Site iconSite icon Janayugom Online

മൃഗങ്ങളുടെ ചർമ്മമുഴ രോഗ നിയന്ത്രണത്തിനുള്ള വാക്സിഷേൻ യജ്ഞം ഇന്ന് മുതൽ ആരംഭിക്കും

lumphy skin diseaselumphy skin disease

കന്നുകാലികളെ ബാധിക്കുന്ന ചർമ്മമുഴ രോഗം (ലംപി സ്കിൻ ഡിസീസ്) നിയന്ത്രിക്കുന്നതിനുള്ള വാക്സിഷേൻ യജ്ഞം 18 മുതൽ ജില്ലയിൽ ആരംഭിക്കും. വാക്സിനേഷൻ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂർ ഐമാലി ക്ഷീരോത്പാദക സഹകരണസംഘം ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ജ്യോതിഷ്ബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2019 ൽ ഇന്ത്യയിൽ ആദ്യമായി രോഗം കണ്ടെത്തിയത് ഒഡീഷയിലാണ്. കാപ്രി പോക്സ് ജനുസ്സിലെ പോക്സ് വൈറസായ എൽഎസ്ഡി വൈറസ് മൂലമാണ് രോഗം ഉണ്ടാകുന്നത്. പശുക്കളുടെ ഉയർന്ന പനി, കറവയിലുള്ള പശുക്കളുടെ ഉത്പാദനം ഗണ്യമായി കുറയൽ, തീറ്റ മടുപ്പ്, മെലിച്ചിൽ, കണ്ണിൽനിന്നും മൂക്കിൽ നിന്നും നീരൊലിപ്പ്, വായിൽനിന്നും ഉമിനീർ പതഞ്ഞൊലിക്കൽ, കഴലകളുടെ വീക്കം എന്നിവയെല്ലാമാണ് ആദ്യ ലക്ഷണങ്ങൾ. തുടർന്ന് 48 മണിക്കൂറിനുള്ളിൽ ത്വക്കിൽ പല ഭാഗങ്ങളിൽ രണ്ടുമുതൽ അഞ്ചു സെന്റിമീറ്റർ വരെ വ്യാസത്തിൽ വൃത്താകൃതിയിൽ നല്ല കട്ടിയുള്ള മുഴകൾ പ്രത്യക്ഷപ്പെടും. 

തലയിലും കഴുത്തിലും കൈകാലുകളിലും അകിടിലും വാലിന്റെ അടിഭാഗങ്ങളിലും ഇത്തരം മുഴകൾ ധാരാളമായി കാണാം. ചർമമുഴ ഒരു ജന്തുജന്യരോഗമല്ല. അതിനാൽ മനുഷ്യരിലേക്ക് പകരില്ല. എന്നാൽ രോഗം കന്നുകാലികളിൽ സാംക്രമിക സ്വഭാവത്തോടെ കണ്ടുവരുന്നു. ഇത് ക്ഷീരകർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്നു. ആട് പോക്സ് വാക്സിൻ (ഉത്തർകാശി സ്ട്രെയിൻ) ഉപയോഗിച്ചുള്ള വാക്സിനേഷൻ പശുകളിൽ വളരെ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. വാക്സിൻ ഉപയോഗിച്ച് കന്നുകാലികൾക്കിടയിൽ എൽ എസ്ഡി കൂടുതൽ വ്യാപിക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലയിലെ ഉദ്യോഗസ്ഥരടങ്ങുന്ന 105 സ്കാഡുകൾ എല്ലാ കർഷക ഭവനങ്ങളിലും എത്തി കന്നുകാലികൾക്ക് സാംക്രമിക ചർമ്മ പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നൽകും. 20 ദിവസംകൊണ്ട് യജ്ഞം പൂർത്തിയാക്കും. ജില്ലയിൽ പന്തളം, പന്തളം തെക്കക്കേര, ഏനാദിമംഗലം, ഏറത്ത്, കോയിപ്രം, ആറൻമുള, കോഴഞ്ചേരി, മല്ലപ്പള്ളി, ചിറ്റാർ എന്നീ ഒമ്പത് പഞ്ചായത്തുകളിൽ 25 ഓളം കന്നുകാലികളിൽ അടുത്തിടെ രോഗ ലക്ഷണങ്ങൾ കണ്ടിരുന്നു. എന്നാൽ രോഗം ഇപ്പോൾ നിയന്ത്രണ വിധേയമാണ്. 2020 ൽ ആദ്യം പന്തളത്താണ് ജില്ലയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇപ്പോഴാണ് വീണ്ടും പ്രത്യക്ഷപെടുന്നത്. ജില്ലയിൽ 61000 ത്തോളം പശുക്കളാണുള്ളത്. ഇവക്കെല്ലാം വാക്സിനേഷൻ നൽകാനാണ് ഉദ്ദേശിക്കുന്നത്.

രോഗബാധ കണ്ടെത്തിയാൽ ഫോർമാലിൻ, കുമ്മായം എന്നിവ തൊഴുത്തിലും പരിസരത്തും തളിക്കാം. രോഗബാധ വന്ന മൃഗങ്ങളെ പരിപാലിക്കുന്നവർ ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലതാണ്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നും ഈച്ച, പ്രാണികൾ എന്നിവയിലൂടെയാണ് മറ്റ് മൃഗങ്ങളിലേക്ക് രോഗം പകരുന്നത്. വായുവിലൂടെ പകരുന്നില്ല. ഈച്ച, പ്രാണികൾ എന്നിവയെ മൃഗങ്ങളിൽ നിന്നും അകറ്റാൻ കർപ്പൂരം പൊടിച്ച് തടവുന്നതും വേപ്പണ്ണ തേക്കുന്നതും ഫലപ്രദമാണ്. ചീഫ് വെറ്ററിനറി ഓഫീസർ ഡോ. രാജേഷ് ബാബു, ഡോ. എബി കെ എബ്രഹാം, ഡോ. എം ജി ജാനകിദാസ്, ഡോ. വാണി ആർ പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Eng­lish Sum­ma­ry: Vac­ci­na­tion cam­paign for ani­mal skin dis­ease con­trol will start from today

You may also like this video

Exit mobile version