Site icon Janayugom Online

വാഗമണ്ണിൽ വിസ്മയക്കാഴ്ചയായി ചില്ലുപാലം

രാജ്യത്തെ കാന്റിലിവർ മാതൃകയിലുള്ള ഏറ്റവും വലിയ ചില്ലുപാലം ഇടുക്കിയിൽ ഒരുങ്ങി. ഓണാവധിക്ക് ഇടുക്കിയിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ വിസ്മയിപ്പിക്കാൻ ഡിടിപിസിയുടെ കീഴിലുള്ള വാഗമൺ അഡ്വഞ്ചർ പാർക്കിലാണ് ചില്ലുപാലം ഒരുക്കിയിരിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ മൂന്ന് മാസത്തോളം നീണ്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒടുവിലാണ് ചില്ലുപാലം യാഥാർത്ഥ്യമാക്കിയത്.

വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന ഈ ആധുനിക വിസ്മയം ഭാരത് മാത വെൻചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലുള്ള കിക്കി സ്റ്റാഴ്സും ഡിടിപിസി ഇടുക്കിയും ചേർന്നാണ് ഒരുക്കിയത്. ഓണത്തിന് മുമ്പ് പാലം സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് ഇടുക്കി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് അറിയിച്ചു. മൂന്ന് കോടിയോളം രൂപയാണ് പാലത്തിന്റെ നിർമ്മാണ ചെലവ്. ഒരു തൂണിൽ നിന്നും തൂക്കിയിട്ടിരിക്കുന്ന രീതിയ്ക്കാണ് കാന്റിലിവർ മോഡൽ എന്ന് പറയുന്നത്. 120 അടിയാണ് ഇതിന്റെ നീളം. ഇത് ഭൂനിരപ്പിൽ നിന്നും 150 അടി ഉയരത്തിൽ ആണ് സ്ഥിതിചെയ്യുന്നത്.

സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകർഷിക്കും വിധമാണ് നിർമ്മാണം. ഒരേസമയം 30 പേർക്ക് വരെ പ്രവേശനം സാധ്യമാകും. ഇവിടെ നിന്നുള്ള കാഴ്ചകള്‍ സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഡിടിപിസി സെന്ററുകളിൽ പ്രതിദിനം ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമാണ് വാഗമൺ മൊട്ടക്കുന്നും അഡ്വഞ്ചർ പാർക്കും. ചില്ലുപാലത്തിന് പുറമേ റോക്കറ്റ് ഇജക്ടർ, ജയന്റ് സ്വിങ്, സിപ്‍ലൈൻ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, ബംഗി ട്രംപോലൈൻ തുടങ്ങി സാഹസികതയുടെ ലോകം തന്നെയാണ് വാഗമണ്ണിൽ ഓണക്കാലത്ത് വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്.

Eng­lish Sam­mury: Chillu­palam is a won­der­ful sight in wagaman 

Exit mobile version