ആനയറ കാർഷിക മൊത്തവ്യാപാര വിപണിയായ വേൾഡ് മാർക്കറ്റിൽ നടന്ന വൈഗ 2026 കാർഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ വൈഗ 2026, കർഷകരുടെ വരുമാന വർധന ലക്ഷ്യമാക്കി ഫലപ്രദമായി സംഘടിപ്പിക്കപ്പെട്ടതാണെന്ന് ഉദ്ഘാടനം പ്രസംഗത്തിൽ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാർഷിക മേഖലയിലെ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും, പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റം വലിയ പ്രതീക്ഷ നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. വീടുതോറും കൃഷി പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞത് ഈ കാലഘട്ടത്തിലെ വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കാർഷിക ഉപന്നങ്ങളുടെ പ്രദർശനവും വിപണനവും സ്ഥിരം സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ദിശയിലാണ് സർക്കാർ നീങ്ങുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷ പ്രസംദത്തില്‍ പറഞ്ഞു. 80 കോടി രൂപ മുതൽമുടക്കിൽ ഉയരുന്ന കാബ്കോ കാർഷിക സമുച്ചയത്തിലാകും അടുത്ത വൈഗ സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. കൃഷി വകുപ്പിന്റെ കാർഷിക സമുച്ചയവും എക്സിബിഷൻ സെന്ററും ഉയരുന്ന മണ്ണിലാണ് ഈ വർഷം വൈഗ നടന്നതെന്നും അത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈഗ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച ബി2ബി മീറ്റിൽ 344.53 കോടി രൂപയുടെ വ്യാപാര കരാറുകൾക്ക് ധാരണയായി. കൂടാതെ 30 കോടി രൂപയുടെ സംരംഭങ്ങൾക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കി. കാർഷിക സംരംഭകത്വവും മൂല്യവർധനയും ശക്തിപ്പെടുത്തുന്നതിൽ ഈ കരാറുകൾ നിർണായക ചുവടുവെയ്പ്പാണെന്നും മന്ത്രി വ്യക്തമാക്കി. വൈഗ 2026ന്റെ ഭാഗമായി ആദ്യമായി സംഘടിപ്പിച്ച കർഷക പാർലമെന്റ് കേരളത്തിന്റെ കാർഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ വേദിയായിരുന്നുവെന്ന് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധി കർഷകർ പങ്കെടുത്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തി. കർഷകരുടെ നേരിട്ടുള്ള നിർദേശങ്ങളും ചർച്ചകളും അടിസ്ഥാനമാക്കി ഭാവി കാർഷിക പദ്ധതികൾ രൂപപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
പാലക്കാട് നിയോജക മണ്ഡലത്തിലെ റെജിലാൽ അവതരിപ്പിച്ച അടിയന്തിര പ്രമേയം സഭ ഐക്യകണ്ഠമായി അംഗീകരിച്ചു. നെല്ല് സംഭരണവും താങ്ങുവിലയും സംബന്ധിച്ച ആശങ്കകൾ പരിഗണിച്ച് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സംസ്ഥാന ഇൻസെന്റീവായി ഇതുവരെ 2684.13 കോടി രൂപയുടെ നെല്ല് സംഭരണത്തിനായി കർഷകർക്ക് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 1000 കോടി രൂപയുടെ വന്യജീവി ശല്യം നിയന്ത്രണ പദ്ധതി അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 500 വിജയകരമായ വനിതാ കർഷകരുടെ വിജയഗാഥകൾ ഉൾക്കൊള്ളുന്ന ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രസിദ്ധീകരണമായ “കാർഷിക വീഥിയിലെ പെൺ ചുവടുകൾ” മന്ത്രി ജെ ചിഞ്ചുറാണി, അവാർഡ് ജേതാക്കളായ പി ഭുവനേശ്വരി അമ്മ, വിനോദിനി എന്നിവർക്ക് നൽകി പ്രകാശനം നിർവഹിച്ചു. കാർഷിക പ്രദർശന മേളയിൽ മികച്ച സ്റ്റാളുകൾ ഒരുക്കിയ ജില്ലകൾക്ക് സമ്മാനദാനം നടന്നു. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകൾ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. വിവിധ കാർഷിക ഉല്പന്നങ്ങളെ അടിസ്ഥാനമാക്കിയ മത്സരങ്ങളിലെ വിജയികൾക്കും പുരസ്കാരങ്ങൾ നൽകി. മുതിർന്ന കർഷകനായ ഹരികേശൻ നായർ എൻ, ചന്ദ്രമതി എന്നിവർക്കും കർഷക തൊഴിലാളിയായ സുധാകരനും ആദരം നൽകി.
കാർഷിക ഉല്പാദക കമ്മിഷണർ ഡോ. ബി അശോക് സ്വാഗതവും, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ നന്ദിയും അറിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി, എംഎൽഎമാരായ കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, നിയമസഭ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, കേരഫെഡ് ചെയർമാൻ വി ചാമുണ്ണി, കെഎല്‍ഡിസി ചെയർമാൻ പി വി സത്യനേശൻ, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ, കേരള കർഷക ക്ഷേമനിധി ചെയർമാൻ ഡോ. പി രാജേന്ദ്രൻ എന്നിവർപങ്കെടുത്തു.

