Site iconSite icon Janayugom Online

സംസ്ഥാനത്ത് വാക്‌സിനേഷന്‍ 70 ശതമാനം കടന്നു

ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കോവിഡ് വാക്സിനേഷന്‍ 70 ശതമാനം കഴിഞ്ഞു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87 ശതമാനം പേര്‍ക്ക് (2,58,72,847) ആദ്യ ഡോസ് വാക്സിനും 70.37 ശതമാനം പേര്‍ക്ക് (1,87,96,209) രണ്ടാം ഡോസ് വാക്സിനും നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,46,69,056 ഡോസ് വാക്സിനാണ് നല്‍കിയത്. ഇത് ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 86.52 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 53.84 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം നടന്നു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. പ്രത്യേക വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി പ്രതിദിന വാക്സിനേഷനും കൂടിയിട്ടുണ്ട്. 

കോവിഡ് ബാധിച്ചവര്‍ക്ക് മൂന്ന് മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. ഇനിയും വാക്സിനെടുക്കാത്തവര്‍ ഉടന്‍ വാക്സിന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ENGLISH SUMMARY:Vaccination in the state has crossed 70 per cent
You may also like this video

Exit mobile version