സംസ്ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും. ജില്ലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. കേന്ദ്രങ്ങളുടെ സ്ഥലവും സമയവും ജില്ലാതലത്തില്‍ അറിയിക്കും. കുട്ടികളുടെ വാക്‌സിനേഷനായി ആരോഗ്യവകുപ്പ് വിശദമായ മാര്‍ഗരേഖ പുറത്തിറക്കും. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. 2010ല്‍ ജനിച്ച എല്ലാവര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെങ്കിലും വാക്‌സിന്‍ എടുക്കുന്ന ദിവസം 12 വയസ് പൂര്‍ത്തിയാല്‍ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. ഏതാണ്ട് 15 ലക്ഷത്തോളം പേർ ഈ വിഭാഗത്തിൽ ഉണ്ടെന്നാണ് കണക്ക്. 2010 മാര്‍ച്ച് 16ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സാധിക്കും. അതുപോലെ അവരുടെ ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവര്‍ക്കും വാക്‌സിനെടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം. മുതിര്‍ന്നവര്‍ക്ക് കോവിഷീല്‍ഡും കോവാക്‌സിനും 15 മുതല്‍ 17 വയസുവരെയുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സാണ് ലഭിക്കുക. സംസ്ഥാനത്ത് ഇന്ന് മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാം.
English summary; Vaccination of children from today
You may also like this video;