തന്നെത്തന്നെ പുന സൃഷ്ടിക്കാനുള്ള ഒരുവന്റെ ശ്രമമാണ്, അതിന്റെ ഉല്പന്നമാണ് കല. ആ കലാപ്രവർത്തനം അതി സൂക്ഷ്മതയോടെ പുത്തൻ ഭാവുകത്വത്തോടെയും കെ സജീവ് കുമാർ ‘മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപ്പെട്ടു’ എന്ന പുസ്തകത്തിലൂടെ നടത്തുന്നത്. ‘ഉദയദ്ഗാന പ്രകാശകലയാൽ ഉജ്ജ്വലമാക്കിയ’ ഈ ഭുവനം തന്നിൽ നിന്ന് വേറിട്ടു നിൽക്കുന്നതായി കവി കരുതുന്നില്ല. തന്റെ ഉള്ളിലെ ആഴങ്ങളിലേക്ക് കവി ഇറങ്ങുകയാണ്. അവിടെ മരണമെന്ന സത്യവുമായി സംവാദത്തിനു തുടക്കമിടുന്നു. മൂന്നു ദിവസം കാത്തിരുന്നു യമനെ കണ്ട നചികേതസ്സ് തന്റെ സംഭാഷണം ആരംഭിക്കുമ്പോലെ. (കഠോപനിഷത്ത്) ലോകത്തിലെ എല്ലാ തത്വചിന്തയും രൂപപ്പെടുന്നത് മരണവുമായുള്ള സംവാദത്തോടെയാണല്ലോ. സൂര്യനമസ്കാരത്തിന്റെ ആവൃത്തിയിൽ ഭൗതിക സ്വരൂപമായ കവിത വട്ടംമിന്നുമ്പോൾ തന്റെ ഉള്ളിൽ അബോധമായി രൂപപ്പെട്ടു കിടക്കുന്ന യോഗാത്മകത ഉണരുകയാണ്.
‘കണ്ണുകൾ വിഹായസ്സായ്
കണ്ണുകൾ ആവേഗമായി.…
നദികൾ സമുദ്രങ്ങൾ
മേഘത്തിൻമറപറ്റി
മേഞ്ഞുപോം തടാകങ്ങൾ
ഇരുളും വെളിച്ചവും
ഭൂമിതൻ രജസ്ഥലം’
ഈ പ്രാപഞ്ചിക ദർശനം സമഷ്ടിയുടെ ആകാശത്തെ സൃഷ്ടിക്കുന്നു. അത് സൃഷ്ടിയുടെ രഹസ്യതലങ്ങളിലേക്ക് നിഗൂഢമായി ഇറങ്ങുന്നു. പുറപ്പെട്ടു പോയിടത്തു തന്നെ തിരിച്ചെത്തുന്ന ഈ ലോക ക്രമം ഒറ്റപ്പെടലിന്റെ ദുസ്സഹതയ്ക്കപ്പുറമുള്ള വിസ്മയ ശാലിനിയായ പ്രകൃതി പ്രതിഭാസത്തെ കാണിച്ചു തരുന്നു. കാർമേഘത്തിൽ ജലമെന്ന പോലെ താനുപേക്ഷിച്ച വീട് തന്നിൽ തന്നെയുണ്ട്. അതിന്റെ പാർപ്പ് തരുന്നത് അസ്വാസ്ഥ്യങ്ങൾക്കപ്പുറമുള്ള അഭയമാണ്. “വേരിനൊപ്പം ജലം തേടിപ്പോയ മണ്ണിരകൾ മഴത്തുളളിയുടെ ഫോസിൽ കണ്ടെടുക്കുക വഴി ജീവപരിണാമത്തിന്റേയും അതിന്റെ ഉത്ഭവത്തിന്റേയും പുരാതീനമായ ചരിത്രത്തേയും ഓർമ്മപ്പെടുത്തുകയാണ്. ജീവന്റെ തുടിപ്പുകൾ നടന്ന നനവുകളിലേക്കുള്ള വഴി തിരയുകയാണ്. മനുഷ്യവംശത്തിന്റെ തന്നെ വിസ്മയകരമായ ആ ചരിത്ര നാൾവഴികളെ അവതരിപ്പിച്ച് ഒപ്പം വന്നു ചേർന്നുപോകുന്ന ചില പാരിസ്ഥിതിക പ്രതിസന്ധികളുടെ ആശങ്കകളേയും കവി പങ്കുവെക്കുന്നു. ശുഷ്കമായ ജീവിത നിരാസത്തേയും നശ്വര ജീവിതത്തിന്റെ സങ്കീർത്തനങ്ങളേയും പറയുന്ന മതാചാരങ്ങൾപ്പുറമുള്ള ആത്മീയ നൈതിക പ്രതിസന്ധികളെ കവി അഭിവാദ്യം ചെയ്യുകയാണ്.
‘നോക്കി നിൽക്കേ ഉൾച്ചുഴലികൾ
അടിയിളക്കും ഭൂകമ്പങ്ങൾ
കാറ്റിന്റെ സീൽക്കാരങ്ങൾ
വൻമുഴക്കം
പിന്നെയുമൊരുതിര
പാറിവീഴുന്നൊരു തൂവൽ
ജീവന്റെ മർമ്മരം’
എത്ര അനായാസമായി കവിതയിൽ ജീവിത ദർശനങ്ങളെ അവതരിപ്പിക്കുന്നു. അത് തരുന്നത് വൈരാഗ്യമല്ല മറിച്ച് രാഗഭാവത്താൽ പുഷ്പിതമാക്കേണ്ട ഭൂമിയെന്ന നീലഗ്രഹത്തിന്റെ വാഴ്ത്തുകളാണ്.
കെ സജീവ് കുമാറിന്റെ കവിതകൾ പിറവിയെടുക്കുന്നത് അനുഭവങ്ങളിൽ നിന്നാണ് അല്ലെങ്കിൽ അതിന്റെ സൗന്ദര്യാവിഷ്ക്കാരങ്ങളാണ്. കേവലമായ സംഭവങ്ങളല്ല അവയുടെ നിദാനം. അനുഭവങ്ങൾ തന്നിലേൽപ്പിച്ച മുറിവുകളിൽ നിന്ന് കവിതയായി ഒലിച്ചിറങ്ങി, അപരന്റെ സങ്കടനിർഭരമായ വാക്കുകൾ കവിതയിലേക്ക് സ്വാനുഭവമായി സംക്രമിക്കുന്നു. ‘ഒരു മനുഷ്യനെ മനുഷ്യനെന്ന രീതിയിൽ ഒരിക്കലും പരിഗണിക്കുന്നില്ല. നക്ഷത്ര ധൂളിയിൽ നിന്നാണ് മഹത്തായ ഏതൊരു വസ്തുവും നിർമ്മിക്കപ്പെടുന്നത്. എന്റെ ജന്മം തന്നെയാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം’. 2016 ൽ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാർത്ഥി രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പിലെ രക്തം പുരണ്ട വാക്കുകളാണിത്. ഒരുവനെ അവനവനെത്തന്നെ അന്യമാക്കുന്ന അസാധാരണവും നിർദ്ദയവുമായ ലോകം. ‘പിന്നെ എങ്ങനെയാണ്
എന്റെ വാക്കുകൾ പച്ചപ്പുകളായി
ഭൂമി പുതയ്ക്കുന്നത്?
സ്വപ്നങ്ങൾ കാട്ടു പാതകൾ തെളിക്കുന്നത്’
നിസംഗതയോടെ ജീവിതത്തെ നോക്കിക്കാണുന്ന, ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടു പോകുന്ന മനുഷ്യരുടെ മഹാസങ്കടങ്ങൾക്ക് പാർപ്പൊരുക്കുകയാണ് കവി. പക്ഷം ചേർന്ന് ഭരണകൂടത്തെ സൃഷ്ടിച്ചെടുക്കാനുള്ള കക്ഷിരാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളൊരുക്കുകയല്ലിവിടെ. സ്വത്വബോധ്യങ്ങളെ അതേപടി അഭിവാദ്യം ചെയ്ത് മുന്നിൽ നിൽക്കുകയാണ്. അതുതന്നെയാണ് പുതു രാഷ്ട്രീയ ബദൽ എന്ന് കവി തീരുമാനിച്ചുറപ്പിക്കുന്നു.
വിയോജിക്കാനുള്ള അവകാശമാണ് യഥാർത്ഥ സ്വാതന്ത്യ്രമെന്ന് റോസാ ലക്സംബർഗ് ഒരിക്കലെഴുതിയിട്ടുണ്ട്. (അതിനായി പോരാടി മരിച്ചവരുമാണല്ലോ അവർ) നമ്മുടെ കലഹം രാഷ്ട്രത്തോടാണ്. ഭരണകൂടത്തോടാവാം, അല്ലെങ്കിൽ തന്നിലൂടെ നിർമ്മിക്കപ്പെട്ട ഭരണകൂട ഉപകരണങ്ങളോടാവാം. ഏതായാലും അത്തരം രാഷ്ട്രീയത്തെ നശിപ്പിച്ച് സാംസ്കാരികമായി ലോകത്തെ തന്നെ നവീകരിക്കുക എന്നുള്ളതാണല്ലോ കവിതയുടെ രാഷ്ട്രീയ ലക്ഷ്യം. ഇവിടെ രാഷ്ട്രം എന്ന സങ്കൽപ്പത്തെ തന്നെ അപ്രസക്തമാക്കുകയാണ്. മാവോയിസ്റ്റ് എന്ന കവിത അതാണ്. ഒരിക്കൽ മിസ്റ്റർ ഗാന്ധിക്ക് (ഗാന്ധിയെ അംബേദ്കർ മിസ്റ്റർ ഗാന്ധി എന്നാണ് അഭിസംബോധന ചെയ്തിരുന്നത്) മറുപടി കൊടുത്തത് നാം വായിച്ചറിഞ്ഞിട്ടുണ്ടല്ലോ. ചവുട്ടി നടക്കാൻ ഭൂമിപോലും നിഷേധിക്കപ്പെട്ടവന് എന്തു മാതൃരാജ്യം എന്തു രാഷ്ട്രം ‘അവൻ പാഞ്ഞുവരും കാടിന്റെ പച്ചപ്പിലൂടെ തലയുയർത്തി കൊമ്പുകുലുക്കി തുമ്പി ചുഴറ്റി ചിന്നം വിളിച്ച്’ അതിൽ തകർന്നു വീഴുന്നത് മിഥ്യാഭിമാനത്താൽ കെട്ടിപ്പൊക്കിയ രാജ്യങ്ങളും ഭരണസംവിധാനങ്ങളുമാണ്.
കെ സജീവ് കുമാറിന്റെ ആഖ്യാനരീതി ഇറവെള്ളത്തിൽ നിന്നും പെരിയാറിനെ സൃഷ്ടിക്കുമ്പോലെയാണ് (സച്ചിദാനന്ദന്റെ കവിതാവരി) മലമടക്കിലെ ചെരുവിൽ നിന്നും ആകാശപ്പരപ്പിലേക്ക് പടർന്നു കയറുകയാണ് പ്രകാശം. ആശയങ്ങളുടെ വിസരണത്തിലും പരിസരങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ ശേഖരിക്കുന്നു. ജോണിക്കുട്ടി സാറിന്റെ ഇംഗ്ലീഷ് ക്ലാസ് മുറി ഒരു നാടകശാലയായി മാറുന്നു. (പതിരാവണ്ടി കൂകി വന്നപ്പോൾ) വാക്കുകളെ ദൃശ്യവൽക്കരിക്കുന്ന സ്വാഭാവിക കവിതാ ടെക്നിക് മാത്രമല്ലിവിടെ. വായനക്കാർ പോലും വിഷാദഭരിതമായ രംഗവേദിയിലേക്ക് ആനയിക്കപ്പെടുന്ന റിയലിസത്തിന്റെ മാന്ത്രികത. പാൽവണ്ടിയും പത്രവും തിളക്കുന്ന ചായക്കടയും. തിളക്കുന്ന ചായക്കട എന്ന പ്രയോഗത്തിലൂടെ അവിടെ രൂപപ്പെടുന്നത് ഒരു രംഗവേദിയുടെ അതിസൂക്ഷ്മ ചലനങ്ങളാണ്. അരണ്ടവെളിച്ചവും അതിനുമുകളിൽ വിഭ്രമിപ്പിക്കുന്ന ചായക്കൂട്ടുകൾ നിറച്ച പ്രകാശവും. നിഴലായി പിന്നീട് സത്വര ചലനങ്ങളായും നിറയുന്നു. വിക്ടോറിയൻ കാലഘട്ടവും ഷേക്സ്പിയറും ഒഥല്ലോയും ഡസ്ഡിമോണയും സമകാലികവും ഏകകാലത്തിൽ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന (ജോണിക്കുട്ടി സാർ) പ്രതിനിർമ്മിതി. ഇപ്രകാരം കാലവും പരിസരവും സമൂഹവും വ്യവസ്ഥിതിയും വ്യക്തിയിൽ ഏൽപ്പിക്കുന്ന ആന്തരിക പ്രതിസന്ധികളെ അതിദീർഘമായി അവതരിപ്പിക്കുന്നു.
മാർത്താണ്ഡവർമ്മ എങ്ങനെ രക്ഷപെട്ടു എന്ന കവിതയും കവി പുനസൃഷ്ടിക്കുന്ന നാടകമാണ്. (ഇത് ആർ നരേന്ദ്രപ്രസാദിന്റെ നാടകമാണ്) ഈ കവിതയും നമുക്കു നൽകുന്നത് അശാന്തമായ, ഇരിപ്പുറയ്ക്കാത്ത ഭ്രാന്തന്റെ അസ്വസ്ഥതയാണ്. തുറസുകളിൽ നിന്നും കവിത അതാര്യമായ അബോധത്തിലേക്ക് കടക്കുകയാണ്. കവിതയിൽ നിന്നുയരുന്ന നേർത്ത ഗദ്ഗദം വായനക്കാരിലേക്ക് കരച്ചിലായി വിതുമ്പിയെത്തുകയാണ്. അങ്ങനെ കവിത മനുഷ്യവ്യക്തിത്വത്തിന്റെ വീണ്ടെടുപ്പായി മാറുന്നു.
മനുഷ്യവൽക്കരിക്കപ്പെട്ട ജീവിവർഗ്ഗത്തിന്റെ പ്രപഞ്ചവും അതുവഴി ഇതരജീവികളോട് നടത്തുന്ന ചൂഷണവും വരാനിരിക്കുന്ന വിനാശവും ഈ കവിക്ക് വിഷയമാണ്. നീതി നിരാസത്തിന്റെ പ്രതിഷേധവും ദയയും സഹാനുഭൂതിയും വെച്ചുനീട്ടി ചൂഷണത്തിനു വിധേയരാകുന്ന ദളിത് ജീവിതവും മർത്യതൃഷ്ണയുടെ ഒടുങ്ങാത്ത ആസക്തിയാൽ ദേഹം ചുളിഞ്ഞുപോയ കറുത്ത ഭൂമിയുടെ വ്യഥകളും ‘അതിർത്തിനോക്കാതെ വീശുന്ന കാറ്റിനൊപ്പം സഞ്ചരിച്ച്’ അവസാനമില്ലാത്ത പലായനത്തിലൂടെ ഒടുങ്ങുന്ന ജീവിത പ്രതിസന്ധികൾക്കൊപ്പം ഈ കവി നടക്കുകയാണ്. അറിയപ്പെടാത്ത ജീവി വർഗ്ഗത്തിന്റെ തേങ്ങലുകൾ തേടി, അവരുടെ അവസാനമോചനത്തിന്റെ പ്രാർത്ഥനയുമായി. അങ്ങനെ ദൈവമില്ലാത്തവരുടെ പ്രാർത്ഥനയായി ഇതിലെ കവിത മാറുന്നു.
മാര്‍ത്താണ്ഡവര്‍മ്മ എങ്ങനെ രക്ഷപ്പെട്ടു?
(കവിത)
കെ സജീവ് കുമാര്‍
ചിന്ത പബ്ലിഷേഴ്സ്
വില: 110 രൂപ