Site iconSite icon Janayugom Online

വണ്ടൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം: സംശയം മൂലമെന്ന് പൊലീസ്

വണ്ടൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സംശയത്തെ തുടര്‍ന്നെന്ന് പൊലീസ്. 14 കാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന 16കാരന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രണയിതാക്കളായ ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. കൊലപ്പെടുത്തും മുമ്പ് ലൈംഗികമായി പീഡിപ്പിച്ചു. കുറ്റകൃത്യത്തിൽ 16കാരന് മാത്രമേ പങ്കുള്ളുവെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നതായി ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വരെ ആണ്‍കുട്ടിക്കൊപ്പമായിരുന്നു. വൈകിട്ട് മൂന്നിന് ശേഷമാണ് കൊലപാതകം നടന്ന സ്ഥലത്ത് എത്തുന്നത്. നിലമ്പൂർ — ഷൊർണൂർ റെയിൽപാതയിലെ തൊടികപ്പുലം, ​ വാണിയമ്പലം സ്റ്റേഷനുകൾക്കിടയിലെ പുള്ളിപ്പാടത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഇവരെത്തിയത്. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്താൽ ഇവിടെ വച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

പെരിന്തൽമണ്ണ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ 16കാരനെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് വർഷത്തിന് മുകളിൽ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളില്‍ മാത്രമേ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടികൾക്കെതിരെ എഫ്ഐആർ ഇടാൻ സാധിക്കൂ. ഈ കേസിൽ എഫ്ഐആർ ഇട്ടിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Exit mobile version