Site iconSite icon Janayugom Online

ഡോക്ടറില്‍ നിന്ന് എഴുത്തുകാരനിലേക്ക്

വിജനത വിരിച്ച പള്ളിമുറ്റത്തെ ശ്മശാനത്തിൽ ഗാൽവേ ഉൾക്കടലിൽ നിന്നും പടിഞ്ഞാറൻ കാറ്റ് ലളിതമായി വീശിക്കൊണ്ടിരുന്നു. ആ കാറ്റിൽ സമീപ പ്രദേശങ്ങളിലെ ഗ്രാമീണ വസതികളിൽ കത്തിച്ചിരുന്ന പീറ്റ് വിറകിന്റെ പുക രൂക്ഷഗന്ധത്തോടെ ലയിച്ചുചേർന്നിരുന്നു. അതാ ഒരു മൺകൂനയായി മാറിയ ശവകുടീരം. വളർന്നുനിന്നിരുന്ന പുല്ലുകൾക്കിടയിൽ ഒരു കാട്ടുറോസാച്ചെടിയും അതിൽ മൊട്ടിട്ട ഒരു വെളുത്ത പുഷ്പവും. പുല്ലുകൾ വകഞ്ഞുമാറ്റിയിട്ട് ആ മനുഷ്യൻ അങ്ങോട്ടു നോക്കി. ഒരു ചെറിയ മാർബിൾ ഫലകത്തിൽ ഒരു പേരു കൊത്തിവച്ചിരിക്കുന്നു. റോസ് ഡഞ്ചൻ. കൂടെ ജനനവും മരണവും അക്കങ്ങളിൽ.
ദുഃഖിതനായി, ഓർമകളുടെ പരിക്കേറ്റ് നിശ്ചലനാകുമ്പോൾ അദ്ദേഹം ഓർത്തുപോയി. ഇവിടെ അർച്ചിക്കാൻ തന്റെ കയ്യിൽ ഒരു കെെക്കുടന്ന പൂക്കൾപോലുമില്ലല്ലോ. പകരം രണ്ടിറ്റു കണ്ണീർ മാത്രം…

 

ആ ശ്മശാനത്തിന്റെ ഓരംപറ്റി നിതാന്ത നിദ്രയിൽ ഒതുങ്ങിക്കിടക്കുന്നത് റോസ്. റോസ് ഡഞ്ചൻ. കേവലം പതിനാല് വയസു മാത്രം ജീവിച്ച ആ ക്ഷീണമേറ്റ നിഷ്ക്കളങ്കയായ പെൺകുട്ടി. ഏതൊരു നിമിഷത്തിൽ വച്ചായിരിക്കാം തനിക്ക് ആ കുട്ടിയെ കാണേണ്ടി വന്നത്? പൊതു ടാപ്പിൽ നിന്നും വെള്ളമെടുത്തുകൊണ്ട് വീട്ടിലേക്കു വരികയായിരുന്നു അവൾ. ഒൻപത് മാസം മാത്രം പ്രായമുള്ള കുഞ്ഞനിയനെ കീറിയ ഒരു ഷാൾകൊണ്ട് ദേഹത്ത് കെട്ടിവരിഞ്ഞ് സുരക്ഷിതമാക്കിയിരിക്കുന്നു. മറ്റു മൂന്ന് കുട്ടികൾ അവളുടെ പാവാടയിൽ പിടിച്ചുതൂങ്ങി നടന്നിരുന്നു. അവളുടെ സഹോദരങ്ങൾ. ആ നാലുപേരുടെയും സംരക്ഷണം അവളിലായിരുന്നു. അമ്മ മരിച്ചുപോയിരുന്നു. പിതാവാണെങ്കിലോ കുടിയനും കുടുംബം നോക്കാത്തവനും. അവളുമായി സൗഹൃദം സ്ഥാപിച്ച ആ വ്യക്തിയോ? ഏറെ പേരുകേട്ട എഴുത്തുകാരനായ എ ജെ ക്രോണിനും അവളുടെ ജൻമദിനത്തിനു പുത്തൻ ഷൂസും ഡ്രെസും സമ്മാനിച്ചുകൊണ്ടായിരുന്നു ആ സൗഹൃദം വളർന്നത്.

പക്ഷേ, അവൾ ആ സമ്മാനങ്ങൾ തന്റെ കെെക്കുഞ്ഞായിരുന്ന മെെക്കിളിനു പാലും ബിസ്ക്കറ്റും വാങ്ങിക്കൊടുക്കാൻ പണയംവച്ചു എന്നറിഞ്ഞതോടെ ക്രോണിന്റെ കണ്ണുകൾ കണ്ണീരുകൊണ്ട് അന്ധമായിത്തീർന്നുവോ, ഗദ്ഗദങ്ങളാൽ ഒച്ച വരാതായോ?
ദിനരാത്രങ്ങളുടെ ധൃതികൂട്ടലിൽ മെെക്കിളിനെ വളർത്താൽ ഏല്പിച്ച വീട്ടിലേക്ക് റോസ് ഒരു സന്ദർശം നടത്തി. അവനു വയ്യ. ക്രോണിനാണ് അതറിയിച്ചതും. അവന് കടുത്ത ന്യുമോണിയ. അവളുടെ ശുശ്രൂഷയില്ലാതെ ആ കുഞ്ഞ് രക്ഷപ്പെടില്ല. ഒടുവിൽ കുഞ്ഞനിയൻ രക്ഷപ്പെടുകയും അവൾ ന്യുമോണിയ ഏറ്റുവാങ്ങി മരിക്കുകയും ചെയ്തു. അത്യന്തം ശോകപൂർണവും നിതാന്ത ക്ലേശസംഹിതയുമായ ഒരു കഥയായിരുന്നു- ആൻ ഐറിഷ് റോസ് എന്ന പേരിൽ തന്റെ അനുഭവസമഗ്രതയിൽ നിന്നും ക്രോണിൻ അക്ഷര സഹസ്രങ്ങളാക്കിയത്.

അങ്ങനെയങ്ങനെ മനുഷ്യസ്നേഹത്തിന്റെയും ആർദ്രതയുടെയും കണ്ണീർപ്പാടുകളുടെയും എത്രയോ രചനകൾ ആ എഴുത്തുകാരനിൽ നിന്നും ഉറവയെടുത്ത് പരന്നൊഴുകി, ഒരരുവിയായി മാറിക്കൊണ്ടിരുന്നു. ‘ടൂ ജന്റിൽമാൻ ഓഫ് വറോണ.’ വറോണയുടെ രണ്ടു മാന്യൻമാർ എന്ന കഥയോ? വറോണയിലെ ജന്റിൽമാൻമാർ അല്ല, വറോണയുടെ രണ്ടു ജന്റിൽമാൻമാരാണ്. അവിടെ ജക്കോപ്പയും, നിക്കോളയും എന്ന രണ്ടു കൗമാരക്കാർ പകലിന്റെ ചൂടിലും രാത്രിയുടെ തണുപ്പിലും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്. ക്രോണിന്, അവർ പണിത്തിരക്കിൽ ആമഗ്നരായിരിക്കുമ്പോൾ കണ്ടുമുട്ടേണ്ടിവന്ന ആ ഒരു സന്ദർഭത്തിൽ നിന്നായിരുന്നു അവരുമായിട്ടുള്ള ചങ്ങാത്തത്തിന്റെ തുടർച്ച. ആരോടും ഒന്നും തുറന്നുപറയാതെ, മറ്റൊരു പരിഭവവുമേന്താതെ പണിയെടുത്തു കാശുണ്ടാക്കി, നട്ടെല്ലിനു ക്ഷയം ബാധിച്ചുകിടക്കുന്ന മൂത്ത സഹോദരി ലൂസിയയെ, അവളുടെ ജീവൻമരണ പോരാട്ടത്തിൽ സഹായിക്കുകയാണ്. മാനുഷികമായ ആർദ്രതയുടെയും ഇറ്റിറ്റുവീഴുന്ന കാരുണികമായ ആശ്വാസത്തിന്റെയും തിരുസന്നിധിയിൽ നിന്നുകൊണ്ടാണല്ലോ ക്രോണിൻ വെറോണയിൽ താൻ കണ്ടുമുട്ടിയതും, അനുഭവിച്ചതുമായ, ആ വെറോണയിലെ രണ്ടേ രണ്ട് മാന്യ ഹൃദയങ്ങളെ തന്റെ അക്ഷരക്കൂട്ടങ്ങളിലേക്ക് ഹൃദയവേപഥു കഥയാക്കി ലോകത്തിനു വായിക്കാനും അവരിൽ കണ്ണീർ ബാക്കിയുണ്ടെങ്കിൽ പൊഴിക്കാനും അവസരം കൊടുത്തത്.

കഥാകൃത്താകാൻ വേണ്ടിയല്ല ക്രോണിൻ ജനിച്ചത് ഒരു വെെദ്യനാകാനായിരുന്നു. 1896ൽ സ്ക്കോട്ട് ലന്റിൽ ജനിച്ച, മാതാപിതാക്കളുടെ ഒരേയൊരു പുത്രൻ മെഡിസിൻ കഴിഞ്ഞ് ഗ്രാമഗ്രാമാന്തരങ്ങളിൽ ജോലി നോക്കുകയായിരുന്നു. രോഗികളും ആകുലരുമായ ആളുകളുമായി അടുപ്പങ്ങളും സംവദിക്കലുകളും പീഡിതരുടെയും ദുഃഖിതരുടെയും ജീവിതങ്ങൾ ആ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചിരിക്കണം.
തന്റെ മുപ്പത്തിനാലാമത്തെ വയസിൽ ആ ഡോക്ടറിനു ഒരു വല്ലാത്ത രോഗത്തിനു കീഴ്പ്പെടേണ്ടി വന്നു. ആ ദിനരാത്രങ്ങളിൽ തന്റെ കാഴ്ചകളും കാഴ്ചപ്പാടുകളും ആകെ തകിടംമറിയുകയായിരുന്നു. വിശ്രമവേളകളിൽ എന്തൊക്കെയോ കുത്തിക്കുറിക്കാൻ തുടങ്ങി. അങ്ങനെ ആദ്യ നോവൽ വന്നു, ഹാറ്റേഴ്സ് കാസിൽ. അത് പ്രസിദ്ധീകരിച്ചതോടെ നോവലിസ്റ്റ് ശ്രദ്ധേയനായി. രോഗവിമുക്തനായ ക്രോണിന്റെ സഞ്ചാരം പിന്നെ എഴുത്തിലൂടെയായിരുന്നു. മനുഷ്യനന്മകളെയും ജീവിതസുകൃതങ്ങളെയും കോർത്തിണക്കി എത്രയെത്ര രചനകൾ.

ദ കീസ് ഓഫ് ദി കിങ്ഡം, ദ സ്റ്റാർസ് ലുക്ക് ഡൗൺ, ആത്മകഥാപരമായ അഡ്വഞ്ചേഴ്സ് ഇൻ ടു വേൾഡ്സ് അങ്ങനെയങ്ങനെ പലതും. എഴുതിയെഴുതി അങ്ങനെ കഴിഞ്ഞുകൂടുന്നതിനിടയിൽ പ്രാപഞ്ചിക ദൗത്യത്തിനെന്നവണ്ണം- നിയന്താവ് അങ്ങനെ ഒരനുഭവം അദ്ദേഹത്തിനു വഴിയൊരുക്കിക്കൊടുത്തതായിരിക്കണം. ഒരു ഖനിക്കമ്പനിക്കു വേണ്ടി ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടയിലായിരുന്നു അത്. വിശ്രമം എന്തെന്നറിയാതെ ഒരു നഴ്‌സ് — ഓൾ വെൻ ഡേവിഡ്- ഒരാശുപത്രിയിൽ ജോലി നോക്കുകയായിരുന്നു. വളരെ ചെറിയ ഒരു തുകയായിരുന്നു ആ സ്ത്രീക്ക് ശമ്പളമായി കിട്ടിക്കൊണ്ടിരുന്നത്. ആ സ്ത്രീ എന്തുകൊണ്ടാണ് ശമ്പളം കൂട്ടിച്ചോദിക്കാത്തതെന്ന് ഒരു ദിനം ക്രോണിന്‍ അവരോട് ചോദിച്ചു. ജീവിച്ചുപോകാൻ അതു പോരല്ലോ.

ഓൾവൻ ഒന്നു ചിരിക്കുക മാത്രം ചെയ്തു. തനിക്കതൊക്കെ മതി എന്നു മറുപടി പറയുകയും ചെയ്തു. ഡോക്ടർ സമ്മതിച്ചില്ല. അധികാരികളോട് പറയണം ആഴ്ചയിൽ ഒരു പൗണ്ടെങ്കിലും അധികം കിട്ടേണ്ടിയിരിക്കുന്നു. അത് സിസ്റ്ററിനു അവകാശപ്പെട്ടതാണ്. അങ്ങനെയൊന്നുമില്ല ഡോക്ടർ എന്ന് ഓൾവെൻ. താൻ അതർഹിക്കുന്നുവെന്ന് ദെെവമറിഞ്ഞാൽ മതി. അതേ തനിക്കാവശ്യമുള്ളു.
തൃപ്തിയോടെ ആ സ്ത്രീ അങ്ങനെ പറഞ്ഞപ്പോൾ ക്രോണിൻ നിശബ്ദനായിപ്പോയി. സേവനത്തെ ഏറ്റവും വലിയ ശമ്പളമായി ആത്മാവിൽ കൊണ്ടുനടക്കുമ്പോൾ പണവും പ്രതാപവും കണക്കുപറച്ചിലും വെറും വെറുതെ. സേവനമാണ് സമർപ്പണത്തിന്റെ സർവവും. ക്രോണിന് താൻ ചെയ്യുന്ന വെെദ്യശുശ്രൂഷയിൽ ഒന്നുകൂടി താല്പര്യം ജനിക്കാൻ ആ നഴ്‌സ് കാരണമാവുകയായിരുന്നു. പിന്നെ എഴുത്തിലും.

Exit mobile version