Site icon Janayugom Online

യുഎസ് പ്രഡേറ്റര്‍ ഇടപാട്; ഡ്രോണ്‍ കുംഭകോണം

drone

അമേരിക്കയില്‍ നിന്ന് 31 എംക്യു പ്രഡേറ്റര്‍ ഡ്രോണ്‍ വാങ്ങാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു. കൂടിയ വിലയ്ക്ക് ഗുണനിലവാരം കുറഞ്ഞ തരത്തിലുള്ള ഡ്രോണുകളായിരിക്കും ഇന്ത്യക്ക് ലഭിക്കുകയെന്നാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍. മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയവും ബലികഴിച്ചുകൊണ്ടാണ് യുഎസില്‍ നിന്നും ഡ്രോണ്‍ വാങ്ങുന്നതിനുള്ള ഇടപാട്. കൂടാതെ എഐ സാങ്കേതികവിദ്യയുള്ള ഡ്രോണുകളുടെ കാലത്ത് ഈ സൗകര്യം ഇല്ലാത്ത ഡ്രോണിന് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ അമിതവിലയാണ് ഇന്ത്യ നല്‍കേണ്ടിവരുന്നതെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ ആറ്റോമിക്സ് നിര്‍മ്മിക്കുന്ന 31 എംക്യു-9ബി പ്രഡേറ്റര്‍ ഡ്രോണുകള്‍ക്കായി 25,200 കോടി രൂപ മുടക്കേണ്ടിവരുമെന്നാണ് ഏകദേശ ധാരണ.
ഡ്രോണുകളുടെ വില സംബന്ധിച്ച് വ്യക്തമായ വിവരം ഇതുവരെ പുറത്ത് വന്നിട്ടില്ല. കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി വില തീരുമാനിക്കുന്ന വിഷയത്തില്‍ അമേരിക്കയുടെ നിലപാട് ഇതുവരെ പുറത്ത് വരാത്ത സാഹചര്യത്തില്‍ അന്തിമ ഇടപാടില്‍ വില ഇനിയും ഉയരുമെന്നാണ് വിവരം. അമിതവിലയ്ക്ക് ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതിന് തുല്യമായ കരാറാണ് ഒരുങ്ങുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു. മോഡി ഭരണത്തില്‍ മറ്റൊരു കുഭംകോണമാണ് അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. 

2017 ല്‍ ആദ്യമായി വികസിപ്പിച്ച എംക്യു 9 ബി ഡ്രോണ്‍ മികച്ച സാങ്കേതിക നിലവാരം ഉറപ്പ് നല്‍കുന്നില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കം പുത്തന്‍ സാങ്കേതിക വിദ്യകള്‍ അടങ്ങിയ ഡ്രോണുകളേക്കാള്‍ മനുഷ്യവിഭവശേഷി കൂടിയതാണ് ഇവ. ഇന്ത്യ വാങ്ങുന്ന ഒരു ‍ഡ്രോണിന് 110 ദശലക്ഷം ഡോളര്‍ (ഏകദേശം 812 കോടി രൂപ) ആണ് ചെലവാക്കേണ്ടത്. ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന് ഇതിന്റെ പത്ത് മുതല്‍ 20 ശതമാനം വരെ തുകയ്ക്ക് ഡ്രോണ്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. 

നിരവധി രാജ്യങ്ങള്‍ എംക്യു-9 പ്രഡേറ്റര്‍ ഡ്രോണുകളോ സമാനമായ പതിപ്പുകളോ ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിയിട്ടുണ്ട്. ഒരു ഡ്രോണിന് 56.5 ദശലക്ഷം ഡോളറിനാണ് യുഎസ് വ്യോമസേനയ്ക്ക് ലഭിക്കുന്നത്. 2016ല്‍ ബ്രിട്ടീഷ് വ്യോമസേനയ്ക്ക് എംക്യു-9 ബി ഡ്രോണ്‍ ലഭിച്ചത് 12.5 ദശലക്ഷം ഡോളറിനാണ്. ഒരു ഡ്രോണിന് 17 ദശലക്ഷം ഡോളറിനാണ് ജര്‍മ്മനി വാങ്ങിയതെന്നും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഡ്രോണ്‍ ഇടപാടില്‍ പ്രതിരോധ ഇടപാട് സമിതിയും സൈന്യവും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് മോഡി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നും ആരോപണമുണ്ട്. 2023 ഏപ്രിലില്‍ പ്രഡേറ്റര്‍ ഡ്രോണുകളുടെ ആവശ്യകത 18 ആണെന്ന് സൈന്യം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ നാവികസേനയ്ക്കായി 15 സീ ഗാര്‍ഡിയന്‍ ഡ്രോണുകളും കര, വ്യോമസേനയ്ക്കായി എട്ടുവീതം സ്കൈ ഗാര്‍ഡിയന്‍ ഡ്രോണുകളും വാങ്ങുന്നതിനാണ് കരാര്‍ ധാരണയായിരിക്കുന്നത്. ഡ്രോണ്‍ ഇടപാടില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞുവെങ്കിലും പ്രതിരോധ മന്ത്രാലയമോ മന്ത്രിയോ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ തുറന്നുപറയാന്‍ മുന്നോട്ടുവന്നിട്ടില്ല. 

തപസ് തയ്യാര്‍; തദേശീയ ഡ്രോണ്‍ പരീക്ഷണത്തിനൊരുങ്ങി

ബംഗളൂരു: ഇന്ത്യ തദേശീയമായി വികസിപ്പിച്ചെടുത്ത മീഡിയം ആൾട്ടിറ്റ്യൂഡ് ലോങ് എൻഡുറൻസ് ഡ്രോണായ തപസ് 201 സൈനിക ഉപയോഗ പരീക്ഷണത്തിന് സജ്ജമെന്ന് ഡിആര്‍ഡിഒ.
ബംഗളൂരു ആസ്ഥാനമായ എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് തപസ് വികസിപ്പിച്ചത്. 24 മുതല്‍ 30 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ശേഷിയുള്ള തപസ് നിരീക്ഷണം, പര്യവേക്ഷണം എന്നിവ കാര്യക്ഷമമാക്കും. ഇസ്രയേലി ഹെറോണ്‍ ഡ്രോണുകളോടാണ് ഇവ ഉപമിക്കപ്പെടുന്നത്.
350 കിലോഗ്രാം വരെ വിവിധ പേലോഡുകളെ രാത്രിയും പകലും വഹിക്കാൻ തപസിന് സാധിക്കും. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയായിരിക്കും തപസ് നിര്‍മ്മിക്കുക. സായുധ സേനകള്‍ക്ക് പുറമെ സംസ്ഥാന പൊലീസുകള്‍, അതിര്‍ത്തി രക്ഷാ സേന, സിആര്‍പിഎഫ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയ്ക്കും തപസിന്റെ സേവനം പ്രയോജനപ്പെടുത്താം. 

Eng­lish Sum­ma­ry: US Preda­tor deal; The drone scam

You may also like this video

Exit mobile version