Site icon Janayugom Online

വാക്സിൻ അസമത്വം കോവിഡ് പ്രതിരോധത്തിന് തിരിച്ചടി

വാക്സിൻ വിതരണത്തിലെ അസമത്വവും അമാന്തവും കോവിഡ് പ്രതിരോധത്തിന് തിരിച്ചടിയെന്ന് വിദഗ്ധർ. തെറ്റായ വിവരങ്ങളുടെ പ്രളയം ശാസ്ത്രത്തിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നും ഇത് മഹാമാരിയെ നിയന്ത്രിക്കാനും പരാജയപ്പെടുത്താനുമുള്ള ആഗോള ശ്രമത്തെ ദുർബലപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോവിഡ് പിടിമുറുക്കിയിട്ട് രണ്ട് വർഷമായിട്ടും വാക്സിൻ വിതരണത്തിലെ അസമത്വം ഒരു നിർണായക പ്രശ്നമായി തുടരുന്നു. വാക്സിനേഷന്‍ ഇന്നലെ ഒരുവര്‍ഷം പിന്നിട്ട ഇന്ത്യയില്‍ അര്‍ഹരായവരില്‍ പകുതിയില്‍ താഴെപ്പേര്‍ക്കാണ് പൂര്‍ണമായി വാക്സിന്‍ ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 156.76 കോടി (1,56,76,15,454) കടന്നിട്ടുണ്ട്. 1,68,19,744 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

സമ്പന്ന രാജ്യങ്ങളിൽ വാക്സിനേഷൻ നിരക്ക് 60 ശതമാനത്തിന് മുകളിലാണ്. കൂടാതെ ഒമിക്രോൺ വകഭേദത്തിന്റെ വെളിച്ചത്തിൽ ബൂസ്റ്റർ വാക്സിനേഷനുകൾ നൽകുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില ദരിദ്ര രാജ്യങ്ങളിൽ വാക്സിൻ വിതരണം വളരെ പിന്നിലാണ്. ഇതുവരെ അംഗീകാരം നേടിയ ഏഴ് വാക്സിനുകളിൽ ഒന്ന് മാത്രമാണ് പലയിടത്തും വിതരണം ചെയ്തത്. മൊത്തം ജനസംഖ്യയുടെ 1.3 ശതമാനത്തിന് മാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്. ഈ അസമത്വം ആഗോള ആരോഗ്യ പ്രശ്നമാകുന്നു. വാക്സിനേഷൻ വെെകുമ്പോൾ കൊറോണ വൈറസിന്റെ പുതിയതും കൂടുതൽ അപകടകരവുമായ വകഭേദങ്ങൾ വികസിക്കാനുള്ള സാധ്യത കൂടുതലാണ്.

പൊതുജനങ്ങൾക്കിടയിലെ വാക്സിനെടുക്കാനുള്ള മടിയാണ് ഒരു തടസം. പലരും വാക്സിൻ നിരസിക്കുന്നില്ലെങ്കിലും ശാസ്ത്രനേട്ടങ്ങളെ സംശയിക്കുകയും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ വൈകുകയും ചെയ്യുന്നു. വാക്സിനുകളുടെ വിതരണം സർക്കാരുകൾക്ക് വിട്ടുകൊടുക്കുകയും പ്രാദേശിക ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ ഒഴിവാക്കുകയും ചെയ്തതാണ് രണ്ടാമത്തേത് എന്നും ചുണ്ടിക്കാട്ടുന്നു. പലപ്പോഴും വാക്സിൻ കവറേജിലെ കാലതാമസം ഉല്പാദന ശേഷിയുടെയും ഫണ്ടിങ്ങിന്റെയും ഫലമാണ്. എന്നാൽ വാക്സിൻ ഉല്പാദനം വർധിക്കുമ്പോൾ വാക്സിൻ നൽകാനുള്ള ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂന്നാമത്തെ വെല്ലുവിളിയായും ഉയർന്നുവരുന്നുണ്ട്.

Eng­lish Sum­ma­ry: Vac­cine inequal­i­ty is a set­back for covid defense

You may like this video also

Exit mobile version