Site iconSite icon Janayugom Online

യുഎസ് നികുതി വര്‍ധന ഇന്ത്യക്കും ഭീഷണിയാകും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിരക്ക് വര്‍ധന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഉയര്‍ന്ന നികുതിഭാരം പേറേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഫാര്‍മസ്യൂട്ടിക്കല്‍സ്, കാറുകള്‍, ചിപ്പുകള്‍ എന്നിവയ്ക്ക് അടുത്ത മാസമോ അതിനുമുമ്പോ പുതിയ നികുതികള്‍ നടപ്പിലാക്കുമെന്നാണ് ട്രംപ് അറിയിച്ചിട്ടുള്ളത്. മാര്‍ച്ച് 12 മുതല്‍ മുഴുവന്‍ സ്റ്റീല്‍, അലുമിനിയം ഉല്പന്നങ്ങളുടെ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താന്‍ യുഎസ് തുടങ്ങും. വിയറ്റ്നാം, തയ്‌വാന്‍, തായ്‌ലന്‍ഡ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സാമ്പത്തിക മേഖലയെ ട്രംപിന്റെ നികുതി പരിഷ്കാരം പ്രതികൂലമായി ബാധിക്കും. ഇന്ത്യയും ജപ്പാനും കൂടുതല്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥകളായി നിലനില്‍ക്കുന്ന സാഹചര്യത്തിലും താരിഫുകളിലെ മാറ്റം നഷ്ടമായി മാറും. വ്യാപാര പങ്കാളിത്ത വ്യവസ്ഥകളില്‍ താരിഫ് ചുമത്തുന്നത് മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും എസ് ആന്റ് പി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയാണ് യുഎസ് സാമ്പത്തിക പങ്കാളികള്‍ക്ക് നികുതി നിരക്ക് വര്‍ധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനകം ചൈനീസ് ഉല്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് ആഗോളതലത്തില്‍ വ്യാപാരയുദ്ധ ആശങ്ക ഉയര്‍ത്തിയിരുന്നു. യുഎസിന് മറുപടിയായി ചൈനയും അമേരിക്കന്‍ ഇറക്കുമതി ഉല്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 10 ശതമാനം വര്‍ധനയാണ് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് 25 ശതമാനം അധിക നികുതിയും ചുമത്തിയിട്ടുണ്ട്. 

നികുതി വർദ്ധനവിലൂടെ ഇന്ത്യയിൽ നിന്നുള്ള കാർഷികം മുതൽ ഓട്ടോമൊബൈൽ വരെയുള്ള കയറ്റുമതി രംഗത്ത് ഏഴ് ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് സിറ്റി റിസർച്ച് വിലയിരുത്തൽ. അമേരിക്കയുമായി പരമാവധി വ്യാപാരബന്ധം മെച്ചപ്പെടുത്തി നികുതി വർദ്ധന ഒഴിവാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാർ. 2023ലെ കണക്ക് പ്രകാരം അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത ഉല്പന്നങ്ങൾക്ക് ഇന്ത്യ ശരാശരി 11 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. ഇന്ത്യൻ ഉല്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയേക്കാൾ 8.2 ശതമാനം അധികമായിരുന്നു ഇത്. 

കെമിക്കൽ, ജ്വല്ലറി, ഓട്ടോമൊബൈൽ, മെറ്റൽ പ്രൊഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ, ഫുഡ് പ്രോഡക്റ്റ്സ് തുടങ്ങിയ രംഗങ്ങളിലാണ് അമേരിക്കയുടെ നികുതി വർധന ഇന്ത്യക്ക് തിരിച്ചടിയാവുക. 2024ൽ 74 ബില്യൺ ഡോളറിന്റെ ഉല്പന്നങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റി അയച്ചത്. ഇതിൽ എട്ടര ബില്യൺ ഡോളറിന്റെ ഉല്പന്നങ്ങൾ മുത്തും പവിഴവും അടങ്ങിയ ജ്വല്ലറി ഉല്പന്നങ്ങൾ ആയിരുന്നു. എട്ട് ബില്യൺ ഡോളറിന്റെ മരുന്ന് ഉല്പന്നങ്ങളും നാലു ബില്യൺ ഡോളറിന്റെ പെട്രോകെമിക്കൽ ഉല്പന്നങ്ങളും കയറ്റി അയച്ചിരുന്നു. 

Exit mobile version