അപൂർവമായ രസതന്ത്രമാണ് ആർട്ടിസ്റ്റ് ഗോപാലനും കാമ്പിശേരി കരുണാകരനും തമ്മിലുണ്ടായിരുന്നതു്. കാമ്പിശേരി മനസിൽ കാണുന്നതു് ഗോപാലൻ കടലാസിൽ വരച്ചു വയ്കും. ജനയുഗം വാരികയെ അണിയിച്ചൊരുക്കുന്നതിൽ ഇരുവരും തമ്മിലുള്ള ആത്മബന്ധം വലിയ പങ്കു വഹിച്ചു. പതിനഞ്ചു വർഷമാണ് വാരിക കാമ്പിശേരി കൈകാര്യം ചെയ്തത്. 1962 ൽ ജനയുഗം വാരിയുടെ ചുമതല വൈക്കം ഒഴിഞ്ഞപ്പോഴാണ് കാമ്പിശേരി ആ സ്ഥാനം ഏറ്റെടുക്കുന്നതു്. അധികം വൈകാതെ ഗോപാലനും കാമ്പിശേരിയോടൊപ്പം ചേർന്നു.
വരകളുടെ ലോകത്തേക്കുള്ള ഗോപാലന്റെ വരവ് എങ്ങനെ എന്ന ചോദ്യത്തിന് എത്തപ്പെട്ടു എന്നു മാത്രമേ പറയാനുള്ളു എന്നായിരുന്നു മറുപടി. കുട്ടിയായിരിക്കുമ്പോഴേ വരയ്ക്കാനുള്ള വാസന ഉണ്ടായിരുന്നു. കടകളിൽ തൂങ്ങിക്കിടക്കുന്ന ആഴ്ചപതിപ്പുകൾ മറിച്ചു നോക്കി അതിലെ വരകൾ ശ്രദ്ധിക്കും. പഠിച്ചു കൊണ്ടിരുന്ന ചവറ ശങ്കരമംഗലം സ്കൂളിനുമുന്നിലെ മുറുക്കാൻ കടക്കാരൻ വാരികകൾ മറിച്ചു നോക്കാൻ അനുവദിച്ചിരുന്നു. അങ്ങനെയിരിക്കെ കേരള കൗമുദി ഓണം വിശേഷാൽ പ്രതിയിൽ (1955) റാണി എന്ന കാവ്യം അച്ചടിച്ചുവന്നു. തോണിക്കാരനെ കാത്ത് റാണി തോണിക്കടവിൽ നില്ക്കുന്ന രംഗമാണ് അതോടനുബന്ധിച്ച് ചേർത്ത ചിത്രം. വല്ലാതെ ആകർഷിച്ച ചിത്രമായിരുന്നു അതു്. അത് വരച്ചതു് വി എം ബാലനായിരുന്നു. പച്ചാളം സ്വദേശിയായ ബാലനെ പരിചയപ്പെടമെന്ന് ആഗ്രഹിച്ചു. ബാലന്റെ മേൽവിലാസം തേടിപ്പിടിച്ച് കത്തെഴുതി. തനിക്ക് ചിത്രരചന പഠിക്കണമെന്ന ആഗഹം കത്തിലെഴുതി. അപ്രതീക്ഷിതമെന്നു പറയട്ടെ കുറച്ചു ദിവസം കഴിഞ്ഞ് മറുപടി വന്നു. പഠിത്തം കഴിഞ്ഞു വന്നാൽ ചിത്രരചന പഠിപ്പിക്കാമെന്നായിരുന്നു മറുപടി. ഗോപാലന്റെ സന്തോഷത്തിന് അതിരില്ലാതായി. ഏതാനും മാസം കഴിഞ്ഞപ്പോൾ എസ് എസ്എൽസി പരീക്ഷ എഴുതി. നേരെ പച്ചാളത്തേക്ക് വണ്ടി കയറി. രണ്ടര വർഷം അവിടെ താമസിച്ചു പഠിച്ചു. ഇന്ത്യൻ ഇങ്കിൽ ചിത്രങ്ങൾ വരയ്ക്കുന്ന രീതിയാണ് പഠിപ്പിച്ചതു്. മലയാള വാരികകൾ കളർ ചിത്രങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളെ കളർ ചിത്രങ്ങളാക്കണമെങ്കിൽ ബ്ലോക്കെടുക്കുന്ന ചിത്രങ്ങളിലും മാറ്റം വരുത്തണം. ആ സാങ്കേതിക വിദ്യ വശമാക്കണമെന്ന ചിന്തയുമായി ചവറയിലേക്കു മടങ്ങി. അന്ന് കൊല്ലത്ത് സിനി നാരായണൻ അതിൽ മിടുക്കനാണന്ന് കേട്ടു. അങ്ങനെ സിനിനാരായണനെ സമീപിച്ചു. സിനി നാരായണന്റെ ആഫീസ് കൊല്ലം മെയിൻ റോഡിൽ മലയാള രാജ്യം ആഫീസിനു താഴെയായിരുന്നു.
മലയാള രാജ്യം, മാതൃഭൂമി വാരികകൾ കളറിലേക്ക് മാറിയിരുന്നു സിനി കളറിൽ വരക്കാൻ പഠിപ്പിക്കും. ബ്ലാക് ആന്റ് വൈറ്റ് വരകൾ ഗോപാലൻ വരയ്ക്കണം ഇതായിരുന്നു അവർ തമ്മിലുള്ള കരാർ. ധാരാളം വർക്കുകളുള്ള ആളായിരുന്നു സിനി. ഗോപാലന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ചിത്രരചനയിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതു് ഒരു കുറവായി സിനി കണ്ടു. അതിനൊരു പരിഹാരവും ഉണ്ടാക്കി. മദ്രാസ് സർക്കാരിന്റെ എംബിടിഇ കോഴ്സിന് രജിസ്റ്റർ ചെയ്തു. കച്ചേരി മുക്കിലുള്ള മാധവ സേട്ടിന്റെ സ്ഥാപനത്തിൽ കോച്ചിംഗും ഏർപ്പാടു ചെയ്തു. പടം വരയ്ക്കാൻ അറിയാവുന്നതു കൊണ്ട് സ്ഥാപനത്തിൽ സ്ഥിരമായി പോകണ്ട. പരീക്ഷയ്ക്ക് വേണ്ട അത്യാവശ്യം കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്തു. തിരുനല്‍വേലിയില്‍ ആയിരുന്നു പരീക്ഷാ സെന്റർ. ഏതാനും ഘട്ടമായി പരീക്ഷ എഴുതി ക്ലാസോടെ പാസ്സാകുകയും ചെയ്തു. ഇതിനിടയിൽ ബ്ലാക്ക് ആന്റ് വൈറ്റിനൊപ്പം കളർ ചിത്രങ്ങളും തയ്യാറാക്കാൻ ഗോപാലൻ പഠിച്ചു.
സിനിയുടെ ആഫീസിന്റെ തൊട്ടു മുകളിലുള്ള മലയാളരാജ്യം ആഫീസിലെ നിത്യസന്ദർശകനായിരുന്നു ഗോപാലൻ. മലയാളരാജ്യത്തിലെ ആർട്ടിസ്റ്റ് ശങ്കരൻ കുട്ടിയായിരുന്നു. ശങ്കരൻ കുട്ടിക്ക് ജോലി തിരക്കുള്ളപ്പോൾ പല ജോലിയും ഗോപാലനെ ഏല്പിക്കും. ഇതിനിടയിൽ ശങ്കരൻ കുട്ടി മലയാള രാജ്യം വിട്ട് ദേശബന്ധുവിൽ കയറി. ആ ഒഴിവിൽ ഗോപാലനെ നിയമിക്കാൻ പത്രത്തിന്റെ മാനേജർ നിർദ്ദേശം വെച്ചെങ്കിലും ഉന്നതർ ഇടപെട്ട് നിയമനം തടഞ്ഞു.
കേരളശബ്ദത്തിൽ
മുൻ എം പി യും, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായിരുന്ന വി പി നായരുടെ പത്രാധിപത്യത്തിൽ കേരളശബ്ദം ആരംഭിച്ച കാലമായിരുന്നു. അവിടെ സ്ഥിരമായി ഒരു ആർട്ടിസ്റ്റ് ഇല്ലായിരുന്നു. എസ് എൻ കോളേജ് അധ്യാപകനായിരുന്ന രാമകൃഷ്ണൻ സാറായിരുന്നു ചിത്രങ്ങൾ വരച്ചു നല്കിയിരുന്നതു്. ഒന്നുരണ്ടു ചവറക്കാർ പരിചയപ്പെടുത്തിയപ്പോൾ ഗോപാലനെ ഒന്നു പരീക്ഷിക്കാൻ വി പി നായർ സമ്മതിച്ചു. അന്ന് കേരളശബ്ദത്തിൽ കെ എസ് ചന്ദ്രന്‍ ചേർന്നു കഴിഞ്ഞു. മാലി മാധവൻ നായരുടെ ഭാരതം തുടർക്കഥ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. അതിലെ ഒരു രംഗം പെട്ടന്ന് വരച്ചു കൊണ്ടുവരാനായിരുന്നു വി പി നായർ നിർദ്ദേശിച്ചത്. ഗംഗാദേവി എട്ടാമത്തെ പുത്രനെ കൊല്ലാൻ വരുന്നു. ശന്തനു ചക്രവർത്തി അരുതേ എന്നു പറയുന്നു. അതായിരുന്നു വരക്കാൻ പറഞ്ഞ രംഗം. അപ്പോൾ 11 മണി. നാല് മണിക്ക് മുമ്പ് വരച്ചു കിട്ടണമെന്ന നിർദ്ദേശവും ഉണ്ടായി. ഗോപാലൻ കിട്ടിയ വണ്ടിയിൽ ചവറയിലെ വീട്ടിലേക്കു പാഞ്ഞു.
നാല് മണിക്ക് മുമ്പു തന്നെ ഗോപാലൻ തിരിച്ചെത്തി. വരച്ച പടം കണ്ടപ്പോള്‍ വി പി നായർക്കും കെ എസ് ചന്ദ്രനും ഇഷ്ടപ്പെട്ടു. നന്നായിരിക്കുന്നു ഉടൻ തന്നെ ക്വയിലോൺ ബ്ലോക്സിലെ തങ്കപ്പൻ പിള്ളയെ അതേല്പിച്ചു. അടുത്ത ലക്കത്തിൽ കൊടുക്കാൻ വേഗം ബ്ലോക്കെടുത്തു തരാൻ പറഞ്ഞു. അച്ചടിച്ച് വന്നപ്പോൾ വരയിലെ മിഴിവ് കണ്ടില്ല. ബ്ലോക്ക് ചെയ്യാൻ കൊടുക്കുന്ന പടത്തിൽ ചില്ലറ മിനുക്കുപണി നടത്തണമായിരുന്നു. അതു് ക്വയിലോൺ ബ്ലോക്സിലെ നിത്യ സന്ദർശനത്തിലൂടെ മനസിലാക്കി. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ കളറിലാക്കണമെങ്കില്‍ മൂന്ന് ബ്ലോക്ക് എടുക്കണം. മൂന്ന് കളറില്‍ വിഭജിച്ച് വരയ്ക്കാന്‍ അറിവുള്ള ആര്‍ട്ടിസ്റ്റുകള്‍ക്കേ അതിനു കഴിയൂ. വളരെ വേഗം ഗോപാലന്‍ അത് പഠിച്ചു.
അപ്പോഴേക്ക് വൈക്കം ജനയുഗം വിട്ട് കേരളശബ്ദം ഗ്രൂപ്പിലെ കുങ്കുമത്തില്‍ എഡിറ്ററായി ചേര്‍ന്നു. കേരളശബ്ദം ഗ്രൂപ്പില്‍ വൈക്കം, കെ എസ് ചന്ദ്രൻ, ആനന്ദക്കുറുപ്പ്, കല്ലട വാസുദേവൻ തുടങ്ങിയവർ ജോലി ചെയ്യുന്നു. എം എൻ രാമചന്ദ്രൻ നായർ മാനേജർ. ഉച്ചയാകുമ്പോൾ കാമ്പിശേരി അവിടെ വരും. പിന്നെ ഒരു ഉത്സവമാണ്. ചിലപ്പോൾ കാർട്ടൂണിസ്റ്റ് യേശുദാസനും വരാറുണ്ടായിരുന്നു.
ജനയുഗത്തിലേക്ക്
കേരളശബ്ദം ഗ്രൂപ്പ് കൃഷ്ണസ്വാമി റഡ്ഡ്യാർ ഏറ്റെടുത്തു. ജനയുഗത്തിൽ നിന്ന് യേശുദാസൻ ശങ്കേഴ്സ് വീക്കിലിയിലേക്കു പോയി. ജനയുഗം ഒരു ആർട്ടിസ്റ്റിനെ തെരയുന്ന കാലം. കേരളശബ്ദം 60 രൂപയാണ് ഗോപാലന് ശമ്പളം നിശ്ചയിച്ചത്. അന്നതൊരു നല്ലതുകയായിരുന്നു. കുണ്ടറ അലിൻഡ് കമ്പനിയുടെ പുഷ്കല കാലമാണ്. റഡ്ഡ്യാരുടെ കമ്പനിയാണ് അലിൻഡിനാവശ്യമായ പാക്കിംഗ് കേസും ലേബലും തയാറാക്കുന്നത്. അതു് അണിയിച്ചൊരുക്കുന്ന ജോലി ഗോപാലനെ ഏൽപ്പിക്കാന്‍ ആലോചന നടക്കുന്ന സമയമാണ്. അതിൽ നിന്നും നല്ല വരുമാനം നല്കാമെന്ന് വാഗ്ദാനവും ഉണ്ടായി. കാമ്പിശേരിയുടെ മനസ്സിൽ ഗോപാലനെ ‘തപ്പണ’മെന്ന് ആലോചനയുണ്ടായി. അതിനൊരു തന്ത്രം മെനഞ്ഞു. കല്ലട വാസുദേവനാണ് കരുക്കൾ നീക്കിയതു്. കല്ലട വാസുദേവന്റെ ദേശിംഗനാട് റാണി ജനയുഗം വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കുമെന്ന് അറിയിപ്പു വന്നു. അതിനൊന്ന് വരയ്കാമോ എന്ന് വാസുദേവൻ ഗോപാലനോട് ചോദിച്ചു. കാമ്പിശേരിയെ ഒന്നു കാണാനും ഗോപാലനോടാവശ്യപ്പെട്ടു. ഗോപാലനും വാസുദേവനും കൂടി കാമ്പിശേരിയെ കണ്ടു അധികം വളച്ചുകെട്ടൊന്നുമില്ലാതെ കാമ്പിശേരി പറഞ്ഞു ‘ഗോപാലാ, ജനയുഗത്തിനു വേണ്ടി സ്ഥിരമായി വരച്ചു കൂടേ? — 50 രൂപ തരും- ഗോപാലന് അതിൽ കൂടുതൽ കിട്ടുന്നുണ്ടന്ന് അറിയാം — സമ്മതമാണങ്കിൽ നാളെ മുതൽ വാ..’ എന്ന് പറഞ്ഞു കൂളായി അദ്ദേഹം പുറത്തേക്കു പോയി. ഗോപാലൻ ആകെ അമ്പരന്നു. കമ്മ്യൂണിസ്റ്റ് ആവേശം ഒരു വശത്ത്. നല്ല വരുമാനം കിട്ടുന്ന ജോലി കളയണമോ എന്ന ചിന്ത മറുവശത്ത്. ആകെ ചിന്താക്കുഴപ്പം കല്ലട വാസുദേവൻ ഗോപാലനെ വിളിച്ച് തൊട്ടടുത്ത ഹോട്ടലിലേക്ക് നടന്നു. കാമ്പിശേരിയെ ഉപേക്ഷിക്കാൻ മനസു വന്നില്ല. അങ്ങനെ ഗോപാലൻ ജനയുഗത്തിന്റെ ഭാഗമായി.
ജനയുഗം നാളുകൾ
ജനയുഗം നാളുകൾ അവിസ്മരണീയമായ അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് ഗോപാലൻ. ഒരു ആർട്ടിസ്റ്റെന്ന നിലയിൽ തനിക്ക് വളരാനുള്ള എല്ലാ അവസരവും ജനയുഗവും കാമ്പിശേരിയും തന്നു. എഴുത്തുകാരുമായി പ്രത്യേകിച്ച് പുതിയ എഴുത്തുകാരുമായി ആത്മബന്ധം വളർത്താൻ അത് സഹായിച്ചു. വരയ്ക്കുന്ന കാര്യത്തിൽ പരിപൂർണ സ്വാതന്ത്ര്യമാണ് തനിക്ക് ലഭിച്ചത്. തന്നിലർപ്പിച്ച വിശ്വാസത്തിന് ഒരു കോട്ടവും വരുത്താൻ താൻ ശ്രമിച്ചിട്ടുമില്ല. ചില നിർദേശങ്ങൾ നല്കുമെന്നതൊഴിച്ചാൽ ഇന്ന രീതിയിൽ വരയ്ക്കണമെന്നോ, ഇന്ന കഥയ്ക് പ്രത്യേക പരിഗണന നല്കണമെന്നോ ഒന്നും ഒരിക്കലും പറഞ്ഞിട്ടില്ല. ജനപ്രിയമായ ഒരു നോവൽ, ആളുകൾക്ക് ഇഷ്ടപ്പെടുന്ന കഥകൾ, രസകരമായ പംക്തികൾ, അവ ആകർഷകമായി അവതരിപ്പിക്കൽ, അങ്ങനെ വായനക്കാർക്കു പൊതുവെ ഇഷ്ടപ്പെടുന്ന ഒരു വാരിക, അതായിരുന്നു കാമ്പിശേരി വിഭാവന ചെയ്തത്. പുതുതലമുറക്ക് അതിഷ്ടമാകുകയും ചെയ്തു.
കാമ്പിശ്ശേരി ഒരിക്കൽ എഴുതി: ഭേദപ്പെട്ട ഒരു നോവൽ കൂടാതെ വായനക്കാരെ തൃപ്തിപ്പെടുത്താനാവില്ല. അതു കണ്ടെത്തുക ശ്രമകരമായ ജോലിയുമാണ്, ‘ഞങ്ങൾ വണിക്കുകളാണ്. കച്ചവടമാണ് തൊഴിൽ. നല്ല ആശയങ്ങൾ കൊണ്ടു മാത്രം ഞങ്ങൾ തൃപ്തരല്ല ഉജ്വലമായ ആശയങ്ങൾ കൊണ്ടും തൃപ്തരല്ല. എഴുതിക്കിട്ടിയാൽ പോരാ. അതച്ചടിച്ചു വിട്ടാൽ മനുഷ്യർ വായിക്കുക കൂടി വേണം’ (വൈക്കവും കാമ്പിശേരിയും ചേർന്നെഴുതിയ ലേഖനത്തിൽ നിന്ന്. (1964 ഒക്ടോ 25‑വാരിക) അത്തരം അന്വേഷണങ്ങൾ നിരന്തരം നടത്തി. അതിലേറ്റവും ക്ലിക്കായ ഒന്നാണ് ബിമൽ മിത്രയുടെ ‘വിലയ്ക്ക് വാങ്ങാം’ എന്ന നോവൽ. എം എൻ സത്യാർത്ഥിയായിരുന്നു പരിഭാഷകൻ. ആ നോവലിന് ലഭിച്ച സ്വീകാര്യത ജനയുഗത്തിന്റെ കുതിച്ചുചാട്ടത്തിന് വഴി തെളിച്ചു. ആ നോവലിന്റെ വരകൾ തനിക്ക് വലിയ വെല്ലുവിളിയായിരുന്നു എന്നാണ് ഗോപാലൻ പറയുന്നു. ഈശ്വർ ഗാംഗുലി തെരുവും, ദീപാങ്കുരനും, ലക്ഷ്മി ഏടത്തിയും, സതിയും അഘോരനപ്പൂപ്പനും, ഒക്കെ വായനക്കാരന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ ആ വരകൾ സഹായിച്ചു. കല്‍ക്കട്ടയിൽ ഒരിക്കൽ പോലും പോകാത്ത ഗോപാലനാണ് ഇതൊക്കെ വരച്ചതെങ്ങനെ പറയും. അതേപ്പറ്റി ഗോപാലന്റെ വാക്കുകൾ ഇങ്ങനെ ‘സൂക്ഷ്മമായ അംശങ്ങൾ വരെ ശ്രദ്ധിച്ചില്ലങ്കിൽ പാളിപ്പോകാവുന്ന ഒരു കാര്യമായിരുന്നു അതു്. ബംഗാളികളുടെ വേഷം, തെരുവുകളുടെ പ്രത്യേകത തുടങ്ങിയവയൊക്കെ മനസ്സിലാക്കാൻ ബംഗാളി മാഗസിനുകൾ, ബംഗാളി സിനിമകൾ തുടങ്ങിയവയൊക്കെയായിരുന്നു ആശ്രയം. വരക്കുന്നത് കാശ്മീരായാലും, ബോംബയായാലും ലണ്ടനായാലും ഇതൊക്കെ തന്നെ ശരണം. അതിന് ചിലപ്പോൾ കൂടുതൽ സമയമെടുത്തെന്ന് വരും. അതൊരപരാധമായി കണ്ട് ചിലപ്പോഴൊക്കെ പല എഴുത്തുകാരും തെറ്റിദ്ധരിച്ചിട്ടുണ്ട്’.
‘തന്റെ കഥ അടുത്ത ലക്കത്തിൽ കൊടുക്കാമെന്ന് കാമ്പിശേരി പറഞ്ഞിട്ടും അത് വന്നില്ലല്ലോ, ഗോപാലൻ ഇടയ്ക്കുനിന്ന് ചവിട്ടി പിടിക്കുകയാണോ എന്ന് സംശയിച്ച് കാമ്പിശേരിയോട് പരാതി പറഞ്ഞവരുണ്ട്. കാമ്പിശേരി അത് മുഖവിലക്കെടുക്കാറില്ല. ഞാന്‍ എന്തു ചെയ്യുന്നു എന്ന കാര്യം കൃത്യമായി നോക്കാന്‍ കാമ്പിശ്ശേരിക്കറിയാം. അതിൽ തരിമ്പും അവിശ്വാസം ഉണ്ടായിരുന്നില്ല. കൂടുതൽ പെർഫക്ഷനോടെ കഥയോ കവിതയോ അച്ചടിച്ചു വരുമ്പോൾ പരിഭവം താനേ മാറുകയും ചെയ്യും’. കാക്കനാടന്റെ ‘വസൂരി’ നോവൽ വാരികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ പുകിലൊന്നും പറയണ്ട. അതിൽ ലൈംഗികത കൂടുതലാണ് എന്ന് വിമർശനം ഉണ്ടായി. പാർട്ടിക്കകത്തുനിന്നാണ് കൂടുതൽ വിമർശനം ഉണ്ടായത്. ആ നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കേണ്ടിവന്നു. വരകളും വിമർശന വിധേയമായി. കാമ്പിശേരി തന്ത്രപൂർവം ആ വിമർശനങ്ങളെ കൈകാര്യം ചെയ്തു. യശ്പാലിന്റെ നോവലുകളുടെ പരിഭാഷ, കുറ്റാന്വേഷണ നോവലുകൾ, ചമ്പൽ കൊളളക്കാരി പുത്‌ലിഭായിയുടെ കഥ തുടങ്ങിയവയൊക്കെ വായനക്കാരെ ഏറെ ആകർഷിച്ച വിഭവങ്ങളാണ്.
1967 ൽ ഗോപാലൻ സർക്കാർ സർവീസിൽ ജോലിക്കുകയറി. ബ്യൂറോ ഓഫ് എക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിലായിരുന്നു ജോലി. പിഎസ് സി ടെസ്റ്റിന് അപേക്ഷ അയക്കാൻ പരിചയ സർട്ടിഫിക്കറ്റ് മടിച്ച് മടിച്ചാണ് കാമ്പിശേരിയോട് ചോദിച്ചത്. യാതൊരു ഭാവഭേദവുമില്ലാതെ ഉടൻ പരിചയ സർട്ടിഫിക്കറ്റ് എഴുതി കൊടുത്തു. വാരികയ്ക് ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായിട്ടും ഗോപാലനെ വിടാൻ കാമ്പിശ്ശേരി തയ്യാറായി എന്നതു് അതിശയമായിരുന്നു ഒരാളിന്റെ ഭാവി താൻ മൂലം തകരാറകണ്ടെന്ന മനസായിരുന്നു അദ്ദേഹത്തിന്റേത്. ആഫീസിലെ പലരും എതിർപ്പു കാണിച്ചിട്ടും കാമ്പിശേരി അതൊന്നും ശ്രദ്ധിച്ചില്ല.
സർക്കാർ ജോലി കിട്ടിയിട്ടും ഗോപാലൻ ജനയുഗത്തിന്റെ ഭാഗമായി തുടർന്നു. എല്ലാ ശനിയാഴ്ചയും ഗോപാലൻ തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്തും. ഒരാഴ്ചത്തേക്ക് വരയ്കാനുള്ള കാര്യങ്ങൾ ഏല്പിക്കും. അത്യാവശ്യമുള്ള കാര്യങ്ങൾക്ക് എ സതീശനെ (പ്രസ്സ് മാനേജർ ) തിരുവനന്തപുരത്തേക്കയയ്ക്കും. ഇതാണ് രീതി. സർക്കാരാഫീസിൽ ഇരുന്ന് ആഴ്ചപതിപ്പിന് വരയ്കുന്നതായി മേലാവിലേക്ക് പരാതി പോയി. ഡോ. പി കെ ഗോപാലകൃഷ്ണനായിരുന്നു ഡയറക്ടർ. അച്യുതമേനോൻ സർക്കാർ ഗവര്‍ണ്മെന്റ് സര്‍വീസിലുള്ളവരുടെ സർഗ വാസനകൾക്ക് അനുമതി നല്കിക്കൊണ്ട് ഉത്തരവിറക്കിയതിനാൽ ഒന്നും സംഭവിച്ചില്ല. മലയാറ്റൂർ, ഒഎൻവി തുടങ്ങിയവർക്കും സമാന പ്രശ്നം ഉണ്ടായതാണ്.
പത്മരാജന്‍
പ്രസ് റോഡിലുള്ള രാജൻ റസ്റ്റാറന്റിൽ പ്രഭാത ഭക്ഷണം കഴിക്കുന്ന സമയത്തു ഒരു സുന്ദര കുട്ടപ്പൻ തന്റെ മേശക്കരുകിൽ വന്നിരുന്ന രംഗം ഗോപാലൻ ഓർമിച്ചു. സ്വാതന്ത്ര്യത്തോടെ ആ ആൾ തന്റെ പ്ലേറ്റിൽ നിന്ന് മാസല ദോശ എടുത്ത് കഴിച്ചു. ഇതാരാ ഇത്രയും സ്വാതന്ത്ര്യം കാണിക്കാൻ എന്നാലോചിച്ചു. ‘ഞാൻ പത്മരാജൻ എഐആറിൽ ജോലി ചെയ്യുന്നു’. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. കേട്ടിട്ടുള്ള ശബ്ദമാണങ്കിലും നേരിട്ടു പരിചയമില്ല. അതൊരുവലിയ ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. അടുത്തടുത്ത ലോഡ്ജിലായിരുന്നു അവർ താമസിച്ചതു്. അദ്ദേഹത്തിന്റെ ‘പളുങ്കുമാല’ എന്ന കഥ അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കാമെന്ന് കാമ്പിശേരി പറഞ്ഞു. ആ കഥ വരയ്ക്കാനായി ഗോപാലനെ ഏൽപിച്ചിട്ടുണ്ടന്ന് അറിഞ്ഞിട്ടാണ് ആ വരവ്. അങ്ങനെ എത്ര എത്ര എഴുത്തുകാർ. അവരുടെ തുടക്കവും വളർച്ചയും നേരിട്ടു കാണാൻ ജനയുഗം ജീവിതം അവസരം നല്കി. അതാണ് തന്റെ ജന്മത്തിലെ ഏറ്റവും വലിയ അനുഭവം എന്ന് ഗോപാലൻ പറയുന്നു.
1977 ജൂൺ 27 ന് കാമ്പിശേരി വിട പറഞ്ഞു. ‘ആ വിടവാങ്ങലിനോട് അത്ര എളുപ്പം പൊരുത്തപ്പെടാൻ ഗോപാലന് കഴിഞ്ഞില്ല. അധികം വൈകാതെ അദ്ദേഹം ജനയുഗം വിട്ടു. കുറച്ചു കാലം തത്തമ്മ നടത്തി. ചിലർക്കൊക്കെ വേണ്ടി വരച്ചു. റിട്ടയർ ചെയ്തപ്പോൾ സ്വതന്ത്രമായ ചില ജോലികൾ ചെയ്തു. പക്ഷെ അന്നും ഇന്നും ആ ജനയുഗം കാലമാണ് എന്റെ മനസിൽ — അദ്ദേഹം പറഞ്ഞു നിർത്തി.