ഇറാനെതിരെയുള്ള ഏതൊരു ആക്രമണവും ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ സമഗ്രമായ യുദ്ധം ആയി കണക്കാക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ്. പശ്ചിമേഷ്യയിലേക്കുള്ള സെെനിക സന്നാഹം യുഎസ് വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ ഭരണകൂടത്തിന്റെ പ്രതികരണം. സായുധ സേന അതീവ ജാഗ്രതയിലാണെന്നും പ്രകോപനമുണ്ടായാൽ കഴിയുന്നത്ര കഠിനമായ രീതിയിൽ പ്രതികരിക്കാന്‍ തയ്യാറാണെന്നും ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുഎസിന്റെ സെെനിക സന്നാഹം യഥാർത്ഥ ഏറ്റുമുട്ടലിന് വേണ്ടിയുള്ളതല്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഏറ്റവും മോശം സാഹചര്യത്തിനും സെെന്യം തയ്യാറാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎസിൽ നിന്ന് നിരന്തരമായ സൈനിക ഭീഷണി നേരിടുന്ന ഒരു രാജ്യത്തിന്, ആക്രമിക്കാൻ തുനിഞ്ഞാൽ അവരെ പിന്തിരിപ്പിക്കാനും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും തങ്ങളുടെ പക്കലുള്ളതെല്ലാം ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം , യുഎസ്എസ് എബ്രഹാം ലിങ്കൺ , ടോമാഹോക്ക് മിസൈലുകൾ ഘടിപ്പിച്ച മൂന്ന് ഡിസ്ട്രോയറുകളും പശ്ചിമേഷ്യയിലേക്ക് നീങ്ങുകയാണ്. യുഎസ് വ്യോമസേന ഒരു ഡസൻ എഫ്-15ഇ യുദ്ധവിമാനങ്ങളും ഈ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ വധിക്കില്ലെന്ന് ടെഹ്‌റാൻ ഉറപ്പുനൽകിയതിനെത്തുടർന്ന് സെെനിക നടപടിയില്‍ നിന്ന് പിന്മാറുന്നതായി ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വലിയ കപ്പല്‍പടയെ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കുകയാണെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം യുദ്ധഭീതിയുടെ ആക്കം കൂട്ടി.
ട്രംപിന്റെ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. പരമോന്നത നേതാവിനെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ “ലോകത്തിന് തീയിടുമെന്ന്” സായുധ സേനാ വക്താവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആയത്തുള്ള ഖമനേയിക്ക് സാധ്യമായ എല്ലാ സുരക്ഷയും നല്‍കുന്നുണ്ടെന്നും അമേരിക്കയെ പേടിച്ച് അദ്ദേഹം ബങ്കറിൽ ഒളിച്ചിരിക്കുകയല്ലെന്നും ഇന്ത്യയിലെ ഇറാന്‍ കോൺസൽ ജനറൽ പറഞ്ഞു. വിദേശ രഹസ്യാന്വേഷണ ഏജൻസികളാണ് പ്രതിഷേധങ്ങൾക്ക് കാരണക്കാരെന്നും അദ്ദേഹം ആരോപിച്ചു. മുൻകാലങ്ങളിൽ, സംഘർഷങ്ങൾ രൂക്ഷമായ സമയത്ത്, മിഡിൽ ഈസ്റ്റിലേക്ക് യുഎസ് സൈന്യം കൂടുതൽ സേനയെ അയച്ചിട്ടുണ്ട്. പലപ്പോഴും പ്രതിരോധപരമായ നീക്കങ്ങളായിരുന്നു അവ. എന്നിരുന്നാലും, കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ ആണവ പദ്ധതിക്കെതിരായ ആക്രമണങ്ങൾക്ക് മുന്നോടിയായി യുഎസ് വലിയൊരു സൈനിക നീക്കം നടത്തി.

