വന്ദേഭാരത് എക്സ്പ്രസ് അടുത്തയാഴ്ച സര്‍വീസ് ആരംഭിക്കുന്നതോടെ വേണാട് എക്സ്പ്രസ് ഉള്‍പ്പെടെ പല ജനപ്രിയ തീവണ്ടികളുടെയും നിലവിലുള്ള സമയക്രമം താളം തെറ്റുമെന്നുറപ്പായി. സില്‍വര്‍ ലൈനിനുള്ള ബദലാണ് വന്ദേഭാരത് എന്നു വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയില്‍ പരമാവധി സമയലാഭം കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. ട്രാക്കില്‍ മുന്നിലോടുന്ന എക്സ്പ്രസ് അടക്കമുള്ള എല്ലാ തീവണ്ടികളും വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ട് വന്ദേഭാരതിന് കടന്നുപോകാന്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കണമെന്നാണ് റെയില്‍വേ നല്‍കിയിരിക്കുന്ന നിര്‍ദേശം. ട്രാക്കിന്റെ അവസ്ഥ നോക്കാതെ വേഗത കൂട്ടുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തുന്നുണ്ട്.
തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ സര്‍വീസ് തുടങ്ങുന്ന വന്ദേഭാരതിന്റെ റൂട്ടിലുള്ള തീവണ്ടികളുടെ സമയക്രമം അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈകും. തിരുവനന്തപുരത്തിനും കാസര്‍കോടിനുമിടയ്ക്ക് പരിമിതമായ സ്റ്റോപ്പുകള്‍ മാത്രമുള്ള വന്ദേഭാരത് പരമാവധി വേഗത്തില്‍ കുതിച്ചുപാഞ്ഞ് സില്‍വര്‍ലൈനിന് ബദലെന്ന പ്രതീതി സൃഷ്ടിക്കണമെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതു നടപ്പാക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങളെല്ലാം മറികടക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍. വേണാട്, പാലരുവി എക്സ്പ്രസ് തീവണ്ടികളാണ് ആദ്യ പരീക്ഷണ ഓട്ടങ്ങളില്‍ പിടിച്ചിടേണ്ടിവന്നതെങ്കില്‍ കാസര്‍കോട്-തിരുവനന്തപുരം ഡൗണ്‍ലൈനിലെ സമയക്രമം നിശ്ചയിക്കുന്നതോടെ ചിത്രം പൂര്‍ണമാകും.
വേണാടിനു പുറമേ കേരള എക്സ്പ്രസ്, ഏറനാട് എന്നിവയ്ക്കും വന്ദേഭാരത് ഭീഷണിയാകും. പ്രതിവാര സര്‍വീസുകളുള്ള കോര്‍ബ, ഷാലിമാര്‍, വിവേക് എക്സ്പ്രസ് എന്നിങ്ങനെയുള്ള ട്രെയിനുകളും വന്ദേഭാരതിനു പാതയൊരുക്കാന്‍ വിവിധ സ്റ്റേഷനുകളില്‍ നിര്‍ത്തിയിടേണ്ടിവരും. യാത്രക്കാരുടെ സൗകര്യത്തെക്കാളും ടിക്കറ്റ് നിരക്കിനെക്കാളും റെയില്‍വേ ഉദ്യോഗസ്ഥരെ ആശങ്കയിലും ഭീതിയിലുമാഴ്ത്തുന്നത് സുരക്ഷാ ക്രമീകരണങ്ങളാണ്. നിലവില്‍ 60–70 കി.മീറ്റര്‍ വേഗതയ്ക്കപ്പുറം ട്രെയിന്‍ ഓടിക്കരുതെന്ന് മുന്നറിയിപ്പുള്ള സെക്ഷനുകളിലാണ് 90 കി.മീറ്റര്‍ വേഗതയെടുക്കാന്‍ വന്ദേഭാരതിന്റെ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് കൈവിട്ട കളിയാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
ട്രാക്കില്‍ വിവിധ കേന്ദ്രങ്ങളില്‍ അപകടകരമായ വളവുകളുള്ളതിനാല്‍ സ്പീഡ് നിയന്ത്രണം വേണമെന്ന് ഒരു വര്‍ഷം മുമ്പു തന്നെ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദേശമുള്ളതാണ്. കായംകുളം മുതല്‍ തിരുവല്ലവരെയും ചിങ്ങവനം മുതല്‍ കോട്ടയം വരെയും ട്രാക്കില്‍ കൊടും വളവുകള്‍ ഉള്ളതിനാല്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗത എടുക്കുന്നത് അപകടകരമാണ്. കോട്ടയം-ഏറ്റുമാനൂര്‍ ലൈനില്‍ 50 കിലോമീറ്ററില്‍ കൂടുതല്‍ വേഗത അരുതെന്നും നിര്‍ദേശമുണ്ട്. എറണാകുളം-കായംകുളം ഡൗണ്‍ലൈനിന്റെ സ്ഥിതിയും ഭിന്നമല്ല. 45 മുതല്‍ 80 കിലോമീറ്റര്‍ വരെയാണ് അവിടെയും അനുവദനീയമായ വേഗത.
ട്രാക്കുകളുടെ കാര്യശേഷി വിനിയോഗം 106 ശതമാനം
നിലവിലുള്ള ട്രാക്കുകളുടെ കാര്യശേഷി വിനിയോഗമാണ് സുരക്ഷയുടെ ഭാഗമായി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ഷൊര്‍ണ്ണൂര്‍-കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സെക്ഷനില്‍ ട്രാക്കിന്റെ കാര്യശേഷി വിനിയോഗം നിലവില്‍ 106 ശതമാനമാണ്. ഇതിനു പുറമേയാണ് വന്ദേഭാരതും ഓടാന്‍ ഒരുങ്ങുന്നത്. ഏതു വിധേനയും സില്‍വര്‍ലൈനിനെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാവട്ടെ, സുരക്ഷാ കാര്യങ്ങളൊന്നും ഗൗനിക്കുന്നതേയില്ല. വന്ദേഭാരതിന് സുഗമയാത്ര ഒരുക്കാന്‍ വളവുകളില്ലാത്ത മൂന്നാം പാത ഒരുക്കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും 10 വര്‍ഷത്തിനകം സാധ്യമാകുന്ന കാര്യങ്ങളല്ല അവയൊന്നും. നിലവിലുള്ള ലൈനില്‍ വേഗത കൂട്ടണമെങ്കില്‍ പോലും പുതിയ ഗേജിലുള്ള ട്രാക്കും സ്ലീപ്പറുകളും പുതിയ ബല്ലാസ്റ്റ് (മെറ്റല്‍) മെത്തയില്‍ ഉറപ്പിക്കുന്ന ശ്രമകരമായ ജോലികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഒപ്പം വളവുകളും നിവര്‍ത്തണം.
യാത്രക്കാര്‍ക്ക് എന്തുനേട്ടം
ട്രാക്കിലുള്ള മുഴുവന്‍ ട്രെയിനുകളും പിടിച്ചിട്ടും സ്റ്റോപ്പുകളുടെ എണ്ണം നാമമാത്രമാക്കിയും തീവണ്ടിയോടിച്ചതു കൊണ്ട് യാത്രക്കാര്‍ക്ക് എന്തുനേട്ടം എന്ന ചോദ്യത്തിന് റെയില്‍വേക്ക് മറുപടിയില്ല. ഒട്ടെല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുള്ള ട്രെയിനുകളില്‍ ജനറല്‍, സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റുകളില്‍ കയറാന്‍ കഴിയുമെങ്കില്‍ വന്ദേഭാരതില്‍ എസി കോച്ചുകള്‍ മാത്രമേയുള്ളൂ. വേണാട് അടക്കമുള്ള ട്രെയിനുകള്‍ക്ക് എറണാകുളം-തിരുവനന്തപുരം നിലവിലുള്ള ഓര്‍ഡിനറി നിരക്ക് 80 രൂപയും എറണാകുളം-കോഴിക്കോട് നിരക്ക് 75 രൂപയുമാണ്. വന്ദേഭാരതില്‍ അന്തിമ നിരക്ക് തീരുമാനമായിട്ടില്ലെങ്കിലും ഈ റൂട്ടില്‍ നിലവിലുള്ള തേര്‍ഡ് എസി നിരക്കായ 550നേക്കാള്‍ നിരക്ക് ഉയരുമെന്നുറപ്പ്.
English Summary: vande bharat; Speeding is a safety hazard
You may also like this video