Site icon Janayugom Online

സ്കൂളുകളില്‍ വാക്സിനേഷന്‍ തുടങ്ങി: ഇന്ന് മുതൽ കൂടുതൽ സ്കൂളുകളിൽ

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതൽ സ്കൂളുകളിൽ വാക്സിനേഷൻ സെഷനുകൾ ആരംഭിക്കും. ഇന്നലെയാണ് സ്കൂളുകളില്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കി തുടങ്ങിയത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ബുധനാഴ്ച മറ്റ് പ്രതിരോധ വാക്സിനേഷൻ നൽകുന്ന ദിവസമായതിനാല്‍ ആദ്യ ദിനത്തിൽ 125 സ്കൂളുകളിലെ വാക്സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്.

500ൽ കൂടുതൽ വാക്സിനെടുക്കാനുള്ള കുട്ടികളുള്ള സ്കൂളുകളെ തിരഞ്ഞെടുത്താണ് വാക്സിനേഷൻ നടത്തുന്നത്. അത് പൂർത്തിയായി കഴിഞ്ഞ ശേഷം അതിന് താഴെ കുട്ടികളുള്ള സ്കൂളുകളിലെ വാക്സിനേഷൻ സെഷനുകൾ ആലോചിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് വ്യക്തമാക്കി. മണക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാക്സിനേഷൻ കേന്ദ്രം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് സ്കൂളുകളിലെ വാക്സിനേഷൻ യാഥാർത്ഥ്യമാക്കിയത്.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് വാക്സിനേഷൻ നടത്തുന്നത്. ഡോക്ടറുടെയും സ്റ്റാഫ് നഴ്സിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. ക്ലസ്റ്ററുകളായ സ്കൂളുകളിലെ വാക്സിനേഷൻ സ്കൂൾ തുറന്ന ശേഷമായിരിക്കും നടത്തുക. കോവിഡ് വന്ന കുട്ടികൾക്ക് മൂന്ന് മാസത്തിന് ശേഷം വാക്സിനെടുത്താൽ മതി. സംസ്ഥാനത്ത് ഇന്നലെ 27,087 കുട്ടികൾക്കാണ് വാക്സിൻ നൽകിയത്. ഇതുവരെ ആകെ 57 ശതമാനം (8,668,721) കുട്ടികൾക്കാണ് വാക്സിൻ നൽകിയത്.

eng­lish sum­ma­ry; Vac­ci­na­tion start­ed in schools: in more schools from today

you may also like this video;

Exit mobile version