Site icon Janayugom Online

ഒരു വലിയ വട്ടം

പെരും മഴയിൽ ഇടവഴിയിലൂടെ
മഴ വെള്ളം കുത്തിയൊഴുകി. പിന്നെ ശാന്തമായൊ ഴുകി. പിന്നെയും പിന്നെ മഴ ചാറ്റലായ്.
ബാക്കിവന്ന മഴ തുള്ളികളെ മരം പെയ്തു.
രാവിലെ സ്കൂളിൽ പോകുമ്പോൾ
ഒരുഭാഗം ഉടഞ്ഞതോ, ഉടയാത്തതോ ആയ
സ്ലേറ്റിൽ എഴുതിയ
പാഠഭാഗം മായിക്കാൻ വെള്ളം കുടിയൻ കൊണ്ടുപോകും.
വലിയ തണ്ടുകൾ കിട്ടിയാൽ
എന്തൊരു സന്തോഷമാണ്.
ഇല കളഞ്ഞ്
തണ്ട് ചെറിയ, ചെറിയ കഷണങ്ങളാക്കി.
ഹൊ, നിധി പോലെ സൂക്ഷിച്ച്.
കുഞ്ഞു മോഹങ്ങൾ കൂട്ടമായിട്ടാണ് നടന്നു പോകുക
ഒരു നല്ല കുപ്പായം
ഒരു പൊട്ടാത്ത സ്ലേറ്റ്.
ഒരുവലിയ വെള്ളം കുടിയൻ
ഒരു മുഴുവൻ പെൻസിൽ
ഒരു നല്ല കുട
ഒരേ ആഗ്രഹങ്ങൾ.
വെറുതെ എഴുതി, വെറുതെ വരച്ച്, വെറുതെ മായ്ച്ച്, വെറുതെ വളർന്നവർ. എവിടെ കണ്ടാലും ഹൃദയം കൊണ്ട് തൊടുന്നവർ.
തികച്ചും അവിചാരിതമായി ആ
പഴയ വെള്ളം കുടിയനെ കൈയ്യിൽ കിട്ടിയപ്പോൾ
ഒന്ന് നുള്ളി വാസനിച്ചു നോക്കി. അതേ മണം
അമ്മമ്മയുടെ വെറ്റിലയുടെ നേരിയ മണം. മനസ്സിൽ നോവിന്റെ നനവ് പടർന്നു. കണ്ണിലും
സ്ലേറ്റില്ല, കൂട്ടുകാരില്ല. വെള്ളം കുടിയനില്ല
മഴയില്ല. മരം പെയ്തില്ല.
ഒന്നുമില്ല.
ശൂന്യമായ ഒരു വട്ടം മാത്രം ബാക്കി. വെറും ശൂന്യമായ വട്ടം.

Exit mobile version