Site icon Janayugom Online

രാജ്യത്തിന് മാതൃകയായി വയനാട്; സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ല

സമ്പൂർണ്ണ വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ ജില്ലയായി വയനാട്. 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഐസിഎംആർ മാർഗ്ഗനിർദേശപ്രകാരം അർഹരായ എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ നടത്തിയ മെഗാ വാക്സീനേഷൻ ഡ്രൈവ് ജില്ലയിൽ പൂർത്തിയായി. വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി.

കോവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2,13,311 പേര്‍ക്കാണ് രണ്ടാം ഡോസ് (31.67 ശതമാനം) വാക്‌സിന്‍ നല്‍കിയത്. കുറഞ്ഞ കാലയളവ് കൊണ്ട് ലക്ഷ്യം കൈവരിച്ച ജില്ലയിലെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും ജില്ലാ ഭരണകൂടം അഭിനന്ദിച്ചു.

വാക്‌സിനേഷനായി വലിയ പ്രവര്‍ത്തനമാണ് ജില്ലയിൽ നടത്തുന്നത്. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്. ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കാനായും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്റെ ഭാഗമായി.

Eng­lish sum­ma­ry: Vac­ci­na­tion in Wayanadu

You may also like this video:

Exit mobile version