Site icon Janayugom Online

അതിജീവനത്തിന്റെ പ്രതീകമായി ആറന്മുള ഉത്രട്ടാതി ജലമേള

ആറന്മുള ഉത്രട്ടാതി ജലഘോഷയാത്ര

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടന്ന ആറന്മുള ഉത്രട്ടാതി ജലമേള അതിജീവനത്തിന്റെ പ്രതീകമായി മാറി. മൂന്ന് പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ പമ്പയുടെ ഓളപ്പരപ്പുകളെ തഴുകി വന്നപ്പോള്‍ അത് പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും ആഘോഷക്കാഴ്ചയായി മാറി. കോവിഡിന്റെ പശ്ചാത്തലത്തില്‍ മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് ജലമേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മാരാമണ്‍, കോഴഞ്ചേരി, കീഴ്‌വന്മഴി എന്നീ പള്ളിയോടങ്ങള്‍ ആചാരപരമായി പാടി തുഴഞ്ഞ് എത്തിയത് ഇരുകരകളിലുമായി എത്തിയ നാമമാത്രമായ കാണികള്‍ക്ക് ആവേശ കാഴ്ചയായി.

അമരചാര്‍ത്തുകളുടെയും കന്നല്‍ കുമിളയുടെയും തിളക്കവും ബാണക്കൊടിയുടെ കാഴ്ചകളും കാണികള്‍ക്ക് സമ്മാനിച്ച് സത്രക്കടവിന് താഴെയെത്തി മൂന്ന് പള്ളിയോടങ്ങളും ഒരുമിച്ച് ചവിട്ടിത്തിരിച്ച് കിഴക്ക് പരപ്പുഴക്കടവിനെ ലക്ഷ്യമാക്കി തുഴഞ്ഞ് നീങ്ങുമ്പോള്‍ ഒഴുക്കിനെതിരെ ആഞ്ഞു തുഴയാന്‍ പാകത്തിലുള്ള വെച്ചു പാട്ടിന്റെ താളത്തിലായി മൂന്നു പള്ളിയോടങ്ങളും. ഉച്ചയ്ക്ക് 12.30 ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പള്ളിയോടങ്ങള്‍ മടങ്ങി.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പള്ളിയോടത്തിന് പഴക്കുല സമര്‍പ്പിക്കാനും അവില്‍പ്പൊതി സമര്‍പ്പിക്കാനും ഏതാനും ഭക്തര്‍ എത്തിയിരുന്നു. ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെ ജലഘോഷയാത്ര മാത്രമായി നടത്തിയ ഉത്രട്ടാതി ജലോത്സവം മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി ജലഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ എസ് രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You may also like this video:

Exit mobile version