Site iconSite icon Janayugom Online

ഹല്‍ദ്വാനി കുടിയൊഴിപ്പിക്കല്‍: സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഉത്തരാഖണ്ഡില്‍ ഹല്‍ദ്വാനി പ്രദേശത്തെ നാലായിരത്തിലധികം കുടുംബങ്ങളെ ഒറ്റയടിക്ക് കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രദേശം ഉള്‍പ്പെടുന്ന ഹല്‍ദ്വാന്‍ മണ്ഡലത്തിലെ എംഎല്‍എ സുമിത് ഹൃദയേഷ് ആണ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരാകും. നൈനിറ്റാള്‍ ജില്ലയിലുള്ള ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ബന്‍ഭൂല്‍പുരയിലെ 4,365 കുടുംബങ്ങളെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്.

ഇവരില്‍ ഭൂരിഭാഗവും മുസ്ലിം കുടുംബങ്ങളുമാണ്. 2.2 കിലോമീറ്റര്‍ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വീടും പുരയിടവും ഒഴിയാന്‍ നോട്ടീസ് നല്‍കി. കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി ചെലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കും. സ്ഥലം ഏറ്റെടുക്കാനായി 7,000 ഓളം പൊലീസ് ഉദ്യോഗസ്ഥരും വന്‍ അര്‍ധസൈനികവിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, ഒഴിപ്പിക്കലിനെതിരേ പ്രദേശത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് റോഡില്‍ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ 70 വര്‍ഷമായി താമസിച്ചിരുന്നവരാണ് കുടിയിറക്കപ്പെടുക. രണ്ട് കോളജുകളും പള്ളിയും ക്ഷേത്രവും സ്‌കൂളും പൊതുജനാരോഗ്യകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്തുകാരുടെ വീടുകള്‍ നിയമവിരുദ്ധ സ്ഥലത്താണെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളും ആരോഗ്യകേന്ദ്രവുമെല്ലാം കൈയേറ്റസ്ഥലത്ത് ആണോ നിര്‍മ്മിച്ചതെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

Eng­lish Sum­ma­ry: Uttarak­hand Demo­li­tion Row In Supreme Court today
You may also like this video

Exit mobile version