Site iconSite icon Janayugom Online

സിക്ക വൈറസിനെതിരെ വാക്സിന്‍

കുട്ടികളില്‍ മസ്തിഷ്ക ക്ഷതത്തിന് കാരണമാകുന്ന സിക്ക വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്റെ പരീക്ഷണം താമസിയാതെ മനുഷ്യരില്‍ നടത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ഹൈദരാബാദ് ആസ്ഥാനമായ വാക്സിന്‍ നിര്‍മ്മാതാക്കളായ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സുമായി കഴിഞ്ഞയാഴ‍്ച കരാറൊപ്പിട്ടു.
വാക്സിന്റെ ഒന്നാംഘട്ട പരീക്ഷണം, പുതിയ ഡീ ഓപ്റ്റിമൈസേഷന്‍ സങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്വാഭാവിക അണുബാധയെ പോലെ വൈറസിനെ പരിഷ്കരിക്കുന്ന രീതിയാണിത്. ഐസിഎംആറില്‍ നാല് ക്ലിനിക്കല്‍ ട്രയലുകളാണ് നടത്തുന്നത്. ഈഡിസ് കൊതുകിലൂടെയാണ് സിക്ക വൈറസ് പകരുന്നത്. ഗര്‍ഭകാലത്ത് ശിശുവിലേക്കും ലൈംഗിക ബന്ധം, രക്തദാനം, അവയവദാനം എന്നിവയിലൂടെയും രോഗം പകരാം. രോഗം സാധാരണ ഗുരുതരമല്ലെങ്കിലും ഗര്‍ഭിണികളിലെ രോഗബാധ കുഞ്ഞിന് വൈകല്യമുണ്ടാക്കും. മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭം അലസുക എന്നിവയ്ക്കും കാരണമാകും. ചില കേസുകളില്‍ ഗുരുതരമായ നാഡീരോഗങ്ങള്‍ക്ക് കാരണമാകും. രോഗപ്രതിരോധ സംവിധാനം തകരാറിലാവുകയും ഞരമ്പുകളെ ബാധിക്കുകയും ചെയ്യും. നിലവില്‍ സിക്ക വൈറസിനെതിരെ പ്രത്യേക ചികിത്സയോ, വാക്സിനോ ഇല്ല. രാജ്യത്ത് ഇക്കൊല്ലം ഇതുവരെ 600ലധികം സിക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ‍്തിട്ടുണ്ട്.

Exit mobile version