Site iconSite icon Janayugom Online

യുദ്ധ വിമാനങ്ങള്‍ കൂട്ടത്തോടെ എത്തി, കടലിലൂടെയും വന്‍ നീക്കങ്ങള്‍; ഇറാനെ വരിഞ്ഞുമുറുക്കി യുഎസ്

ഇറാനുമായുള്ള രണ്ടാംവട്ട ചര്‍ച്ചകള്‍ക്ക് മുന്നോടിയായി മധ്യേഷ്യയില്‍ വ്യോമ, നാവിക, വിന്യാസം ശക്തമാക്കി അമേരിക്ക. യുഎസും, ഇറാനും തമ്മിലുള്ള ആണവനിര്‍വ്യാപന ചര്‍ച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിലാണ് നടക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാനെ ഭയപ്പെടുത്താനും ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും വന്‍നീക്കമാണ് യുഎസ് നടത്തിയിരിക്കുന്നത് .ബ്രിട്ടനിലെ അമേരിക്കൻ എയർഫോഴ്‌സ് വിമാനങ്ങൾ, ടാങ്കറുകൾ, ഫൈറ്റർ ജെറ്റുകൾ എന്നിവ മധ്യേഷ്യയ്ക്ക് സമീപത്തേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ പ്രതിരോധ സംവിധാനങ്ങളും മേഖലയിലേക്ക് എത്തുന്നുണ്ട്.

കൂടാതെ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജോർദാൻ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് നിരവധി സൈനിക ചരക്ക് വിമാനങ്ങളാണ് എത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ യുഎസ് യുദ്ധവിമാനങ്ങൾക്ക് അനുമതി ലഭിക്കുകയും ചെയ്തു. ജനുവരി അവസാനത്തോടെ 12 അമേരിക്കൻ എഫ്-15 യുദ്ധ വിമാനങ്ങളെ ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമത്താവളത്തിൽ വിന്യസിച്ചിട്ടുണ്ട്. ഓപ്പൺ‑സോഴ്സ് ഫ്‌ളൈറ്റ് ഡാറ്റ പ്രകാരം ഈ മേഖലയിലേക്ക് 250‑ൽ അധികം യുഎസ് കാർഗോ വിമാനങ്ങൾ എത്തിയിട്ടുണ്ടെന്നും സിഎൻഎൻ പറയുന്നു.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഴ്ചകളായി ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി മുഴക്കുകയാണ്. ഇറാനിൽ ഭരണമാറ്റം ‘സംഭവിക്കാവുന്നത് ഏറ്റവും നല്ല കാര്യമായിരിക്കും’ എന്നാണ് ട്രംപ് പറഞ്ഞിരുന്നത്ഇറാനിൽ ഭരണമാറ്റം വേണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള ഭീഷണിയും മേഖലയിലേക്കുള്ള സൈനിക വിന്യാസങ്ങളും മധ്യേഷ്യയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ജനീവയിൽ നടക്കുന്ന ചർച്ചകൾക്ക് വലിയ പ്രധാന്യമുണ്ട്. ഈ ചർച്ചകളിൽ താൻ പരോക്ഷമായി’ പങ്കെടുക്കുമെന്ന് ട്രംപ് അറിയിച്ചു. യുഎസ് ഭാഗത്ത് നിന്ന് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും അദ്ദേഹത്തിന്റെ മരുമകൻ ജാരഡ് കുഷ്‌നറും, ഇറാനിൽ നിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമാണ് പ്രധാനമായും ചർച്ചയിൽ പങ്കെടുക്കുന്നത്. 

Exit mobile version