Site iconSite icon Janayugom Online

പരീക്ഷാപ്പേടി അകറ്റാൻ വി-ഹെൽപ്പ്

v helpv help

ഹയർ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് ഹയർ സെക്കന്‍ഡറി വിഭാഗം ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു. 

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴു വരെ ഫോണിൽ കൗൺസിലിങ് സൗജന്യമായി 18004252844 എന്ന നമ്പറിൽ വിളിക്കാം. ടോൾ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലുമുണ്ടാകും. എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേതൃത്വത്തിൽ കൗൺസിലിങ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർസെക്കന്‍ഡറി കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ-ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പരീക്ഷാകാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്നങ്ങൾ ദുരീകരിക്കുന്നതിനും വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കു വേണ്ടി ഹൗ ആർ യു എന്ന ഹെൽപ്പ് ലൈൻ മാർച്ച് എട്ട് മുതൽ ആരംഭിക്കും. 0471–2320323 എന്ന നമ്പറിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലികൗൺസലിങ് നടത്തും. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം.
പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ കുട്ടികൾക്ക് പിന്തുണ നൽകാൻ ഒരു പ്രത്യേക പരിപാടി ആലോചിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, വിദഗ്ധർ, തുടങ്ങിയവർ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന, അവരുമായി ആശയ വിനിമയം നടത്തുന്ന പരിപാടി ചിത്രീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: V‑Help to clear the exam board

You may also like this video

Exit mobile version