Site iconSite icon Janayugom Online

നോവുന്ന പെണ്ണനുഭവങ്ങള്‍

കല്ലട പ്രതാപ സിംഹന്റെ ‘ഇതു ഞങ്ങളുടെ കഥ ’ എന്ന പുസ്തകം അൻപതോളം സ്ത്രീകളുടെ അനുഭവകഥയാണ്. ഒന്നല്ലെങ്കിൽ, മറ്റു പല വിധത്തിലും നമുക്കു ചുറ്റും കാണുന്ന പച്ചയായ ജീവിതത്തിൽ നിന്നടർത്തിയെടുത്ത പെണ്ണനുഭവങ്ങളുടെ, വിങ്ങൽ നിറഞ്ഞ കഥകൾ ആരെയും ഒന്നിരുത്തിച്ചിന്തിപ്പിക്കുവാൻ പ്രേരണ നൽകുന്നു. ഹതഭാഗ്യരായ സ്ത്രീകളുടെ അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ ലിംഗസമത്വം ഉദ്ഘോഷിക്കുന്ന ഇക്കാലത്തും നമ്മുടെ സമൂഹം എവിടെയാണെത്തിനിൽക്കുന്നത് എന്നു ചിന്തിച്ചു പോകും. ഇപ്പോഴും, പെണ്ണായിപ്പിറന്നതു കൊണ്ടു മാത്രം സഹിക്കേണ്ടി വരുന്ന യാതനകളെപ്പറ്റി അറിയുമ്പോൾ, അതു അത്ര നിർവ്വികാരതയോടെ വായിച്ചുതള്ളുവാൻ കഴിയുന്നതല്ല.

സ്ത്രീകൾ ഇനിയും കൂടുതൽകൂടുതൽ ഉയിർത്തെണീക്കേണ്ടിയിരിക്കുന്നു എന്നുദ്ബോധിപ്പിക്കുന്നു ഈ സ്ത്രീപക്ഷ രചന. ആത്മാഭിമാനത്തോടെ ജീവിക്കുവാൻ പുരുഷനെപ്പോലെ തന്നെ തുല്യമായ അവകാശം സ്ത്രീകൾക്കുമുണ്ടെന്നും, പീ‍‍‍‍ഡനം ഏറ്റുവാങ്ങി ജീവിതാവസാനം വരെ ക്രൂശിക്കപ്പെടേണ്ടവരല്ല സ്ത്രീകളെന്നുമുള്ള അവബോധം ഓരോ പെണ്ണിനുമുണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഇതിലെ പെണ്ണനുഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ഓരോരുത്തർക്കും അവരവരായി ജീവിക്കുവാനുള്ള അവകാശം അനിഷേധ്യമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു.

സ്ത്രീ സമത്വവും സ്ത്രീവാദവും ഇന്നു പ്രധാന ചർച്ചാ വിഷയമാണെങ്കിലും ഓരോ സ്ത്രീ ജീവിതങ്ങളുടെയും ഉള്ളറകൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുകയും അടുത്തറിയുകയും ചെയ്യുമ്പോൾ ഏതെല്ലാം തരത്തിലാണ് സ്ത്രീകൾ ചതിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതെന്നും എന്ന് ഈ പുസ്തകം തുറന്നു കാട്ടുന്നു.പുരുഷാധിപത്യവും സ്ത്രീവിരുദ്ധതയും ഇപ്പോഴും പഴയതുപോെല തന്നെ പൊതു സമൂഹത്തിൽ നിലനിൽക്കുകയാണെന്നുള്ളത് ഒരു വസ്തുതയാണ്. ഇവയ്ക്കൊക്കെ എതിരായിട്ടു നിലവിൽ സ്ത്രീകൾക്കുള്ള നിയമപരിരക്ഷകൾ പലപ്പോഴും കടലാസിൽത്തന്നെ ഒതുങ്ങിപ്പോകുന്നതായിട്ടാണ് നമ്മൾ കണ്ടു വരുന്നത്. ലിംഗസമത്വം എന്നതുകൊണ്ട്, വിവക്ഷിക്കുന്നത്, പുരുഷവിരോധമല്ല, മറിച്ച് സ്ത്രീകൾക്കും സമൂഹത്തിൽ അഭിമാനത്തോടെ പുരുഷന്മാരെപ്പോലെ തന്നെ തുല്യാവകാശത്തോടെ ജീവിക്കുവാൻ കഴിയണം എന്നാണ്. എന്നാലിപ്പോഴും നമ്മുടെ സമൂഹത്തിൽ സ്ത്രീ ഒരുപഭോഗവസ്തു എന്നതിൽ നിന്ന് അധികം മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നത് ഒന്നുകൂടി ഉറപ്പാകുന്നു ഇതു വായിക്കുമ്പോൾ. സ്ത്രീകൾ എങ്ങനെയായിരിക്കണം എന്ന് പുരുഷാധിപത്യസമൂഹം പണ്ടേ നിർണ്ണയിച്ചു വച്ചിരിക്കുകയാണല്ലൊ. അതിനു മാറ്റം വരുന്നതിൽ സമൂഹമുൾപ്പെടുന്ന ചില മതങ്ങൾ പോലും അസഹിഷ്ണരാണെന്നു നാം കാണുന്നു.

സ്ത്രീയും പുരുഷനും തമ്മിലുള്ള ഈ വിവേചനം സമൂഹം രൂപം പ്രാപിച്ച നാൾ മുതൽ തന്നെ തുടങ്ങിയതാണല്ലൊ. സ്ത്രീ ശാക്തീകരണമെന്നും, സ്ത്രീപുരുഷ സമത്വമെന്നും ഒക്കെപ്പറഞ്ഞു വലിയ ചർച്ചകളും സംവാദങ്ങളും ഇന്നു നമുക്കിടയിൽ നടക്കുന്നുണ്ടെങ്കിലും പുരുഷാധിപത്യത്തിനും, സ്ത്രീ പീഡനത്തിനും ഒന്നും നമ്മുടെ സമൂഹം ഒട്ടു പിറകിലല്ല എന്നാണ് അനുഭവത്തിൽ നാം കാണുന്നത്. വീടകങ്ങളിൽപ്പോലും ഇപ്പോഴും സ്ത്രീകൾ പീഡനം അനുഭവിക്കുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. വെളിപ്പെടുത്തുമ്പോൾ, അറിയപ്പെടാത്തവ എത്രയോ ആയിരിക്കും. കൂടുതലും പുറം ലോകമറിയുന്നില്ല എന്നു മാത്രം. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾ ഉപഭോഗവസ്തുക്കളായിത്തീരുന്നതാണ് നാം കാണുന്നത്.

ഈ പുസ്തകം, സ്ത്രീകൾക്കൊരു മുന്നറിയിപ്പായി കണക്കാക്കാം. ദൈനംദിന ജീവിതത്തിൽ കണ്ടതും അറിഞ്ഞതുമായ സംഭവങ്ങൾ അവരുടെ അനുഭവങ്ങളുടെ രൂപത്തിൽ രചിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട്, എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തി സ്വയംപര്യാപ്തരാകാനുള്ള തിരിച്ചറിവ് വളർന്നു വരുന്ന ഓരോ പെൺകുട്ടികൾക്കുമുണ്ടാകണം. സമചിത്തതയോടെ, വിവേകപൂർവ്വം തീരുമാനം എടുക്കുവാൻ അവർക്കു കരുത്തുണ്ടാകണം. പെണ്ണായി പിറന്നു പോയതുകൊണ്ട്, സർവ്വ പീഡനങ്ങളും ഏറ്റെടുക്കുവാൻ സ്ത്രീകൾ ബാധ്യസ്ഥരാണെന്ന പൊതുബോധത്തിൽ നിന്നും മാറിച്ചിന്തിക്കുവാൻ പ്രാപ്തരാകണം.’
സ്ത്രീയും പുരുഷനും സമരാണെന്നുള്ള ബോധ്യത്തോടെ, ബന്ധങ്ങൾ നിലനിർത്തുവാനും കെണിയിൽപ്പെടാതിരിക്കുവാനും, പെൺകുഞ്ഞുങ്ങൾ പൈശാചികമായ പീഡനങ്ങൾക്കിരയാകുന്ന സാഹചര്യം ഒഴിവാക്കാനും മറ്റുമുള്ള പ്രായോഗിക ബുദ്ധിയും വിവേകവും ഉണ്ടാകണം.

ജീവിതം ആർക്കും അടിയറവു വയ്ക്കാനുള്ളതല്ല എന്നു സ്വയം ബോധമുണ്ടാകണം. സ്ത്രീ ശാക്തീകരണവും സ്ത്രീ സമത്വവും ഒക്കെ ചർച്ചയായും നിയമമായും പ്രാബല്യത്തിൽ വന്നതുകൊണ്ടു മാത്രം കാര്യമില്ല, സ്വയം മുക്തരാകാനും സ്വന്തമായ വ്യക്തിത്വം സൂക്ഷിക്കുവാനുള്ള ആർജ്ജവവും തന്റേടവും കാര്യപ്രാപ്തിയും ഓരോ സ്ത്രീയിലും ഉണ്ടായി വരുമ്പോഴേ ആത്മവിശ്വാസത്തോടെ, ലിംഗസമത്വത്തോടെ സമൂഹത്തിൽ പെരുമാറാൻ കഴിയുകയുള്ളൂ എന്ന വസ്തുത രചയിതാവ് ഇതിലൂടെ പറഞ്ഞു വയ്ക്കുന്നു.

ഇത് ഞങ്ങളുടെ കഥ
(കഥ)
കല്ലട പ്രതാപസിംഹന്‍
ലിപി പബ്ലിക്കേഷന്‍സ്
വില: 180 രൂപ

Exit mobile version