Site iconSite icon Janayugom Online

വൈക്കം സത്യഗ്രഹ ശതാബ്ദി: ഉദ്ഘാടനം ഇന്ന്

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് വൈക്കം ബീച്ചിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്നു നിർവഹിക്കും.
വൈക്കം തന്തൈ പെരിയാർ സ്മാരകത്തിൽ ഇരുസംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാര്‍ നടത്തുന്ന പുഷ്പാർച്ചനയ്ക്ക് ശേഷമാണ് ബീച്ചിൽ ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. 

മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. വിവര‑പൊതുജന സമ്പർക്ക വകുപ്പ് പുറത്തിറക്കുന്ന ‘വൈക്കം പോരാട്ടം’ എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് പ്രകാശനം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശതാബ്ദി ലോഗോ പ്രകാശനം സി കെ ആശ എംഎൽഎയ്ക്കു നൽകി എം കെ സ്റ്റാലിൻ നിർവഹിക്കും. വൈക്കം സത്യഗ്രഹം കൈപ്പുസ്തക പ്രകാശനം തോമസ് ചാഴിക്കാടന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

മന്ത്രി സജി ചെറിയാൻ സ്വാഗതം ആശംസിക്കും. ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അവതരിപ്പിക്കും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ രാധാകൃഷ്ണൻ, എ കെ ശശീന്ദ്രൻ, കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ലോക്‌സഭാംഗം ടി ആർ ബാലു, രാജ്യസഭാംഗങ്ങളായ ജോസ് കെ മാണി, ബിനോയ് വിശ്വം, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി രാമഭദ്രൻ, മുൻ രാജ്യസഭാംഗം കെ സോമപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ എന്നിവർ സന്നിഹിതരായിരിക്കും. ലക്ഷം പേർ ചടങ്ങിൽ പങ്കാളികളാകും. 

Eng­lish Summary;Vaikom Satya­gra­ha Cen­te­nary: Inau­gu­ra­tion Today
You may also like this video

Exit mobile version