ഇന്ത്യ‑യുഎസ് സംയുക്ത പ്രസ്താവന ഇന്ത്യൻ മണ്ണില്‍ യുഎസ് സൈനിക താവളം അനുവദിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ള പ്രസ്താവന ഭാവിയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ആക്ഷേപമുയര്‍ന്നു.
മോഡി-ബൈഡന്‍ സംയുക്ത പ്രസ്താവനയിലെ 18-ാമത് ഖണ്ഡിക അനുസരിച്ച് യുഎസിന്റെ കപ്പലുകളുടെയും മറ്റ് യുദ്ധവിമാനങ്ങളുടെയും അറ്റകുറ്റപ്പണികളുടെ കേന്ദ്രമായി ഇന്ത്യയെ അംഗീകരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് യുഎസ് നാവിക സേനയും മസഗോണ്‍ കപ്പല്‍ നിര്‍മ്മാണ ശാലയും തമ്മില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മോഡിയുടെ യുഎസ് സന്ദര്‍ശത്തില്‍ ധാരണയായിരുന്നു.
ഓസ്ട്രേലിയ, ജര്‍മ്മനി, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ യുഎസ് സൈനിക താവളങ്ങല്‍ നിര്‍മ്മിച്ചിട്ടുണ്ട്. സംയുക്ത പ്രസ്താവന അത്തരത്തില്‍ ഇന്ത്യൻ മണ്ണില്‍ യുഎസ് സേനാ സാന്നിധ്യം അനുവദിക്കുന്നതാണെന്നാണ് ആക്ഷേപം. ഇന്ത്യ‑യുഎസ് ഉഭയകക്ഷി പ്രതിരോധ സഹകരണം ശക്തമാക്കാനും ഇരുരാജ്യങ്ങളും ധാരണയിലായി. 31 ഡ്രോണുകളുടെ സംഭരണത്തിനും ജെറ്റ് എൻജിനുകളുടെ സംയുക്ത നിര്‍മ്മാണത്തിനും ചര്‍ച്ചയില്‍ തീരുമാനമുണ്ടായി.
ലോക വ്യാപാര സംഘടനയിലെ ഇന്ത്യ‑യുഎസ് വ്യാപാര പ്രശ്നങ്ങള്‍ക്ക് ഒത്തുതീര്‍പ്പുണ്ടാക്കിയതായും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഇതോടെ കോഴി ഇറച്ചി ഉള്‍പ്പെടെ മാംസാഹാരങ്ങള്‍ സംബന്ധിച്ച(പൗള്‍ട്രി കേസ്) ഏഴ് വ്യാപാര തര്‍ക്കങ്ങള്‍ക്കും ഒത്തുതീര്‍പ്പുണ്ടായതായാണ് വിവരം. ആറ് ഉഭയകക്ഷി വ്യാപാര തര്‍ക്കങ്ങള്‍ക്ക് നേരത്തെ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നതായും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
English summary; US military presence in India
you may also like this video;