ഏകീകൃത സിവില്‍ കോഡ് പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാകും. ഉത്തരാഖണ്ഡിന് ഈ ദിനം സുപ്രധാനമാണെന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബില്‍ പാസാകുന്നതെന്നും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നതാണ് ഏകീകൃത സിവില്‍ കോഡ് എന്നും ഐക്യം ഉറപ്പാക്കാൻ ഇത് സഹായകമാകുമെന്നും ധാമി അഭിപ്രായപ്പെട്ടു.
ബില്‍ ഭരണഘടനയ്ക്ക് അനുസൃതമായാണ് പാസാക്കുന്നതെന്നും നേരത്തെ ധാമി പറഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തരം അവശ്യഘട്ടത്തില്‍ അനുച്ഛേദം 44 അനുസരിച്ച് ഏകീകൃത സിവില്‍ കോഡ് പാസാക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതായും ധാമി അഭിപ്രായപ്പെട്ടു. 2022 ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞടുപ്പിനോടനുബന്ധിച്ചുള്ള ബിജെപി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. അസമായിരിക്കും രണ്ടാമതായി നിയമം കൊണ്ടുവരികയെന്ന് മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും അറിയിച്ചിട്ടുണ്ട്. എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ മതത്തിന്റെ വേര്‍തിരിവില്ലാതെ ഒരേ നിയമമാക്കുകയാണ് ഏക സിവില്‍ കോഡ് കൊണ്ട് ലക്ഷ്യമിടുന്നത്. പട്ടിക വര്‍ഗ വിഭാഗങ്ങളെയും ഭരണഘടനയുടെ 21-ാം പട്ടിക പ്രകാരം സംരക്ഷിച്ചിട്ടുള്ളവരെയും ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
English Summary: Uttarakhand passes Uniform Civil Code: First state to pass Uniform Civil Code
You may also like this video