Site icon Janayugom Online

രാജ്യത്ത് കൊലപാതകങ്ങളിൽ മുന്നിൽ ഉത്തർപ്രദേശ്

രാജ്യത്ത് 2020ൽ പ്രതിദിനം ശരാശരി 80 കൊലപാതകങ്ങളും 77 പീഡനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകൾ. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിലാകെ 29,193 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകങ്ങളിൽ ഏറ്റവും മുന്നിൽ ഉത്തർപ്രദേശ് ആണെന്നും എൻസിആർബി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2019മായി താരതമ്യം ചെയ്യുമ്പോൾ 2020ൽ കൊലപാതകങ്ങളിൽ ഒരു ശതമാനം വർധനവ് ഉണ്ടായി. 2019ലെ പ്രതിദിന ശരാശരി കൊലപാതകങ്ങളുടെ എണ്ണം 79 ആയിരുന്നു. 

ഉത്തർപ്രദേശിൽ മാത്രം കഴിഞ്ഞ വർഷം 3,779 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ബിഹാർ- 3,150, മഹാരാഷ്ട്ര‑2,163, മധ്യപ്രദേശ് ‑2,101,പശ്ചിമ ബംഗാൾ‑1,948 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കണക്കുകൾ. ഡൽഹിയിൽ 472 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
28,046 പീഡനങ്ങളാണ് 2020ൽ റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾക്കെതിരെയുള്ള 3,71,503 അതിക്രമങ്ങളാണ് ആകെ റിപ്പോർട്ട് ചെയ്തത്. 2019ൽ റിപ്പോർട്ട് ചെയ്ത 4,05,326 കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 8.3 ശതമാനം കുറവുണ്ടായെന്നും എൻസിആർബി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 

28,046 സംഭവങ്ങളിലായി 28,153 സ്ത്രീകൾ പീഡനത്തിനിരയായി. രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ റിപ്പോർട്ട് ചെയ്തത്, 5,310. 2,769 കേസുകളുള്ള ഉത്തർപ്രദേശാണ് രണ്ടാംസ്ഥാനത്ത്. മധ്യപ്രദേശ്- 2,339, മഹാരാഷ്ട്ര- 2,061 എന്നിങ്ങനെയാണ് കണക്കുകൾ.
സ്ത്രീകൾക്ക് നേരിടേണ്ട വന്ന അതിക്രമങ്ങളിൽ 1,11,549ഉം ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ആണ്. 62,300 തട്ടിക്കൊണ്ടു പോകൽ കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. 85,392 കയ്യേറ്റ ശ്രമങ്ങളും 3,741 പീഡന ശ്രമങ്ങളും 105 ആസിഡ് ആക്രമണങ്ങളും നടന്നു. 6,966 സ്ത്രീധന മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

Eng­lish Sum­ma­ry : uttarpradesh tops in mur­der rates

You may also like this video:

Exit mobile version