ഒന്ന്
ചുംബിച്ചിടാനായ്
ചുണ്ടുകൾ നീട്ടവെ
മിന്നലെടുത്തു പോയ്
നിന്റെ കവിൾത്തടം
രണ്ട്
ഈ മുഖത്ത്
എപ്പോഴും വീഴണമായിരിക്കും
ഒരു ഉരുക്കുമുദ്ര
നിരസിക്കപ്പെട്ട്
തിരിച്ചയക്കപ്പെടുന്ന കവിത പോലെ
മൂന്ന്
കെട്ടിവലിച്ചു പായുന്നു കാറ്റ്
ഒട്ടഹങ്കരിച്ച അരയാൽ മരത്തെ
കണ്ടു നിന്നു ചിരിക്കുന്നു പുൽക്കൊടി
കാണാത്ത മാതിരി
കുന്നിന്റെയുച്ചിയിൽ
നാല്
അപകടത്തിൽപ്പെട്ട്
മരിച്ചവരുടെ
കണക്കെടുക്കുകയായിരുന്നു ഞാൻ
16 ഹിന്ദുക്കൾ
10 മുസ്ലിങ്ങൾ
അഞ്ച് ക്രിസ്ത്യാനികൾ
കൂട്ടത്തിൽ എന്റെ മതത്തിൽ പെട്ടവരാരുമില്ല
ഹാവൂ…
അഞ്ച്
നിവർന്നു നിന്ന്
ആകാശത്തെ തൊടാൻ വെമ്പും
ഒരു പുഴയുടെ കൊതിയാണ്
ഓരോ പർവതവുമായത്