Site iconSite icon Janayugom Online

കുട്ടികളുടെ വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും: ആരോഗ്യമന്ത്രി

veena georgeveena george

സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. മുതിര്‍ന്നവര്‍ക്കായി 875 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കോഴിക്കോട് 1,34,590 ഡോസ്, എറണാകുളം 1,97,900 ഡോസ്, തിരുവനന്തപുരം 1,70,210 ഉള്‍പ്പെടെ ആകെ 5,02,700 ഡോസ് വാക്‌സിന്‍ എത്തിയിട്ടുണ്ട്. ഇന്ന് 1,45,530 ഡോസ് വാക്‌സിന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ എടുത്ത് തീരുന്ന മുറയ്ക്ക് വീണ്ടും വാക്‌സിന്‍ നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. നല്ല രീതിയില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷന്‍ ഇതുവരെ 98 ശതമാനവും രണ്ടാം ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തോളവുമായി.

സ്‌കൂളുകളില്‍ വാക്‌സിനെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികളില്‍ എത്ര പേര്‍ എടുത്തിട്ടുണ്ടെന്നുള്ള ഡേറ്റ കൈമാറണമെന്ന് ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഏറ്റവും ചിട്ടയായ രീതിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 45 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ഇന്ത്യയില്‍ ഒമിക്രോണ്‍ കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനം വലിയ ജാഗ്രതയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. കോവിഡ് വരാതെ എല്ലാവരും സൂക്ഷിക്കണം. അതോടൊപ്പം പ്രധാനമാണ് വാക്‌സിനെടുക്കുക എന്നുള്ളത്. 

അതുകൊണ്ട് ഈ ദിവസങ്ങള്‍ പ്രധാനമാണ്. അതനുസരിച്ചാണ് വാക്‌സിനേഷന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാണ് ശനിയും ഞായറും മുതിര്‍ന്നവരുടെ വാക്‌സിനേഷനായി പ്രത്യേക ഡ്രൈവ് നടത്തിയത്. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും വാക്‌സിനെടുകയും വേണം. തന്നെ വ്യാപനം ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം സ്വയം നിരീക്ഷണമാണ്. എങ്കിലും നിരീക്ഷണ സമയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങി ഷോപ്പിംഗ് മാളുകള്‍, കല്യാണങ്ങള്‍, പൊതു ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ പോകാനുള്ള സമയമല്ല. അവര്‍ക്ക് യാതൊരുവിധ സാമൂഹിക സമ്പര്‍ക്കങ്ങളും പാടില്ല. എല്ലാവരും ക്വാറന്റെന്‍ നിര്‍ബന്ധമായും പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ENGLISH SUMMARY:Vaccination of chil­dren will be com­plet­ed on time: Health Minister
You may also like this video

Exit mobile version