയും സാമുഹ്യ പ്രവര്‍ത്തകരുടെയും സമൂഹമാധ്യമ അക്കൗണ്ടുകള്‍ തടയുന്ന പ്രവണത ഇന്ത്യയില്‍ ഏറിവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
English Summary: US is concerned about human rights violations in India
You may also like this video