Site iconSite icon Janayugom Online

എഴുത്തുകാരും എഴുത്തച്ഛന്മാരും

എഴുത്ത് മരംചാട്ടംപോലെയാണ്. ഏതറ്റംവരേയും ചാടാം. വീണ്ടും തറയിലേക്കിറങ്ങാം. കൊമ്പ് കുലുക്കാം. കൊഞ്ഞനം കുത്താം. ഇങ്ങനെ ജംബുചെയ്ത് എഴുത്തിന്റെ ബാലൻസ് നിലനിർത്താൻ കഴിയണം. ഞാനൊരു എഴുത്തുകാരനായത് ഞാൻപോലും അറിയാതെയാണ്. കുടുംബത്തിൽ സാഹിത്യകാരന്മാരായി ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് വേണ്ടത്ര പ്രോത്സാഹനം ആരും തന്നതുമില്ല. പോയത്തങ്ങളും കേട്ടുകേൾവികളും നിറഞ്ഞ നാട്ടുപ്രദേശം. തീർത്തും പച്ചപ്പിന്റെ മണ്ണ്. മണ്ണിന്റെ മണമുള്ള മനുഷ്യർ. ചുറ്റും കുപ്പായമിടാത്ത കഥാപാത്രങ്ങൾ. ആ നാട്ടിൻപുറത്ത് അന്ന് എഴുത്തുകാരും എഴുത്തച്ഛന്മാരും ഉണ്ടായിരുന്നില്ല. ഉണ്ടായത് ബീഡിത്തൊഴിലാളികളും നെയ്ത്തുകാരും നാടകക്കാരുമായിരുന്നു. എന്റെ ജന്മസ്ഥലം ഒരു നാടക ഭൂമിയാണ്. അക്കാലത്താണ് പ്രശസ്ത നാടകപ്രവർത്തകരായിരുന്ന ജി ശങ്കരപ്പിള്ളയെയും പി കെ വേണുക്കുട്ടൻനായരെയും ആദ്യമായി കണ്ടത്. 

കുട്ടിക്കാലത്ത് വായനശാലയിലൊക്കെ പോകുന്നത് വലിയ തെറ്റാണ്. സ്വഭാവവും ജീവിതരീതിയും മാറിപ്പോകുമെന്നുള്ള കുടുംബക്കാരുടെ ആധി. ഒരിക്കൽ ഉമ്മ പറഞ്ഞു. “നീ കാര്യമ്പുവിനെക്കുറിച്ചെഴുതിയത് നാട്ടിൽപ്പാട്ടാണ്. എന്തിനാണ് മോനേ, ഇങ്ങനെയൊക്കെ എഴുതുന്നത്?” അന്നേ ഉമ്മയ്ക്ക് എഴുത്ത് ഭയമാണ്. നാട്ടുകാരുടെ അതുമിതും പറച്ചിൽ കേട്ട്. വാസ്തവത്തിൽ കാര്യമ്പുവിനെക്കുറിച്ച് എന്താണെഴുതിയത്? ഒന്നും എഴുതിയില്ല. അയാളൊരു ബീഡിത്തൊഴിലാളിയാണ്. ഒരു അംഗപരിമിതന്‍. വയ്യായ്കയിലും ജീവിതത്തെ എത്ര കരുതലോടെയാണ് കൊണ്ടുപോകുന്നത്. കാര്യമ്പു ഒരു തണലാണ്, കുടുംബത്തിലെ ഒരുപാടുപേരുടെ. മറ്റൊരിക്കൽ ഉമ്മ പറഞ്ഞു. “അസുഖം വന്നാൽ മരുമക്കളേയുംകൊണ്ട് ആശുപത്രിയിൽ പോകാൻ വയ്യ. അപ്പോൾ ഡോക്ടർ ചോദിക്കും. മോൻ സാഹിത്യകാരനാണ് അല്ലേ? അതാണ് മരുമക്കൾക്കൊക്കെ ഇത്രയും നല്ല പേര്…” അങ്ങനെ പേരിലെങ്കിലും കാവ്യാത്മകം ദർശിച്ചതിൽ ആ ഭിഷഗ്വരനോട് വലിയ നന്ദിയുണ്ട്. ഇതുവരെ ഞാനെഴുതിയതൊന്നും അങ്ങേര് വായിച്ചില്ലെങ്കിലും മരുമക്കൾക്കിട്ട പേരെങ്കിലും ശ്രദ്ധിച്ചല്ലോ. സന്തോഷായി.
വളരെ സ്വാതന്ത്ര്യത്തിലും ആഘോഷത്തിലും വളർന്നവനാണ് ഞാൻ. ദാരിദ്യ്രം, വിശപ്പ് ഇതൊന്നും കുട്ടിക്കാലത്ത് അറിഞ്ഞിരുന്നില്ല. അറിഞ്ഞതാവട്ടെ, നാടുവിട്ടു മറ്റൊരു രാജ്യത്ത് കുടിയേറിയപ്പോഴായിരുന്നു. മറുനാടൻ ജീവിതം ഒരു വലിയ പാഠശാലയാണ്. എല്ലാം തനിയെ സ്വായത്തമാക്കാനുള്ള സർവ്വകലാശാല. അവിടെ നാടുവിട്ടുവരുന്ന എല്ലാ പരദേശികളും ഒറ്റയ്ക്കാണ്. ഈ ഒറ്റപ്പെടൽമൂലമാണ് മിക്ക പരദേശികളും പിന്നീട് വലിയ വായനക്കാരായിത്തീരുന്നത്. ജയിലിൽ കിട്ടുന്നതുപോലെ പരദേശ വാസത്തിലും ഒരു പുതപ്പുണ്ടാകും. അതിനുള്ളിലായിരിക്കും അവന്റെ എല്ലാ രാപ്പനികളും. കണ്ണീരും കാഴ്ചകളും വിരഹവും വേദനയും മൂടിവെയ്ക്കുന്ന ഒളിത്താവളം. ഈ കാത്തിരിപ്പിനിടയിൽ ചിലപ്പോൾ അവന്റെ സ്വപ്നങ്ങൾ പുതപ്പ് ചാടും. കുറ്റവാളികൾ ജയിൽ ചാടുംപോലെ. 

നാടുവിടുമ്പോൾ കുറേശ്ശ എഴുതുമായിരുന്നു. അത് മൂർച്ചിച്ചതും രോഗമായതും മരുഭൂമിയിലെ വെയിൽ കൊണ്ടായിരുന്നു. അങ്ങനെ മണൽവാസം എഴുത്തുമുറിയായി. വായനയിൽ സ്വന്തം ഭാഷ ചേർത്തു പിടിക്കുമ്പോൾ ജീവിതത്തിൽ മറ്റു ഭാഷകളാണ് സംസാരിച്ചുകൊണ്ടിരുന്നത്. അത് ജീവിതത്തിന്റെ ഭാഗമാണ്. ജോലി അങ്ങനെയായിരുന്നു. പല ഭാഷകൾ സംസാരിക്കേണ്ടി വരുന്ന ടെലിഫോൺ ഓപ്പറേറ്റർ. ഈ ഭാഷകൾക്കിടയിൽ ഞാനെന്റെ ഭാഷയിൽ ഒരുപാട് എഴുതി. അതൊക്കെ കഥയായി, കവിതയായി, നോവലായി, തിരക്കഥയായി, അനുഭവമായി. എല്ലാം കേട്ടറിഞ്ഞത്. കണ്ടറിഞ്ഞത്. വർഷങ്ങൾക്കുശേഷം കൊടുംവേനലും തണുപ്പും കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ നാടും വിലാസവും മാറിപ്പോയി. ഞാനെപ്പോഴും കുടിയേറ്റക്കാരൻ തന്നെ. അതുകൊണ്ടാണ് ഒരു ബഹളത്തിലും എനിക്കെന്നെത്തന്നെ കാണാൻ കഴിയാത്തത്. എഴുത്തുകാരെയും എഴുത്തച്ഛന്മാരെയും എനിക്ക് വലിയ പേടിയാണ്. അവർ നടത്തുന്നതൊക്കെ കവിയരങ്ങാണെന്നു അവർ പറയുന്നു. കൂട്ടംകൂടി പരദൂഷണം പറയുന്നതും അവർക്കു കവിയരങ്ങാണ്. പഴയ തലമുറയുടെ സൗഹൃദമൊന്നും പുതിയവർക്കില്ല. എംടി, കുഞ്ഞുണ്ണിമാഷിനെപ്പോലെയുള്ളവരുടെ സ്നേഹം, വാത്സല്യം കിട്ടിയിട്ടുണ്ട്. അതൊക്കെ വലിയ നേട്ടങ്ങളാണ്. സമ്പാദ്യമാണ്. എഴുത്തിൽ കിട്ടിയ തലോടൽ. ഞാനൊരിക്കൽ എം മുകുന്ദനോട് പറഞ്ഞു. “മുകുന്ദേട്ടാ, നിങ്ങൾ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളൊക്കെ എനിക്കെന്റെ ബന്ധുക്കളായി തോന്നുന്നു. ഗ്രാമത്തിലും നഗരത്തിലും ജീവിക്കുന്ന മനുഷ്യജന്മങ്ങൾ… ’
പുസ്തകങ്ങളാണ് എന്റെ ചങ്ങാതി. അതൊരിക്കലും ചതിക്കില്ല. പല കാരണങ്ങളാൽ ചുറ്റുപാടുകൾ എന്നെ തളർത്തുമ്പോൾ പുസ്തകം എന്നെ ആശ്വസിപ്പിക്കും. ചേർത്തുപിടിക്കും. പുസ്തകങ്ങൾക്കിടയിൽ വായനശാലയിലാണ് എന്റെ അസ്തിത്വം. 

Exit mobile version