ഗോതമ്പിനും അരിക്കും ഉയര്‍ന്ന താങ്ങുവില (എംഎസ‍്പി) നല്‍കുന്ന ഇന്ത്യയുടെ നിലപാടിനെതിരെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ രംഗത്ത്. ഇന്ത്യ നേരത്തെ അറിയിച്ചതിനെക്കാള്‍ വലിയ സഹായമാണ് നല്‍കുന്നതെന്ന് ആരോപിച്ച യുഎസ്, അര്‍ജന്റീന, ഓസ്ട്രേലിയ, കാനഡ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ച കത്ത് ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) പുറത്തുവിട്ടു.
2021–22, 22–23 വര്‍ഷങ്ങളിലെ വ്യാപാരവുമായി ബന്ധപ്പെട്ടതാണിത്. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഗോതമ്പിനും അരിക്കുമുള്ള താങ്ങുവിലയില്‍ ഇന്ത്യ വീണ്ടും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്ക ആദ്യമായല്ല ആരോപണം ഉന്നയിക്കുന്നത് 2018ല്‍ യുഎസ് അഭ്യര്‍ത്ഥന പ്രകാരം ലോകവ്യാപാര സംഘടനയുടെ കാര്‍ഷിക സമിതി സമാനമായ നോട്ടീസ് പുറത്തിറക്കിയിരുന്നു. ആഭ്യന്തര വിപണിയില്‍ അരിക്കും ഗോതമ്പിനും നല്‍കുന്ന എംഎസ‍്പി സംബന്ധിച്ച് യുഎസ് ഉന്നയിച്ച നിരവധി ചോദ്യങ്ങള്‍ 2018 ജൂണ്‍ ആറിന് ലോകവ്യാപാര സംഘടന അംഗങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു.
ഗോതമ്പിനും അരിയുല്പാദനത്തിനും താങ്ങുവില നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസിലെ 27 അംഗങ്ങള്‍ ബൈഡന്‍ ഭരണകൂടത്തിലെ വ്യാപാര പ്രതിനിധിക്കും കാര്‍ഷിക സെക്രട്ടറിക്കും 2022 ജനുവരി 23ന് കത്തയച്ചിരുന്നു. ഇന്ത്യയിലെ താങ്ങുവില സമ്പ്രദായം ആഗോള വ്യാപാരത്തെ അപകടകരമായി ബാധിക്കുന്നെന്നും ഇത് യുഎസ് കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്നും നാല് അംഗങ്ങള്‍ 2022 ജൂലൈ ഒന്നിന് പ്രസിഡന്റ് ബൈഡനും കത്തെഴുതിയിരുന്നു.
ഇന്ത്യയില്‍ ഏകദേശം 14.5 കോടി കര്‍ഷകരുണ്ട്. ഇവരില്‍ 86 ശതമാനത്തിനും രണ്ട് ഹെക്ടറില്‍ താഴെയാണ് ഭൂമിയുള്ളത്. അടുത്തിടെ ഇറങ്ങിയ നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഈ കര്‍ഷകര്‍ പ്രതിമാസം ശരാശരി 12,698 രൂപയാണ് സമ്പാദിക്കുന്നത്. ഒരു വര്‍ഷം 1,52,376 രൂപ. ഒരു കര്‍ഷക കുടുംബത്തിന്റെ ശരാശരി വരുമാനം വര്‍ഷത്തില്‍ 500 ഡോളറില്‍ താഴെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. മിക്ക കര്‍ഷകരും മതിയായ വിഭവശേഷിയില്ലാത്തവരാണ്. കനത്ത ചൂട്, ക്രമരഹിതമായ മണ്‍സൂണ്‍, കീടങ്ങളുടെ ആക്രമണം എന്നിവ അടക്കമുള്ള കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ കാര്‍ഷിക മേഖലയെ കൂടുതല്‍ ഭീഷണിപ്പെടുത്തുന്നു. ജലക്ഷാമം കാരണം നിരവധി പ്രദേശങ്ങളിലെ നെല്‍ക്കൃഷി നിരുത്സാഹപ്പെടുത്തണമെന്ന് നയരൂപീകരണ വിദഗ്ധര്‍ക്കിടയില്‍ യോജിച്ച അഭിപ്രായമുണ്ട്. ഭാവിയിലെ നയങ്ങള്‍ ഇതിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യം വിലയിരുത്താതെയാണ് അമേരിക്കയും മറ്റ് കയറ്റുമതി രാജ്യങ്ങളും ഇന്ത്യക്കെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
സ്വന്തം ജനതയുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ പാടുപെടുകയാണ്. വിളവ് കുറവായതിനാല്‍ ഗോതമ്പിന്റെയും അരിയുടെയും കയറ്റുമതി രണ്ട് വര്‍ഷത്തിലേറെയായി നിയന്ത്രിച്ചിട്ടുണ്ട്. ഗോതമ്പ് കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍ക്ക് ഇന്ത്യ ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ല. ഏകദേശം 1.3 ലക്ഷം കോടി ഡോളറിന്റെ ആഗോള കാര്‍ഷികൊല്പന്ന കയറ്റുമതിയുടെ 2.4 ശതമാനം മാത്രമാണ് ഇന്ത്യക്കുള്ളത്. ആഗോളതലത്തില്‍ കൃഷിയോഗ്യമായ ഭൂമി ഏകദേശം 11 ശതമാനവും ജല സ്രോതസുകളുടെ ശതമാനം നാലും ആണ്. എന്നാല്‍ ലോകജനസംഖ്യയുടെ 17.84 ശതമാനവും ഇവിടെയാണുള്ളത് എന്നതാണ് പ്രധാന വെല്ലുവിളി. 2047 ആകുമ്പോഴേക്കും 160 കോടി ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി.