സൈന്ധവബുക്സ് പ്രസിദ്ധീകരിച്ച ജയലക്ഷ്മിയുടെ ഓൾഡ് ലാങ്സൈൻ എന്ന കഥാസമാഹാരം നവീന മലായാള ചെറുകഥയുടെ ശക്തിലാവണ്യങ്ങൾ വിളംബരം ചെയ്യുന്നു. കാലം ഹൃദയത്തിലിട്ട റോബർട്ട് ബൈറന്റെ വിഖ്യാതഗാനത്തിന്റെ ആദ്യവരിയാണ് ഓൾഡ് ലാങ് സൈൻ. ഈ കഥാസമാഹരത്തിലെ ആദ്യകഥയായ ഓൾഡ് ലാങ് സൈൻ വശ്യമായ ആഖ്യാന സ്വരതകൊണ്ടും ഭാഷയുടെ ക്രാഫ്റ്റ്കൊണ്ടും വായനക്കാരനെ വിസ്മയിപ്പിക്കുന്നു. ഹൃദയത്തെ ദ്രവീകരിക്കുന്ന തീവ്രമായ പ്രണയമാണ് ഈ കഥയുടെ ഇതിവൃത്തം. ഭാഷകളും ദേശങ്ങളും തീർക്കുന്ന അതിരുകളെ തകർത്തൊഴുകുന്ന പ്രണയപ്രവാഹത്തിന്റെ ആർദ്ര സ്പർശമാണ് ഓൾഡ് ലാങ് സൈൻ എന്ന കഥ. ഫെയ്സ്ബുക്കിന്റെ തുറന്ന വിഹായസിൽ ഹൃദയങ്ങൾ പങ്കിട്ട ലില്ലിയുടെയും ഒലിവറിന്റയും തീഷ്ണാനുരാഗവും അതിന്റെ ദുരന്തപരിസമാപ്തിയും വായനക്കാരന്റെ ഉള്ളുലയ്ക്കുന്നു.
1984 ലാണ് വില്യംഗിബ്സൺ ന്യൂമാൻസർ എന്ന നോവലിൽ സൈബർയുഗം എന്ന പരികല്പന പ്രയോഗിക്കുന്നത്. വാസ്തവാനന്തരകാലം അഥവ സത്യാനന്തരകാലം എന്നറിയപ്പെടുന്ന ഈ പുതിയകാലം സൈബർകാലം കൂടിയാണ്. നവസാമൂഹിക മാധ്യമപരിസരങ്ങൾ സാഹിത്യത്തിന്റെ പ്രമേയപരിസരങ്ങളായി പരിവർത്തിക്കപ്പെടുന്നതിന്റെ നിദർശംനം കൂടിയാണ് ഓൾഡ് ലാങ് സൈൻ എന്ന കഥ. സ്ത്രീകൾ ചിത്രപ്പണികൾ ചെയ്ത വെറും മാംസക്കൂനകളെല്ലെന്നും പെൺമയ്ക്ക് അവളുടെതായ ഒരു സ്വത്വബോധമുണ്ടെന്നും ഈ സമാഹരത്തിലെ മിക്ക കഥകളും ഉദ്ഘോഷിക്കുന്നു. ദാമ്പത്യം ഒരു തടവറയാകുമ്പോൾ അതിന്റെ അഴികൾ തകർത്തെറിയുന്ന ആധുനിക സ്ത്രീയുടെ സ്വാതന്ത്യ്ര ബോധത്തിന്റെയും പ്രതീകമായി ഈ കഥ മാറുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥകളുടെ ജനുസിൽ ഉൾപ്പെടുത്താവുന്ന കഥയാണിത് കഥകളുടെ കാലഭൈരവനായ ടി പത്മാനാഭന്റെ ഗൗരിയെ കെ പി അപ്പൻ വിശേഷിപ്പിച്ചത് പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥയെന്നാണ്. അപ്പൻസാറിന്റെ ഈ വിശേഷണം ഓൾഡ് ലാങ് സൈൻ എന്ന കഥയ്ക്കും അനുരൂപമാണ്.
സ്ത്രീ സ്വത്വത്തിന്റെ ഭിന്നാവിഷ്കാരങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് ഈ കഥാസമാഹരം. ഊഷ്മളമായ സഹജാവ ബോധത്തിന്റെയും സഹജ സ്നേഹത്തിന്റെയും കത്തിയുരുകുന്ന മെഴുകുതിരികളായും അപരിഹൃതമായ പ്രതിസന്ധികളെ അപാരമായ ഉൾക്കരുത്തോടെ അഭിമുഖികരിക്കുന്ന പോരാട്ട വീര്യമായും ഇതിൽ പെൺപാത്രങ്ങൾ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ മലയാളത്തിലെ ശക്തമായ ഒരു സ്ത്രീ പക്ഷകൃതിയാണ് ഓൾഡ് ലാങ് സൈൻ.
ജീവിതത്തിന്റെ സമകാലികതയ്ക്ക് നേരേപിടിച്ച ഒരു ദർപ്പണം കൂടിയാണ് ഓൾഡ് ലാങ് സൈൻ എന്ന കഥാസമാഹാരം. കോവിഡ് മഹാമാരിയും പ്രളയവുമൊക്കെ ഇതിലെ കഥകളിൽ പ്രമേയപശ്ചാത്തലമായി ഇതൾ വിടരുന്നു. പ്രളയം മലയാളിയെ വിലപ്പെട്ട പാഠങ്ങൾ പലതും പഠിപ്പിച്ചു. ജാതിമതങ്ങളുടെയും പണത്തിന്റെയും നിരർത്ഥകതയ്ക്കുപരിയാണ് സഹജാവബോധവും സഹജസ്നേഹവുമെന്ന് പ്രളയാനന്തരം മലയാളി കൂടുതലായി തിരിച്ചറിഞ്ഞു. പ്രളയത്തിൽ പൂവിട്ട പ്രണയം എന്ന കഥയിൽ ജാതിയമായ ഉന്നതശ്രേണിയിലുള്ള മൃണാളിനിയും മത്സ്യതൊഴിലാളിയും തമ്മിലുള്ള പ്രണയം പ്രളയത്തിന്റെ മാനവികമായ തിരുശേഷിപ്പാണ്.
ഈ കഥാസമാഹരത്തിലെ ഒരോകഥകളും വൈവിധ്യമാർന്ന പ്രമേയപരിസരത്തിൽ നിന്നാണ് പിറവി കൊള്ളുന്നത്. ഒരോ കഥയ്ക്കും അനുരൂപമായ ആഖ്യാനശൈലിയാണ് കഥാകൃത്ത് അവലംബിച്ചിട്ടുള്ളത്. മണ്ണാങ്കട്ടയും കരിയിലയും, പേടി തുടങ്ങിയ കഥകൾ ദാർശനിക സമസ്യകളുടെ നിർധാരണമാണ്. മണ്ണാങ്കട്ടയും കരിയിലയും നമുക്ക് പരിചിതമായ ഒരു നാടോടിക്കഥയാണ്. ഈ കഥയെ അപനിർമ്മിച്ചുകൊണ്ട് ജനിമൃതികൾക്കിടയിലെ ജീവിതമെന്ന മഹായാത്രയുടെ ദാർശനികത മണ്ണാങ്കട്ടയും കരിയിലയും എന്ന കഥയിലൂടെ ജയലക്ഷ്മി ആവിഷ്കരിക്കുന്നു.
മണ്ണും മാനവും സകലചരാചരങ്ങളും അനാദികാലം മുതൽ അവസാനിക്കാത്ത തീർത്ഥയാത്രയിലാണ്. ”ഇടയ്ക്ക് ചില യാത്രകൾ അവസാനിക്കണം. മറ്റു ചിലതു ആരംഭിക്കണം അതാണ്. പ്രകൃതിനിയമം.… സൃഷ്ടി സ്ഥിതി സംഹാരംമനുഷ്യാ നീ മണ്ണാകുന്നു.” (മണ്ണാങ്കട്ടയും കരിയിലയും) ഒരുവന് അന്യൻ നരകമാവുന്ന കെട്ടകാലത്തിന്റെ പരിഛേദമാണ് പേടി എന്ന കഥ. സ്നേഹോഷ്മളത ചോർന്നുപോയ ബന്ധങ്ങളുടെ നരകഭൂപടത്തിലാണ് മനുഷ്യകുലം. ഒന്നിനുമില്ലാതെ ഒന്നിനെയും ഇഷ്ടപ്പെടാൻ മനസ്സില്ലാത്ത ശത്രുഭീതിയിലാണ്ട പേടിച്ചരണ്ട അപരിചിതർ. നമ്മൾ സ്വയം തീർത്ത തടവറകളിൽ അകവും പുറവും വൈറസുകളാണ് എനിക്ക് എന്നെത്തന്നെ പേടിയായി തുടങ്ങി (പേടി) കല്ല്യാണി അമ്മയുടെ വാട്ട്സ്ആപ്പ് ദോശക്കട എന്ന കഥ ജീവിതത്തിന്റെ ദൂരൂഹസന്ധികളിൽ പീഡിപ്പിക്കപ്പെടുന്ന പെൺമയുടെ അതിജീവനത്തിന്റെയും ഉയർത്തെഴുനേൽപ്പിന്റെയും ശക്തിഗാഥയാണ്. ഒട്ടും ഇഷ്ടമല്ലാത്ത ഒരു വിവാഹബന്ധത്തിലേക്കെടുത്തെറിയപ്പെട്ട സഹനപർവ്വങ്ങളിലൂടെ കടന്നുപോയ കല്യാണി ഭർത്താവിന്റെ മരണാന്തരം അയാളെ വിചാരണചെയ്യുമ്പോൾ വെളിവാക്കപ്പെടുന്നത് സ്ഥാപനവൽക്കരിക്കപ്പെട്ട വിവാഹമെന്ന രാവണൻ കോട്ടയിൽ അകപ്പെട്ട സ്ത്രിജീവിതത്തിന്റെ നിസഹായതകളാണ്. വൈധവ്യത്തിന്റെ വെയിലിൽ വാടിക്കരിയാനല്ല, ജീവിതത്തെ വർധിത വീര്യത്തോടെ പോരാടി നേരിടാനാണ് കല്യണി തീരുമാനിക്കുന്നത്.
ബഷീറിന്റെയും വി കെ എന്നിന്റെയും ആഖ്യാനസ്വരതയോട് സമരസപ്പെടുത്തുന്ന ഒരു ശൈലി ഓൾഡ് ലാങ് സൈനിൽ ജയലക്ഷ്മി പുലർത്തുന്നുണ്ട്. ബഷീറിന്റെയോ വി കെ എന്നിന്റെയോ ശൈലിയുടെ തനിയാവർത്തനമല്ല കഥാകൃത്ത് അവലംബിക്കുന്നത്. അടിയന്ത്രം സെക്യൂലർ ഉണ്ണിത്താൻ പോലെയുള്ള കഥകളിൽ ശക്തമായ ആക്ഷേപഹാസ്യത്തിന്റെ തിരയിളക്കമുണ്ട്. മണവാളനും മണവാട്ടിയും ബന്ധുമിത്രാദികളും പൊലീസ് ജീപ്പിൽ കയറുന്ന വർണ്ണ ശബളമായ കാഴ്ച. മലയാളികളിൽ സംഘിയും കൊങ്കിയും കമ്മിയും എല്ലാമുണ്ട് എന്ന് തെളിയിച്ച കല്യാണസദ്യ കണ്ട് ക്ഷണിക്കപ്പെട്ടവരുടെ വയർ നിറഞ്ഞില്ലേലും കണ്ണ് നിറഞ്ഞു. വഴിവക്കത്ത് നിലയുറപ്പിച്ചു ജനം കുരവയിടുന്നതിനുപകരം ഉറക്കെകൂവി മംഗളം നേർന്നു. എഫ് ബി ലൈക്കു മോഹികൾ മൊബൈലുകളിൽ തത്സമയം പിടിച്ച് അടിയന്ത്രം പോസ്റ്റു ചെയ്ത് പ്രശ്സതമായി. അരികുവല്ക്കരിക്കപ്പെട്ടവർക്ക് ഒപ്പമാണ്താനെന്ന് കഥാകൃത്ത് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ”ഞാനിനി എന്തുകഴിക്കും? മിണ്ടിംപറഞ്ഞും കഞ്ഞിം കറിം വെക്കാൻ അടുക്കളയിലെ കറുത്തപെണ്ണ് ഞാനിനി അരിയാഹാരം എങ്ങനെ കഴിക്കും? വിത്ത് വിതയ്ക്കുന്നതും കൊയ്യുന്നതും പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്ന കറുമ്പയല്ലെ.
ഞാനിനി ഇവരൊക്കെയില്ലാതെ എങ്ങനെ ജീവിതവാരിധി കടക്കും. ഇത്തരം ചിന്ത കാര്യവിനാശിനിയാണെന്ന് രാമയണപാഠം. അതുകൊണ്ടാണ് മേലാളന്മാരെ നിങ്ങളുടെ തീട്ടൂരങ്ങൾ ഞാൻ അവഗണിക്കുന്നു. എല്ലാ വിലക്കുകൾക്കും അപ്പുറം ഇവരോടൊപ്പം” (ഞാനിനി ). സ്ത്രീ ദളിത് പക്ഷ നിലപാടുകളാണ് ജയലക്ഷ്മി ഓൾഡ് ലാങ് സൈനിൽ ഉടനീളം പുലർത്തുന്നത് സംഗീതം പൊഴിക്കുന്ന വാക്കുകൾ കൊണ്ടാണ് ജയലക്ഷ്മി ഓൾഡ് ലാങ് സൈൻ രചിച്ചിരിക്കുന്നത്. വ്യതിരിക്തങ്ങളായ പ്രമേയങ്ങളും ആഖ്യാനശൈലികളും നിറഞ്ഞ ഈ കഥാസമാഹാരം ഒരു ഭാവഗീതം പോലെ വായനക്കാരന്റെ ഹൃദയത്തെ ചുംബിക്കും. ശലഭങ്ങളായി പറന്ന് ആസ്വാദകരുടെ ഹൃദയാകാശങ്ങളിൽ സക്ഷത്രങ്ങളായി ജനിക്കുന്ന കഥകളാണ് ജയലക്ഷ്മിയുടെ ഓൾഡ് ലാങ് സൈൻ.
ഓൾഡ് ലാങ് സൈൻ
(കഥ)
ജയലക്ഷ്മി
സൈന്ധവ ബുക്സ്, കൊല്ലം
വില : 200 രൂപ