ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികള്‍ക്കും ആരോഗ്യദൗര്‍ബല്യം നേരിടുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കും കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്ന് ആരോഗ്യമന്ത്രാലയം.
കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. വാക്സിന്‍ മിശ്രണത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക.
15 മുതൽ 18 വയസുവരെയുള്ളവര്‍ക്ക് കോവിഡ് വാക്സിനായി ജനുവരി ഒന്ന് മുതൽ ഓൺലൈനായി രജിസ്റ്റര്‍ ചെയ്യാം
രജിസ്റ്റർ ചെയ്യാനായി ആധാര്‍ അല്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്ക് പത്താം ക്ലാസ് ഐഡി കാർഡ് ഉപയോഗിക്കാം എന്ന് കോവിന്‍ പ്ലാറ്റ്‌ഫോം മേധാവി ഡോ. ആർ എസ് ശർമ്മ അറിയിച്ചു. ജനുവരി മൂന്ന് മുതലായിരിക്കും വാക്സിന്‍ നല്‍കിത്തുടങ്ങുക. 2007 ലോ അതിന് മുമ്പോ ജനിച്ചവര്‍ക്കാണ് വാക്സിനേഷന് അര്‍ഹതയുള്ളത്.
കൗമാരക്കാർക്ക് നൽകാവുന്ന രണ്ടു വാക്സീനുകൾക്ക് രാജ്യത്ത് അനുമതി ഉണ്ടെങ്കിലും ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍ മാത്രമാകും തുടക്കത്തിൽ നൽകുക. നാലാഴ്ച ഇടവേളയിൽ രണ്ട് ഡോസ് നൽകും. വാക്സിന്റെ അളവിൽ വ്യത്യാസം ഉണ്ടാകില്ല.
കോവാക്സിനുപുറമെ സൈക്കോവ് ഡി വാക്സിനും രാജ്യത്ത് കുട്ടികളില്‍ അടിയന്തര അനുമതി ലഭ്യമാക്കിയിട്ടുണ്ട്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്പാദിപ്പിക്കുന്ന നോവോവാക്സ്, ബയോളജിക്കല്‍ ഇയുടെ കോര്‍ബിവാക്സ് എന്നിവയും രാജ്യത്ത് കുട്ടികളിലെ പരീക്ഷണം പൂര്‍ത്തിയാക്കിവരുകയാണ്.
English summary: Vaccination Guidelines Released by Center
You may like this video also