ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം ഉണ്ടായ ധാരാലിയില്‍ രക്ഷാദൗത്യം തുടരുന്നു. ഇതുവരെ 70ലധികം പേരെ രക്ഷപ്പെടുത്തി. 10 സൈനികരടക്കം 50ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സൈന്യം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ഡെറാഡൂണിലേക്കും ഋഷികേശിലെ എയിംസിലേക്കും മാറ്റി. പ്രദേശത്ത് ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതിന് കെഡാവര്‍ നായ്ക്കളെ ഉപയോഗിക്കുന്നുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നതിനായി ടെക്‌ലയിൽ സെർച്ച് റഡാർ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നിന്നുള്ള 16 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ജൽഗാവ് കളക്ടർ ആയുഷ് പ്രസാദ് പറഞ്ഞു. വെള്ളപ്പൊക്കമുണ്ടായ സ്ഥലത്ത് നിരവധി ഹോട്ടലുകൾ പ്രവര്‍ത്തിച്ചിരുന്നതിനാല്‍, നാട്ടുകാരും വിനോദസഞ്ചാരികളും കാണാതായവരിൽ ഉള്‍പ്പെടുന്നു.
ഗംഗോത്രിയിൽ ഏകദേശം 200 വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവര്‍ക്കായി വെെദ്യസഹായവും ഭക്ഷണവും നൽകിവരുന്നതായും അധികൃതര്‍ അറിയിച്ചു. ഉത്തരകാശിയിൽ റെഡ് അലര്‍ട്ട് തുടരുകയാണ്.

