രാജ്യത്ത് 12 മുതല്‍ 14 വയസ്സിന് ഇടയിലുള്ളവർക്കുള്ള കോവിഡ് വാക്സിനേഷന്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും. 2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർക്കാണ് മറ്റന്നാള്‍ മുതല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുക. ഹൈദരാബാദിലെ ബയോളജിക്കൽ ഇവാൻസ് നിർമിക്കുന്ന കോർബെവാക്‌സ് ആയിരിക്കും നൽകുകയെന്ന് കേന്ദ്ര മന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോവിഡ് വാക്സിനേഷൻ യജ്ഞത്തിന് കീഴിൽ 14 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഇതിനകം തന്നെ കോവിഡ് 19 വാക്സിൻ നൽകുന്നുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് 19 മുൻകരുതൽ ഡോസിന് അർഹത നിർദിഷ്ട രോഗാവസ്ഥയുള്ളവർക്ക് മാത്രമെന്ന നിബന്ധന ഉടനടി നീക്കം ചെയ്യാനും സർക്കാർ തീരുമാനിച്ചു. മാർച്ച് 16 മുതൽ, 60 വയസ്സിന് മുകളിലുള്ള മുഴുവൻ ജനങ്ങൾക്കും കോവിഡ് 19 വാക്‌സിന്റെ മുൻകരുതൽ ഡോസിന് അർഹതയുണ്ടായിരിക്കും. ആരോഗ്യ വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
കഴിഞ്ഞ വർഷം ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. കോവിഡ് ‑19 വാക്സിനേഷന്റെ അടുത്ത ഘട്ടം മാർച്ച് 1 മുതൽ 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസും അതിൽ കൂടുതലുമുള്ള നിർദ്ദിഷ്‌ട രോഗാവസ്ഥകളുള്ളവർക്കും ആരംഭിച്ചു. 2021 ഏപ്രിൽ 1 മുതൽ 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ ആരംഭിച്ചു. കഴിഞ്ഞ വർഷം മെയ് 1 മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിനേഷൻ അനുവദിച്ചുകൊണ്ട് വാക്‌സിനേഷൻ ഡ്രൈവ് വിപുലീകരിക്കാൻ സർക്കാർ തീരുമാനിച്ചു. 15–18 വയസ്സിനിടയിലുള്ള കൗമാരക്കാർക്കായി ജനുവരി മൂന്ന് മുതൽ കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം ആരംഭിച്ചു.
ഒമിക്രോൺ വകഭേദം മൂലമുണ്ടാകുന്ന കൊറോണ വൈറസ് അണുബാധകൾ വർധിച്ച സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് ഈ വർഷം ജനുവരി 10 മുതൽ ഇന്ത്യ മുൻകരുതൽ ഡോസ് കോവിഡ് വാക്സിൻ നൽകാൻ തുടങ്ങി. രാജ്യത്ത് 14 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഇതിനകം പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്.
English Summary: Vaccination for people over 12 years of age in the country will begin on Wednesday
You may like this video also